സുധാകരനു പിൻഗാമിയാര്? ; സിനിമാ തർക്കം തീരുന്നു – ഇന്നത്തെ പ്രധാനവാർത്തകൾ

Mail This Article
കെ.സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചയാണ് ഇന്നത്തെ പ്രധാന വാർത്തകളിലൊന്ന്. യുഎസ്– യുക്രെയ്ൻ ധാതുഖനന കരാറിൽ ധാരണ, ചുറ്റികവേട്ട ആരുടെ ആശയം? അഫാൻ ഇന്റർനെറ്റിൽ പരതിയ കാര്യങ്ങൾ പൊലീസ് പരിശോധിക്കും, ആശാ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്തവർക്കെതിരെ പൊലീസ് നടപടി, സിനിമാ തർക്കം തീരുന്നു തുടങ്ങിയവയായിരുന്നു ഇന്നത്തെ മറ്റു പ്രധാനവാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽകൂടി വായിക്കാം.
സംസ്ഥാനത്ത് കോണ്‍ഗ്രസ് നേതൃമാറ്റത്തിനു കളമൊരുങ്ങുന്നു. കെ.സുധാകരനു പകരം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാണ്. അടൂര്‍ പ്രകാശ്, സണ്ണി ജോസഫ്, ബെന്നി ബഹനാന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. ആദ്യഘട്ടത്തില്‍ ആന്റോ ആന്റണി, റോജി എം.ജോണ്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേട്ടിരുന്നു. രണ്ടാഴ്ച മുന്‍പ് അടൂര്‍ പ്രകാശ് ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തെ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചയാണ് നടന്നതെന്നാണ് സൂചന. മുതിര്‍ന്ന നേതാവ് കൊടിക്കുന്നില്‍ സുരേഷിന്റെ പേരും ചർച്ചയിലുണ്ട്.
സെക്രട്ടേറിയറ്റിനു മുന്നില്‍ ദിവസങ്ങളായി സമരം നടത്തുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ കൂടുതല്‍ നടപടിയുമായി പൊലീസ്. 20ന് നടന്ന മഹാസംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് നോട്ടിസ് അയച്ചു. സമരത്തെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ആക്ഷേപിക്കുകയും ആശാവര്‍ക്കര്‍മാര്‍ ജോലിക്കെത്തിയില്ലെങ്കില്‍ പകരം ആളെ നിയോഗിക്കണമെന്ന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ചെയ്തതിനു പിന്നാലെയാണ് പൊലീസിന്റെ നടപടി. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
എലിവിഷം കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് സംഘം ചോദ്യം ചെയ്യാൻ എത്തിയെങ്കിലും കൃത്യമായ മൊഴി എടുക്കാൻ കഴിഞ്ഞില്ല. അഫാന്റെ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവർ സംസാരിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു. ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സമരപ്രഖ്യാപനത്തെ തുടർന്ന് മലയാള സിനിമാ മേഖലയിലുണ്ടായ ആശങ്ക അവസാനിക്കുന്നു. സംഘടനകൾ തമ്മിലുള്ള തർക്കം ഉടൻ തീരുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ് അറിയിച്ചു. ബജറ്റ് വിവാദത്തിൽ വ്യക്തത വന്നെന്നും ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ച ശേഷമാണ് ജേക്കബിന്റെ പ്രഖ്യാപനം.
നിർണായകമായ ധാതുഖനന കരാറിനു യുഎസും യുക്രെയ്നും ധാരണയായെന്നു റിപ്പോർട്ട്. റഷ്യ–യുക്രെയ്ൻ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണു നീക്കം. അമേരിക്കയുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കരാറിനു യുക്രെയ്ൻ സമ്മതിച്ചതെന്നാണു സൂചന.