ഘടകകക്ഷികളുമായി ചർച്ച നടത്താൻ ദീപ ദാസ്മുന്‍ഷി; കേരള കോൺഗ്രസ് (എം) വരുന്നതിൽ എതിർപ്പില്ലെന്ന് മാണി സി.കാപ്പൻ

Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഇനിയങ്ങോട്ടും അങ്ങനെ തന്നെ ആയിരിക്കുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷി. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് ദീപ ദാസ്മുന്‍ഷി തിരുവനന്തപുരത്ത് എത്തിയത്. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് ഘടകകക്ഷി നേതാക്കളെ കാണുന്നത്.
ഡല്‍ഹി ചര്‍ച്ചയുടെ തുടര്‍ച്ചയല്ല കൂടിക്കാഴ്ചയെന്നും ദീപ ദാസ് മുന്‍ഷി പറഞ്ഞു. ഇന്നും നാളെയുമായാണ് നേതാക്കളെ കാണുന്നത്. നാളെ ലീഗ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിധി വിടുന്നതിലുള്ള വിയോജിപ്പ് സംസ്ഥാന-കേന്ദ്ര നേതാക്കളെ അറിയിച്ച ഘടകകക്ഷി നേതാക്കള്‍ ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്താനുള്ള താല്പര്യം അറിയിച്ചിരുന്നു. ഇനിന്റെ ആദ്യഘട്ടമായാണ് ഹൈക്കമാന്‍ഡ് പ്രതിനിധി കേരളത്തിലെത്തി ചര്‍ച്ച നടത്തുന്നത്.
സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ദീപാദാസ്മുന്‍ഷി പറഞ്ഞു. സീറ്റ് വിഭജനം നേരത്തേ ആക്കണമെന്ന് മാണി സി. കാപ്പന് പറഞ്ഞു. കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയിലേക്കു തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ പാലാ സീറ്റ് വിട്ടു കൊടുക്കില്ലെന്നും മാണി സി. കാപ്പന് പറഞ്ഞു. യുഡിഎഫില്‍ എല്ലാവരും ഒരേ സ്വരത്തില്‍ സംസാരിക്കണമെന്ന് പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസ് (എം) ഇല്ലെങ്കിലും യുഡിഎഫിനു ജയിക്കാന്‍ കഴിയുമെന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തെളിഞ്ഞതാണെന്നും ജോസഫ് പറഞ്ഞു.