ഡല്‍ഹിയില്‍ പുതിയ കേരള ഭവന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍; നിർമാണം കപൂര്‍ത്തല പ്ലോട്ടിൽ

Mail This Article
തിരുവനന്തപുരം∙ ഡല്‍ഹിയില്‍ കേരള ഹൗസിനു പുറമേ പുതിയ കേരള ഭവന്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കപൂര്‍ത്തല പ്ലോട്ടിലാണ് പുതുതായി കേരള ഭവന്‍ നിര്‍മിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. പൊതുമരാമത്ത് വകുപ്പാണ് നിര്‍മാണ മേല്‍നോട്ടം വഹിക്കുക. ചീഫ് എന്‍ജിനീയര്‍ എല്‍.ബീനയുടെ നേതൃത്വത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ ഈ മാസം ആദ്യം ഡല്‍ഹി കപൂര്‍ത്തല പ്ലോട്ടിലെ സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലത്തെത്തി പരിശോധന നടത്തി.
ഡല്‍ഹിയില്‍ ജന്തര്‍മന്തര്‍ റോഡിലെ കേരളാ ഹൗസ്, കസ്തൂര്‍ബ ഗാന്ധി മാര്‍ഗിലെ ട്രാവന്‍കൂര്‍ ഹൗസ്, കോപ്പര്‍നിക്കസ് മാര്‍ഗിലെ കപൂര്‍ത്തല പ്ലോട്ട് എന്നീ മൂന്നു കെട്ടിടങ്ങളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളത്. കപൂര്‍ത്തല പ്ലോട്ട് നവീകരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ഉയരുന്നതാണ്. 54 പഴയ മിലിറ്ററി ബാരക്കുകള്‍ അടങ്ങിയ 16,000 ചതുരശ്രമീറ്റര്‍ സ്ഥലമാണ് കപൂര്‍ത്തല പ്ലോട്ടിലുള്ളത്. നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് ആയാണ് ഇവിടം പ്രവര്‍ത്തിക്കുന്നത്.
ഇവിടെ നിന്നു ജീവനക്കാരെ മാറ്റിയ ശേഷം പുതിയ കേരള ഭവന്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജീവനക്കാരെ മാറ്റുന്നതിനായി കണ്ടുവച്ചിരിക്കുന്ന രണ്ടു കെട്ടിടങ്ങള്‍ പരിശോധിക്കുന്നതിനു വേണ്ടിയാണ് പൊതുമരാമത്ത് ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചത്. ട്രാവന്‍കൂര്‍ ഹൗസില്‍ 33,000 ചതുരശ്രമീറ്ററും കേരള ഹൗസില്‍ 10,000 ചതുരശ്രമീറ്റര്‍ സ്ഥലവുമാണുള്ളത്. കേരള ഹൗസ് ഹൈദരാബാദിലും സ്ഥാപിക്കുമെന്നും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ അനുവദിക്കുന്നുവെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.