മുടി അഴിച്ചിട്ട് പ്രകടനം; പിന്നാലെ മുടി മുറിക്കൽ, തലമുണ്ഡനം; വിതുമ്പിക്കരഞ്ഞ് ആശമാർ

Mail This Article
തിരുവനന്തപുരം ∙ മുഖം തിരിക്കുന്ന ഭരണകൂടത്തിന്റെ മുഖത്തേക്ക് ആശമാർ മുടിമുറിച്ചെറിയുന്നു. വേതനവർധന ആവശ്യപ്പെട്ട് 50 ദിവസമായി തുടരുന്ന സമരത്തിനോട് അനുഭാവപൂർവമായ സമീപനം ഉണ്ടാകാത്ത സാഹചര്യത്തിലാണു സമരം കടുപ്പിച്ച് മുടിമുറിക്കൽ പ്രതിഷേധത്തിലേക്ക് കടക്കാൻ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ തീരുമാനിച്ചത്.
അധികാരികളുടെ കണ്ണുതുറപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സമരമെന്ന് സമരസമിതി നേതാവ് എസ്.മിനി പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം മുടി അഴിച്ചിട്ട് പ്രകടനം നടത്തി. പിന്നാലെ മുടി മുറിച്ച് പ്രതിഷേധിച്ചു. ഒരാൾ തല മുണ്ഡനം ചെയ്തു. പലരും വിതുമ്പിക്കരയുകയായിരുന്നു.

മുലക്കരത്തിന് എതിരെ മുല ഛേദിച്ച് നടത്തിയ സമരത്തെക്കുറിച്ചൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. ആത്മാഭിമാനത്തിനു വേണ്ടിയാണ് ഈ സമരമെന്നും മിനി പറഞ്ഞു. അധികാരികളുടെ മുന്നിൽ അടിമയായി നിന്നു പണിയെടുത്താൽ കിട്ടുന്ന 232 രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യമെന്നും മിനി പറഞ്ഞു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്നും എത്ര ദിവസം കഴിഞ്ഞാലും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാവ് എം.എ.ബിന്ദു പറഞ്ഞു.

അതേസമയം പ്രതിഷേധക്കാർക്കു പിന്തുണയുമായി വൈദികരുമെത്തി. പത്തനംതിട്ട വാര്യാപുരം സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികാരി രാജു പി. ജോർജ് തന്റെ മുടി മുറിച്ചുകൊണ്ട് സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ‘സാധാരണക്കാരുടെയും പാവപ്പെട്ട സ്ത്രീകളുടെയും സമരം വിജയിക്കണം. ഇപ്പോൾ വലിയ നോമ്പുകാലമാണ്. ക്രിസ്തു പഠിപ്പിച്ച പാതയിൽ സാധാരണക്കാർക്കൊപ്പം നിൽക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മുടി മുറിക്കാൻ തീരുമാനിച്ചത്’ – വൈദികൻ പറഞ്ഞു.

തിരുവനന്തപുരത്തെ പ്രതിഷേധ വേദിയിൽ, മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആശമാർക്ക് പിന്തുണ അറിയിച്ചുകൊണ്ട് എത്തിയിരുന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിൽ ബിജെപി കൗൺസിലർമാർ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തു. കൗൺസിലർമാരായ സന്ദീപ് ശങ്കർ, എ.വി.രഘു എന്നിവരാണ് തല മുണ്ഡനം ചെയ്തത്. ബിജെപി മുനിസിപ്പൽ പ്രസിഡന്റ് കെ.എസ്.സുപ്രിയ മുടി മുറിച്ചു.
