ADVERTISEMENT

തിരുവനന്തപുരം∙ ജല അതോറിറ്റിയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം അടക്കമുള്ള മേഖലകളിലേക്കു കടക്കുമെന്നു മന്ത്രി റോഷി അഗസ്റ്റിന്‍. ആലപ്പുഴ എംഎല്‍എ പി.പി. ചിത്തരഞ്ജന്റെ ഉപചോദ്യത്തിനുള്ള മറുപടിയായാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വാട്ടര്‍ അതോറിറ്റിയുടെ പക്കലുള്ള അതിഥി മന്ദിരങ്ങള്‍ പുതുക്കി പണിയുകയും നിലവില്‍ അതിഥി മന്ദിരങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ പുതിയതു നിര്‍മിക്കുകയും ചെയ്യും. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തു താമസിക്കാവുന്ന തരത്തിലാകും ക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. 

ജല അതോറിറ്റിയുടെ ശുദ്ധീകരണശാലകളും ജലസംഭരണികളും സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ സ്ഥലങ്ങളില്‍ അടിസ്ഥാന സൗകര്യമൊരുക്കി വിനോദ സഞ്ചാരത്തിന് ഉതകംവിധം വികസിപ്പിക്കും. വാട്ടര്‍ അതോറിറ്റിയുടെ സ്ഥലങ്ങളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ അറിവും ആഘോഷവും സമന്വയിപ്പിച്ചുള്ള ഇന്‍ഫോടെയിന്‍മെന്റ് കേന്ദ്രങ്ങള്‍ ഒരുക്കുന്ന നടപടികള്‍ക്കു തുടക്കം കുറിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്ത് മ്യൂസിയം ജംക്‌ഷനില്‍ ക്യാപ്റ്റന്‍ ലക്ഷ്മി പാര്‍ക്കിനു സമീപം കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹായത്തോടെ ഇന്‍ഫോടെയ്‌ന്‍മെന്റ് പാര്‍ക്ക് സ്ഥാപിക്കാനാണു തീരുമാനം. 

കണ്‍വന്‍ഷന്‍ സെന്ററുകളും വാണിജ്യ കേന്ദ്രങ്ങളും നിര്‍മിച്ചു വാടകയ്ക്കു നല്‍കി വരുമാനം വര്‍ധിപ്പിക്കുന്നതും പരിശോധിച്ചു വരികയാണ്. തിരുവനന്തപുരം വെള്ളയമ്പലത്തുള്ള 90 വര്‍ഷം പഴക്കമുള്ള വാട്ടര്‍ അതോറിറ്റിയുടെ ആസ്ഥാന മന്ദിരത്തില്‍ വാട്ടര്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കു തുടക്കം കുറിച്ചതായും മന്ത്രി അറിയിച്ചു. 

പുരാതന കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തിയാകും മ്യൂസിയം ഒരുക്കുക. ആധുനിക സാങ്കേതികവിദ്യയുടെ സാഹയത്തോടെ ചരിത്രം, ജലശുദ്ധീകരണത്തിന്റെ പ്രാധാന്യം, സാങ്കേതിക ഘടങ്ങളുടെ പ്രോട്ടോടൈപ്പ് എന്നിവ സംയോജിപ്പിച്ച് ആറു ഗാലറികളിലായി തയാറാക്കുന്ന മ്യൂസിയത്തില്‍ വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കുന്ന രീതിയിലാണു വിഭാവം ചെയ്യുകക, അതോറിറ്റിയുടെ നിലവിലുള്ള പരിശീലന കേന്ദ്രങ്ങളില്‍ പ്ലമിങ്, ജലശുദ്ധീകരണം തുടങ്ങിയ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, ശേഷി വികസന പരിശീലനം തുടങ്ങിയവ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary:

Roshy Augustine said water authority will enter into sectors including tourism to increase income

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com