മോട്ടർ ഓൺ ചെയ്തിട്ടും വെള്ളമില്ല, നോക്കിയപ്പോൾ കിണറ്റിൽ പുള്ളിപ്പുലി; 4 മണിക്കൂർ ദൗത്യം– വിഡിയോ

Mail This Article
നെന്മാറ ∙ നെല്ലിയാമ്പതി പുലയമ്പാറയിൽ കിണറ്റിൽ വീണ പുലിയെ നാലു മണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചു. കൂട്ടിലാക്കിയ പുലിയെ പുലർച്ചെയോടെ പറമ്പിക്കുളം കടുവാസങ്കേതത്തിൽ തുറന്നുവിട്ടു. വനംവകുപ്പിലെ ഡോക്ടർ പരിശോധിച്ചപ്പോൾ പുലി ആരോഗ്യവാനാണെന്നു കണ്ടെത്തിയതോടെയാണു തൃശൂരിൽ കൊണ്ടുപോകാതിരുന്നത്.
ഇന്നലെ വൈകിട്ട് 6നാണ് ആന്റപ്പന്റെ വീട്ടിലെ കിണറ്റിൽ അവശനിലയിൽ പുള്ളിപ്പുലിയെ കണ്ടത്. വീട്ടിലെ മോട്ടർ ഓൺ ചെയ്തിട്ടും വെള്ളം വരാതായതോടെ ആന്റപ്പന്റെ സഹോദരിയുടെ മകൾ സീന കിണർ പരിശോധിച്ചു. അപ്പോഴാണു തല മാത്രം ഉയർത്തിപ്പിടിച്ചു വെള്ളത്തിൽ വീണുകിടന്ന പുലിയെ കണ്ടത്. പുലി എപ്പോഴാണു കിണറ്റിൽ വീണതെന്നു വ്യക്തമല്ല.
വിവരം അറിഞ്ഞു വനപാലക സംഘവും പൊലീസും സ്ഥലത്തെത്തി. രാത്രി 12 മണിയോടെ പുറത്തെത്തിച്ചു. തൃശൂരിൽനിന്നു വെറ്ററിനറി ഡോക്ടറെ കൊണ്ടുവന്നു കയറില്‍ ടയർ കെട്ടി കിണറിലേക്ക് ഇറക്കി പുലിയെ മുകളിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നീട് പ്രത്യേക കൂട് എത്തിച്ച് കിണറ്റിലിറക്കി പുലി അതിൽ കയറിയപ്പോൾ അടച്ചശേഷം മുകളിലേക്കു കയറ്റുകയായിരുന്നു. വനംവകുപ്പ് ഓഫിസിലെത്തിച്ചശേഷമാണു പുലിയെ പറമ്പിക്കുളത്തേക്കു കൊണ്ടുപോയത്. ഇന്നലെ പകൽ സമീപപ്രദേശങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു.