ADVERTISEMENT

തിരുവനന്തപുരം ∙ ഇനി പരീക്ഷക്കാലം. സ്കൂളുകളിലും വിദ്യാഭ്യാസ വകുപ്പിലും പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. 16 ലക്ഷത്തിലേറെ വിദ്യാർഥികൾ പരീക്ഷയ്ക്കൊരുങ്ങുന്നു. മാര്‍ച്ച് 3 മുതല്‍ 26 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. ഹയർ സെക്കൻഡറി പരീക്ഷയും മാർച്ച് മൂന്നിനു തുടങ്ങും. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കായി വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി പൊതുവിഭ്യാഭ്യാസ ഡയറക്ടര്‍ എസ്.ഷാനവാസ് പറഞ്ഞു. എസ്എസ്എൽസി പരീക്ഷയ്ക്കുള്ള റജിസ്‌ട്രേഷന് ഡിസംബര്‍ 17ന് ആരംഭിച്ച് ജനുവരി 1 വരെയാണ് സമയം നല്‍കിയിരുന്നത്.

എസ്എസ്എൽസിക്ക് നാലു ലക്ഷത്തിലേറെ പേർ

കേരളത്തില്‍ ആകെ 2964 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 4,25,861 കുട്ടികളാണ് ഇക്കുറി കേരളത്തില്‍നിന്ന് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഗള്‍ഫിലുള്ള ഏഴു പരീക്ഷാകേന്ദ്രങ്ങളില്‍ 682 കുട്ടികളും ലക്ഷദ്വീപില്‍ 9 പരീക്ഷാകേന്ദ്രങ്ങളിലായി 447 കുട്ടികളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷകളുടെ ഹാള്‍ ടിക്കറ്റ് വിതരണം ആരംഭിച്ചു. ഐടി പ്രക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1 മുതല്‍ 14 വരെയാണ് നടക്കുന്നത്. മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് നടത്തുന്നത്.

2964 സെന്ററുകളില്‍ പരീക്ഷ നടത്താന്‍ 26,382 അധ്യാപകരെയാണ് ഇൻവിജിലേറ്റര്‍മാരായി നിയോഗിച്ചിരിക്കുന്നത്. പരീക്ഷ കഴിഞ്ഞ് ഉടന്‍ മൂല്യനിര്‍ണയം നടത്താനുള്ള നടപടികളും ആരംഭിക്കും. ഏപ്രില്‍ മൂന്നിന് ആരംഭിച്ച് 26ന് അവസാനിക്കുന്ന തരത്തില്‍ 72 ക്യാംപുകളിലായി 9,000 ത്തോളം അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി നിയോഗിക്കുക. മേയ് മൂന്നാം വാരം തന്നെ ഫലപ്രഖ്യാപനം നടത്തുന്ന രീതിയിലാണ് ഒരുക്കങ്ങള്‍ നടക്കുന്നതെന്നും എസ്.ഷാനവാസ് പറഞ്ഞു.

ഹയർസെക്കൻഡറിക്ക് 11 ലക്ഷം പേർ

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയാണ്. ഇതിനൊപ്പം ഇംപ്രൂവ്‌മെന്റ് പരീക്ഷയും നടക്കും. രണ്ടാം വര്‍ഷ പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയാണ് നടക്കുക. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 22ന് ആരംഭിച്ചു കഴിഞ്ഞു. മാതൃകാപരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയാണ് നടത്തുന്നത്. ഒന്നാം വര്‍ഷത്തില്‍ 3,88,758 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. 2,75,173 കുട്ടികള്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതുന്നുണ്ട്. രണ്ടാം വര്‍ഷത്തില്‍ 4,45,478 കുട്ടികളും പരീക്ഷയ്ക്കായി തയാറെടുക്കുന്നുണ്ട്.

ആകെ 11,90,409 കുട്ടികളാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്. 1,999 കേന്ദ്രങ്ങളാണ് കേരളത്തിലും ഗള്‍ഫിലും മറ്റുമായി സജ്ജമാക്കിയിരിക്കുന്നത്. ഗള്‍ഫിലേക്ക് അധ്യാപകരെ നിയോഗിച്ച് ചോദ്യക്കടലാസുകള്‍ സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചാണ് അവിടെ പരീക്ഷ നടത്തുന്നതെന്നും എസ്.ഷാനവാസ് പറഞ്ഞു. എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് വിതരണം എല്ലാ വിദ്യാഭ്യാസ ഓഫിസുകളിലും പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിനും മൂല്യനിര്‍ണയത്തിനുമായി 24,000ത്തോളം അധ്യാപകരെയാണ് നിയോഗിച്ചിരിക്കുന്നത്.

