‘എല്ലാവരും ഒന്നിച്ച്’: വയനാട് ടൗൺഷിപ്പിന്റെ തറക്കല്ലിടൽ മാർച്ച് 27നെന്ന് മന്ത്രി രാജൻ; കേന്ദ്രത്തെ വിമർശിച്ച് സതീശൻ

Mail This Article
തിരുവനന്തപുരം∙ വയനാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് മാര്‍ച്ച് 27ന് തറക്കല്ലിടുമെന്ന് റവന്യു മന്ത്രി കെ.രാജന് നിയമസഭയില്‍. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചടങ്ങില്‍ പങ്കെടുക്കും. വയനാടിനായി രാഷ്ട്രീയമില്ലാതെ ഒന്നിച്ചു മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും 1112 കുടുംബങ്ങള്‍ക്ക് പുനരധിവാസത്തിന് മൈക്രോപ്ലാന്‍ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. തുടർചികത്സയോ, അടിയന്തര ചികിത്സ വേണ്ടിവരുന്ന ദുരന്തബാധിതരുടെ ചെലവ് കേരള സർക്കാർ വഹിക്കും. ദുരന്തസ്ഥലത്ത് കൊടുക്കാത്ത ബ്രെഡ് പൂത്തെന്ന കഥ വരെ പുറത്തുവന്നിരുന്നു. കൊടുക്കാത്ത ബ്രെഡ് എങ്ങനെയാണ് പൂക്കുന്നതെന്നും രാജൻ ചോദിച്ചു.
അതേസമയം, വയനാട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സഭയില്‍ രൂക്ഷമായി വിമര്‍ശിച്ചു. വയനാടിനോട് കേന്ദ്രം കാട്ടിയതു ക്രൂരമായ അവഗണനയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു. ഔദാര്യമായി വായ്പ തന്നത് തെറ്റാണെന്നും ഇതിനെതിരെ ഏതറ്റം വരെയും പോരാടുമെന്നും സതീശന് പറഞ്ഞു. ദുരന്തബാധിതര്‍ക്കു ജീവനോപാധികളും പൊതുകൃഷിസ്ഥലവും ഒരുക്കാനായി സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്തുവെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദുരന്തബാധിതര്‍ക്കുള്ള പ്രതിദിന അലവന്‍സ് 300 രൂപ 3 മാസം കഴിഞ്ഞ് നിര്‍ത്തിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നിയമപരമായി 3 മാസമാണ് നല്കുന്നതെന്നു മന്ത്രി രാജന് മറുപടി നല്കി. എന്നാല്‍ മന്ത്രിസഭയ്ക്ക് പ്രത്യേക തീരുമാനമെടുക്കാമായിരുന്നുവെന്നു സതീശന് പറഞ്ഞു.