ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് സുപ്രീം കോടതി; കോൺഗ്രസ് എംപിക്കെതിരായ കേസ് റദ്ദാക്കി

Mail This Article
ന്യൂഡൽഹി∙ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് കോൺഗ്രസ് എംപി ഇമ്രാൻ പ്രതാപ്‌ഗർഹിക്കെതിരെ ഗുജറാത്ത് പൊലീസ് ചുമത്തിയ എഫ്ഐആർ റദ്ദാക്കി സുപ്രീം കോടതി. പ്രകോപനപരമായ ഗാനം എഡിറ്റ് ചെയ്തശേഷം സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചെന്ന കേസിലാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്‌ജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി. വിമർശനങ്ങൾ സ്വന്തം അധികാരത്തിനും പദവിക്കും എതിരാണെന്നു ചിന്തിക്കുന്നവരുടെയോ എപ്പോഴും അരക്ഷിതാവസ്ഥ തോന്നുന്നവരുടെയോ നിലവാരം വച്ച് ഒരു വ്യക്തിയുടെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ഉള്ള ആവിഷ്കാര സ്വാതന്ത്ര്യത്തെ അളക്കരുതെന്ന് കോടതി പറഞ്ഞു.
‘‘വ്യക്തികളുടെയും ഒരു കൂട്ടം ആളുകളുടെയും ആവിഷ്കാര സ്വാതന്ത്ര്യം ആരോഗ്യമുള്ള, സംസ്കാരമുള്ള ഒരു സമൂഹത്തിന്റെ അവശ്യ ഘടകമാണ്. ആവിഷ്കാര സ്വാതന്ത്ര്യമില്ലെങ്കിൽ ഭരണഘടനയുടെ 21ാം അനുച്ഛേദത്തിൽ ഉറപ്പുതരുന്ന അന്തസ്സുറ്റ ജീവിതം നയിക്കാൻ കഴിയില്ല. ആരോഗ്യമുള്ള ഒരു ജനാധിപത്യത്തിൽ കാഴ്ചപ്പാടുകളെയും ചിന്തകളെയും അഭിപ്രായങ്ങളെയും മറ്റൊരു കാഴ്ചപ്പാട് കൊണ്ടു മാത്രമേ എതിർക്കാനാകൂ. ഒരു കാഴ്ചപ്പാടിനോടു മറ്റൊരു വലിയകൂട്ടം ജനങ്ങൾക്ക് എതിർപ്പുണ്ടെന്നു വന്നാലും അതു പറയുന്നയാളുടെ കാഴ്ചപ്പാടുകളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും വേണം.’’ – ബെഞ്ച് പറഞ്ഞു.
ഗുജറാത്തിലെ ജാംനഗറിൽ നടന്ന ഒരു സമൂഹവിവാഹ ചടങ്ങിനിടെയായിരുന്നു ‘പ്രകോപനപരമായ ഗാനം’ ആലപിച്ചത്. വിവാദമായ വിഡിയോ, പ്രതാപ്‌ഗർഹി എക്‌സ് പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടിലും പങ്കുവച്ചിരുന്നു. പിന്നാലെ പ്രതാപ്‌ഗർഹിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കോൺഗ്രസ് ന്യൂനപക്ഷ സെല്ലിന്റെ ദേശീയ ചെയർമാനായ പ്രതാപ്‌ഗർഹിക്കെതിരെ ഭാരതീയ ന്യായ സംഹിതയുടെ 196, 197 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്. ഗാനത്തിലെ വരികൾ പ്രകോപനപരവും ദേശീയ ഐക്യത്തിനു ഹാനികരവും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതും ആണെന്നാണ് എഫ്ഐആറിൽ പൊലീസ് പറഞ്ഞത്.