പാഴ്വസ്തുക്കൾ കത്തിച്ചു, ദൂരക്കാഴ്ച തടസ്സം: ചെന്നൈ വിമാനത്താവളത്തിൽ 3 വിമാനങ്ങൾ റദ്ദാക്കി

Mail This Article
ചെന്നൈ ∙ പൊങ്കലിനോട് അനുബന്ധിച്ച് പഴയ വസ്ത്രങ്ങളും ടയറുകളും അടക്കമുള്ള പാഴ്വസ്തുക്കൾ കത്തിച്ചതു കാരണം രാവിലെ ഡൽഹിയിൽ നിന്നും ബെംഗളൂരുവിൽ നിന്നുമുള്ള മൂന്ന് ഇൻഡിഗോ വിമാനങ്ങളുടെ വരവ് ചെന്നൈ വിമാനത്താവളം റദ്ദാക്കി. 30 വിമാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതു കൂടാതെയാണ് 3 വിമാനങ്ങൾ റദ്ദാക്കിയത്. ദുബായ്, അബുദാബി, ദോഹ, മസ്‌കത്ത്, കുവൈത്ത്, സിംഗപ്പുർ, ക്വാലാലംപുർ, ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ആൻഡമാൻ, ഗോവ, പുണെ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകളുടെ സമയക്രമത്തിലാണ് മാറ്റം വന്നത്.
പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി പാഴ്വസ്തുക്കൾ കത്തിച്ചത് ദൂരക്കാഴ്ചകൾക്ക് തടസമാകും എന്നതിനാലാണ് നടപടി. ഇത് വിമാനങ്ങളുടെ പ്രവർത്തനങ്ങൾ ദുഷ്കരവും അപകടകരവുമാകാൻ ഇടയാക്കിയതായി വിമാനത്താവള അധികൃതർ പറഞ്ഞു. വിമാന സമയക്രമത്തിലെ മാറ്റങ്ങളെ കുറിച്ച് യാത്രക്കാരെ ഫോൺ സന്ദേശങ്ങളിലൂടെ അറിയിച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥർ, പുക രൂക്ഷമായാൽ ചെന്നൈയിലേക്ക് വരുന്ന വിമാനങ്ങളെ തിരിച്ചുവിടാനുള്ള തയാറെടുപ്പിലാണ്.
എല്ലാ വർഷവും പൊങ്കൽ ഉത്സവ വേളയിൽ ചെന്നൈ വിമാനത്താവത്തിൽ തടസങ്ങൾ നേരിടാറുണ്ട്. 2018ൽ 118 വിമാനങ്ങളുടെ സമയക്രമം താളം തെറ്റിച്ചത് പുകയായിരുന്നു. ഈ വർഷം, വിമാന കമ്പനികൾ പൊങ്കൽ നാളിലെ മോശം ദൃശ്യപരത കണക്കിലെടുത്ത് അതിരാവിലെയുള്ള വിമാനങ്ങളുടെ ഷെഡ്യൂളുകൾ നേരത്തെ പുനക്രമീകരിച്ചിരുന്നു.