‘പരീക്ഷ എഴുതാതെ തന്നെ വിജയം’: ഓം ബിർലയുടെ മകൾക്കെതിരെ ധ്രുവ് റാഠിയുടെ പേരിൽ പോസ്റ്റ്; കേസെടുത്തു
Mail This Article
മുംബൈ∙ ലോക്സഭ സ്പീക്കറുടെ മകളെ അപമാനിച്ചെന്ന പരാതിയിൽ സമൂഹമാധ്യമ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബർ പൊലീസ്. ധ്രുവ് റാഠിയുടെ പേരിലുള്ള വ്യാജ എക്സ് അക്കൗണ്ടിലാണ് സ്പീക്കർ ഓം ബിർലയുടെ മകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. അതേസമയം പോസ്റ്റുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ പേരിൽ ആരോ സൃഷ്ടിച്ച വ്യാജ അക്കൗണ്ടിലാണ് ആരോപണവിധേയമായ പോസ്റ്റ് വന്നതെന്നും ധ്രുവ് റാഠി പ്രതികരിച്ചു.
ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ മകൾ യുപിഎസ്‌സി പരീക്ഷയ്ക്ക് ഹാജരാകാതെ തന്നെ പരീക്ഷയിൽ വിജയിച്ചു എന്നായിരുന്നു ധ്രുവ് റാഠി പാരഡി എന്ന എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റ്. പരാതി ഉയർന്നതോടെ ഈ അക്കൗണ്ടിൽനിന്ന് പോസ്റ്റ് നീക്കം ചെയ്ത് വ്യാജൻ മാപ്പപേക്ഷിച്ചിട്ടുമുണ്ട്.
‘‘പരീക്ഷയ്ക്ക് ഹാജരാകാതെ വിജയിക്കാൻ കഴിയുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. പക്ഷേ, അതിനു ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ മകളായി ജനിക്കണം. ഓം ബിർലയുടെ മകൾ പരീക്ഷ എഴുതാതെയാണ് പാസായത്. മോദി സർക്കാർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിക്കുകയാണ്’’– എന്നായിരുന്നു പോസ്റ്റ്.
ഓം ബിർലയുടെ മകൾ ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായിരുന്നു. 2019ലെ സിവിൽ സർവീസ് പരീക്ഷയുടെ മെറിറ്റ് ലിസ്റ്റിലും പേരുണ്ടായിരുന്നു. ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിലാണ് ജോലി ചെയ്യുന്നത്. ഓം ബിർലയുടെ ബന്ധുവിന്റെ പരാതിയിലാണ് കേസെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനെന്ന നിലയിൽ ബിജെപിയുടെ കണ്ണിലെ കരടാണ് ധ്രുവ് റാഠി. ലക്ഷക്കണക്കിന് പേരാണ് ധ്രുവ് റാഠിയുടെ വിഡിയോകൾ കാണുന്നത്.