മുകേഷ് ‘നിയമപരമായി രാജിവയ്ക്കേണ്ട’ എന്ന് വനിതാ കമ്മിഷൻ അധ്യക്ഷ; വേവലാതി വേണ്ടെന്ന് പി.കെ.ശ്രീമതി

Mail This Article
തിരുവനന്തപുരം ∙ ധാര്‍മികമായി രാജിവയ്ക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്‌ക്കേണ്ടതില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി. ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചതിനു പിന്നാലെ എം. മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിച്ച സാഹചര്യത്തിലാണ് വനിത കമ്മിഷൻ അധ്യക്ഷയുടെ പ്രതികരണം. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷിച്ചാലേ ജനപ്രതിനിധി രാജിവയ്‌ക്കേണ്ടതുള്ളൂ എന്നും സതീദേവി പറഞ്ഞു.
മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെ എന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വേവലാതി വേണ്ടെന്നും പി.കെ. ശ്രീമതിയും പറഞ്ഞു. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരയ്ക്കൊപ്പം നിൽക്കുമെന്നും പി.കെ. ശ്രീമതി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്ക്കെതിരായ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുകേഷിനെതിരായ ഡിജിറ്റല്‍, സാഹചര്യ തെളിവുകള്‍ അടങ്ങുന്നതാണ് കുറ്റപത്രം. പരാതിക്കാരിയുമായി മുകേഷ് നടത്തിയ വാട്‌സാപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും തെളിവുകളായിട്ടുണ്ട്.