രാത്രിയിൽ നോബി ഷൈനിയെ വിളിച്ചു, ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് ആ സംഭാഷണം; ഷൈനിയുടെ ഫോൺ എവിടെ ?

Mail This Article
കോട്ടയം ∙ ഏറ്റുമാനൂരിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോൺ കണ്ടെത്താനാകാതെ പൊലീസ്. കേസിൽ നിർണായക തെളിവാണ് ഷൈനിയുടെ ഫോൺ. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോൺ വിളിച്ചെന്നായിരുന്നു ഭർത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോൺ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് പൊലീസിന്റെ നിഗമനം.
റെയിൽവേ ട്രാക്കിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫോൺ കണ്ടെത്തിയിരുന്നില്ല. ഫോൺ എവിടെ എന്നറിയില്ലെന്നായിരുന്നു മാതാപിതാക്കൾ പറഞ്ഞത്. നിലവിൽ ഷൈനിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അതേസമയം, ഷൈനിയുടെ പിതാവ് കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. സ്വന്തം വീട്ടിൽ നിന്ന് ഷൈനി മാനസിക സമ്മർദം അനുഭവിച്ചിട്ടുണ്ടോ എന്നാകും പൊലീസ് അന്വേഷിക്കുക.
ആത്മഹത്യ ചെയ്തതിന്‍റെ തലേന്ന് മദ്യലഹരിയിൽ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിവാഹമോചന കേസിൽ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നൽകില്ലെന്നും പറഞ്ഞു. നോബിയുടെ പിതാവിന്റെ ചികിത്സക്ക് എടുത്ത വായ്പയുടെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിയുകയും ചെയ്തു. ഇക്കാര്യങ്ങളെല്ലാം നോബി പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.