പരിഭവം പറഞ്ഞ് തൃശൂർ ഡിസിസി പ്രസിഡന്റ്; എല്ലാം കേട്ട് രാഹുൽ പറഞ്ഞു: ‘ആരെയും ഭയക്കേണ്ട, ഗ്രൂപ്പുകൾക്കൊപ്പം നിന്നാൽ പുറത്താക്കും’

Mail This Article
ഗ്രൂപ്പുകൾക്കൊപ്പം നിന്ന് പക്ഷം പിടിച്ചാൽ പുറത്താക്കുമെന്ന് ഡിസിസി പ്രസിഡന്റുമാർക്ക് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്. പക്ഷം പിടിക്കാതെ പ്രവർത്തിച്ചാൽ നിങ്ങൾക്കൊപ്പം എഐസിസി ഉണ്ടാകുമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എഐസിസി ഡൽഹിയിൽ വിളിച്ചുചേർത്ത ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെ യോഗത്തിലാണ് രാഹുലിന്റ പരാമർശം. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ തന്റെ ബുദ്ധിമുട്ടുകൾ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വിശദീകരിച്ചപ്പോഴാണ് രാഹുൽ ഡിസിസി പ്രസിഡന്റുമാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഏറ്റവും ഒടുവിൽ നിയമിച്ച ഡിസിസി പ്രസിഡന്റ് എന്ന നിലയിലാണ് ജോസഫ് ടാജറ്റിന് യോഗത്തിൽ സംസാരിക്കാൻ അവസരം ലഭിച്ചത്. ജില്ലയിൽ എല്ലാ നേതാക്കളെയും ബോധ്യപ്പെടുത്തി ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ടാണ് എന്നായിരുന്നു ജോസഫ് ടാജറ്റിന്റെ പരിഭവം. സംസ്ഥാനത്ത് ബിജെപി ആദ്യമായി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്ന തൃശൂരിലെ ഡിസിസി പ്രസിഡന്റിന്റെ പരിഭവം ദേശീയ നേതാക്കൾ കേട്ടു.
6 മുൻ ഡിസിസി പ്രസിഡന്റുമാരും നാലോളം മുതിർന്ന നേതാക്കളുമുള്ള ജില്ലയാണ് തൃശൂർ. ഓരോ തീരുമാനം എടുക്കുമ്പോഴും ഓരോ നേതാക്കൾക്കും പല അഭിപ്രായമാണ്. എഐസിസി പറയുംപോലെ തീരുമാനമെടുക്കാൻ പലതരത്തിലുള്ള സമ്മർദം നേരിടേണ്ടി വരും. എല്ലാവരെയും ഒന്നിപ്പിച്ച് ഒരു തീരുമാനം എടുക്കാൻ പ്രയാസമാണ് എന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
ഡിസിസി പ്രസിഡന്റിന്റെ അധികാരം എന്തൊക്കെയാണെന്നാണ് യോഗത്തിൽ വിശദീകരിച്ചത് എന്ന് രാഹുൽ ടാജറ്റിനോട് ചോദിച്ചു. സ്ഥാനാർഥികളെ തീരുമാനിക്കുക, മണ്ഡലം–ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിക്കുക തുടങ്ങി യോഗകാര്യങ്ങൾ ടാജറ്റ് വിശദീകരിച്ചു. പിന്നെ എന്തിനാണ് ഭയക്കുന്നതെന്നും ധൈര്യമായി തീരുമാനങ്ങൾ എടുക്കണമെന്നും രാഹുൽ ഗാന്ധി നിർദേശം നൽകി. ഒരു പക്ഷവും പിടിക്കാതെ, ഗ്രൂപ്പ് ഇടപെടലുകളിൽ കക്ഷി ചേരാതെ തീരുമാനങ്ങളെടുക്കണമെന്നും രാഹുൽ നിർദേശിച്ചു.
ഇക്കാര്യം ജോസഫ് ടാജറ്റ് മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു. സാധാരണ ദേശീയ നേതാക്കളുമായുള്ള യോഗങ്ങളിൽ പാർട്ടിയിലെ മുതിർന്ന നേതാക്കളും എംഎൽഎമാരും എംപിമാരും ഉണ്ടാകും. അവർക്കായിരിക്കും സംസാരിക്കാൻ മുൻതൂക്കം ലഭിക്കുക. എന്നാൽ ഇന്നലെ നടന്ന യോഗത്തിൽ മറിച്ചായിരുന്നു അനുഭവമെന്നും ടാജറ്റ് പറഞ്ഞു.
