ജാർഖണ്ഡിൽ 56 പേരുടെ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ജെഎംഎം; ഹേമന്ത് സോറൻ ബർഹൈതിൽ മത്സരിക്കും
Mail This Article
റാഞ്ചി∙ ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി ജാർഖണ്ഡ് മുക്തി മോർച്ച. രണ്ട് ഘട്ടങ്ങളിലായി 56 പേരുടെ പട്ടികയാണ് ജെഎംഎം ബുധനാഴ്ച പുറത്തുവിട്ടത്. രാവിലെ പുറത്തിറക്കിയ 35 പേരുടെ ആദ്യഘട്ട സ്ഥാനാർഥിപ്പട്ടികയിൽ മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപന സോറൻ എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. 21 പേരാണ് രണ്ടാംഘട്ട പട്ടികയിൽ ഉള്ളത്.
സാഹിബ്ഗഞ്ച് ജില്ലയിലെ ബർഹൈത് മണ്ഡലത്തിൽ നിന്നാണ് ഹേമന്ത് സോറൻ മത്സരിക്കുക. ഗിരിദിഹിലെ ഗാണ്ടേ മണ്ഡലത്തിൽ കൽപ്പനയും സ്ഥാനാർഥിയാകും. ധുംക മണ്ഡലത്തിൽ ഹേമന്ത് സോറന്റെ സഹോദരൻ ബസന്ത് സോറനാണ് സ്ഥാനാർഥി.
രണ്ടാംഘട്ട പട്ടികയിൽ രാജ്യസഭ എംപി മഹുവ മാജിയും ഇടംപിടിച്ചു. റാഞ്ചിയിലാണ് മഹുവ മത്സരിക്കുക. 2022ലാണ് മഹുവ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. 2014ലും 2019ലും റാഞ്ചിയിൽ മത്സരിച്ച് മഹുവ പരാജയപ്പെട്ടിരുന്നു. ജെഎംഎം വനിതാ വിഭാഗത്തിന്റെ മുൻ പ്രസിഡന്റു കൂടിയാണ് മഹുവ.
81 നിയമസഭാ മണ്ഡലങ്ങളുള്ള ജാർഖണ്ഡിൽ 70 സീറ്റിലും കോൺഗ്രസും ജെഎംഎമ്മും മത്സരിക്കാനാണ് ധാരണ. ബാക്കി 11 സീറ്റുകൾ ഇന്ത്യ മുന്നണിയിലെ മറ്റ് സഖ്യകക്ഷികൾക്ക് വീതിച്ചു നൽകും. ആർജെഡിയും ഇടതുപാർട്ടികളും ഇതിൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. നേരത്തെ കോൺഗ്രസ് 21 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. ധനമന്ത്രി രാമേശ്വർ ഒറോൺ ലോഹർദാഗിൽനിന്നും മുതിർന്ന കോൺഗ്രസ് നേതാവ് അജോയ് കുമാർ ജംഷഡ്പുർ ഈസ്റ്റിൽനിന്നുമാണ് മത്സരിക്കുക.