കണ്ണൂർ വിമാനത്താവളം: ഭൂമി ഏറ്റെടുക്കലിന് പ്രത്യേക പാക്കേജ്, ജപ്തി നിർത്തുമെന്നും മന്ത്രി

Mail This Article
കണ്ണൂർ ∙ വിമാനത്താവളം റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനായി പ്രത്യേക പാക്കേജ് പരിഗണനയിലാണെന്നും ജപ്തി നടപടികൾ നിർത്തിവയ്ക്കുമെന്നും റവന്യു മന്ത്രി കെ.രാജൻ. ഇതു സംബന്ധിച്ച് സജീവ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ നടപടികൾ എട്ടു വർഷത്തോളമായി നീണ്ടുപോവുകയാണെന്നും 200 കുടുംബങ്ങൾ ദുരിതത്തിലാണെന്നും എംഎൽഎ പറഞ്ഞു. 2018ലെ കനത്ത പേമാരി മൂലം ഏഴു വീടുകൾ പൂർണമായി നശിച്ചു. അതുപോലെ നിരവധി വീടുകൾക്ക് നാശമുണ്ടായി. 6 മാസം വാടക നൽകിയിരുന്നെങ്കിലും പിന്നീട് യാതൊരു ആനുകൂല്യവും നൽകിയില്ല.
പലരും ജപ്തി നടപടികൾ നേരിടുകയാണ്. ഇത് മൂലം ദുരിതത്തിലായവരുടെ ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. ഭൂവുടമകൾക്കുകൂടി സ്വീകാര്യമായ നഷ്ടപരിഹാര, പുനരധിവാസ പാക്കേജ് ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സജീവ് ജോസഫ് പറഞ്ഞു