കംപ്യൂട്ടർ പരീക്ഷയിൽ മാറ്റം

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടത്തുന്നത്. ഇംഗ്ലിഷ്, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ എഴുത്തുപരീക്ഷയുടെയും തുടര്‍ മൂല്യനിര്‍ണയത്തിന്റെയും സ്‌കോര്‍ 80:20 ഉം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഒഴികെയുള്ള മറ്റു വിഷയങ്ങളുടേത് 40:10 ഉം ആയിരിക്കും. ഐടി വിഷയത്തിന് 50 സ്‌കോറിന്റെ പരീക്ഷയാണ് നടത്തുന്നത്. തിയറി പരീക്ഷ എഴുത്തുപരീക്ഷയില്‍നിന്നു മാറ്റി പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കംപ്യൂട്ടറിലാണ് നടത്തുന്നത്. ഐടി പരീക്ഷയുടെ തുടര്‍മൂല്യനിര്‍ണയം, തിയറി പരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ സ്‌കോര്‍ ക്രമം 10:10:30 ആയിരിക്കും. 80 സ്‌കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും 40 സ്‌കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമാണ് പരീക്ഷാ സമയം. സ്‌കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സ്‌കോര്‍ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. ഗ്രേഡിങ് 9 പോയിന്റ് സ്‌കെയിലില്‍ ആണ് നടപ്പിലാക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അര്‍ഹത നേടുന്നതിന് ഓരോ പേപ്പറിനും തുടര്‍മൂല്യ നിര്‍ണയത്തിന്റെ സ്‌കോറും എഴുത്തുപരീക്ഷയുടെ സ്‌കോറും തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുടെ സ്‌കോറും ചേര്‍ത്ത് കണക്കാക്കുമ്പോള്‍ ഡി+ ഗ്രേഡ് (30-39%) എങ്കിലും നേടിയിരിക്കണം.

Grading-scale-info-card-1

ഹയർ സെക്കൻഡറി സ്കോറിങ് ഇങ്ങനെ

ഹയര്‍സെക്കന്‍ഡറിയില്‍ ഓരോ വിഷയത്തിനും ഒന്നാം വര്‍ഷത്തിലേതും രണ്ടാം വര്‍ഷത്തിലേതും ചേര്‍ത്ത് പരമാവധി സ്‌കോര്‍ 200 ആണ്. ഒന്നും രണ്ടും വര്‍ഷത്തെ മൊത്തം സ്‌കോര്‍ കണക്കിലെടുത്തായിരിക്കും വിദ്യാര്‍ഥിക്ക് ഓരോ വിഷയത്തിനും ലഭിക്കേണ്ട ഗ്രേഡ് നിര്‍ണയിക്കുക. ഉന്നതപഠനത്തിന് യോഗ്യത നേടാന്‍ എല്ലാ വിഷയത്തിനും ഡി പ്ലസ് ലഭിക്കണം. ഓരോ വിഷയത്തിനും ഡി പ്ലസ് ഗ്രേഡ് ലഭിക്കാന്‍ രണ്ടു വര്‍ഷങ്ങളുടെയും മൊത്തം സ്‌കോറിന്റെ 30 ശതമാനം നേടിയിരിക്കണം. ഇതിനു പുറമേ തിയറിക്കു മാത്രമാണ് രണ്ടു വര്‍ഷങ്ങളുടേയും കൂടി 30 ശതമാനം സ്‌കോറും നേടണം. അതായത് പ്രായോഗിക മൂല്യനിര്‍ണയമുള്ള വിഷയങ്ങള്‍ക്ക് 36 സ്‌കോറും പ്രായോഗിക മൂല്യനിര്‍ണയമുള്ള വിഷയങ്ങള്‍ക്ക് 48 സ്‌കോറും തിയറിക്കു മാത്രമായി നേടിയിരിക്കണം. മ്യൂസിക്കിന് ഡി പ്ലസ് ഗ്രേഡ് ലഭിക്കാന്‍ തിയറിക്കും പ്രയോഗിക മൂല്യനിര്‍ണയത്തിനും പ്രത്യേകമായി 30 ശതമാനം സ്‌കോര്‍ (24 സ്‌കോര്‍ വീതം) ലഭിക്കണം.

English Summary:

Kerala SSLC & Higher Secondary Exam 2025: Everything You Need to Know

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com