∙രാഹുലും ഖർഗെയും സംസ്ഥാനങ്ങളിലേക്ക്
ഡിസിസി ഭാരവാഹികളുമായും കെപിസിസി ഭാരവാഹികളുമായി സംസാരിക്കാൻ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും സംസ്ഥാനങ്ങളിലേക്ക് എത്തും. മേയ് മാസം കഴിഞ്ഞ് നേതാക്കളുടെ സന്ദർശനമുണ്ടാകും എന്നാണ് വിവരം. യോഗത്തിൽ സംസാരിക്കാൻ കഴിയാത്ത ഡിസിസി പ്രസിഡന്റുമാർക്ക് അഭിപ്രായങ്ങൾ അറിയിക്കാനുള്ള മെയിൽ ഐഡി എഐസിസി നൽകി. രാഹുലും ഖർഗെയും മെയിൽ പരിശോധിക്കും. ആവശ്യമായ കാര്യങ്ങൾ അഹമ്മദാബാദിൽ നടകുന്ന എഐസിസി സമ്മേളനത്തിനായി രൂപീകരിച്ച ഡ്രാഫ്റ്റിങ് കമ്മിറ്റിക്ക് കൈമാറും.
തിരഞ്ഞെടുപ്പുകളിലും സംഘടനകാര്യങ്ങളിലും താഴേത്തട്ടിൽ ആലോചന നടത്തി സ്ഥാനാർഥികളെയും ഭാരവാഹികളെയും തീരുമാനിക്കേണ്ടത് ഡിസിസി പ്രസിഡന്റുമാരായിരിക്കും. മോശം പ്രകടനമെങ്കിൽ മണ്ഡലം മുതലുള്ള ഡിസിസി ഭാരവാഹികളെ മാറ്റാനുള്ള അധികാരവും ഡിസിസി പ്രസിഡന്റുമാർക്കു നൽകും. എഐസിസി പിസിസിയുടെ മധ്യസ്ഥതയില്ലാതെ ഡിസിസിയുമായി നേരിട്ട് ബന്ധം പുലർത്തും. ഗ്രൂപ്പ് ഇല്ലാതെ തീരുമാനമെടുക്കാൻ ഡിസിസി പ്രസിഡന്റുമാർക്ക് ആകണം. ഡിസിസി പ്രസിഡന്റുമാരുടെ പ്രകടനം മോശമായാൽ ഉടനടി മാറ്റുമെന്നും എഐസിസി മുന്നറിയിപ്പ് നൽകി.
ജില്ലാ തലത്തിൽ നല്ലൊരു നേതൃനിര കെട്ടിപടുക്കണം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഡിജിറ്റൽ പ്രചാരണത്തിന്റെ ചുമതല ഡിസിസികൾ നേരിട്ട് നടത്തണം. മോശം പ്രകടനമെങ്കിൽ മണ്ഡലം മുതലുള്ള ഡിസിസി ഭാരവാഹികളെ മാറ്റാനുള്ള അധികാരം ഡിസിസി പ്രസിഡന്റുമാർക്കു നൽകും. അതേസമയം, ഡിസിസികളുടെ സ്വത്തുവിവരങ്ങൾ യോഗത്തിനെത്തിയ ഡിസിസി പ്രസിഡന്റുമാർ നേതൃത്വത്തിനു കൈമാറി.
ഡിസിസി പ്രസിഡന്റുമാർക്ക് 3 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന വ്യവസ്ഥ പരീക്ഷണാടിസ്ഥാനത്തിൽ ഗുജറാത്തിൽ നടപ്പാക്കാനാണ് തീരുമാനം. ഡിസിസികളുടെ പ്രവർത്തനത്തിന് ഭവനസന്ദർശനം നടത്തി ഫണ്ട് സ്വരൂപിക്കാനും തീരുമാനമായി. എഐസിസി, കെപിസിസി, ഡിസിസി എന്നീ തലങ്ങളിലേക്കുള്ള ഫണ്ട് സ്വരൂപണത്തിന് ആപ്പ് രൂപീകരിക്കാനും തീരുമാനമുണ്ട്. വോട്ടർപട്ടികയിൽ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പേരു ചേർക്കുന്നത് ഒഴിവാക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അടക്കം യോഗത്തിൽ 4 ട്രെയിനിങ് സെഷനുകളും നേതാക്കൾക്ക് വേണ്ടി ഏർപ്പെടുത്തിയിരുന്നു.