ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ചുവന്ന അക്കങ്ങളിൽ ജനുവരി 26 റിപ്പബ്ലിക്ക് ദിനം എന്നു കലണ്ടറിൽ കാണുമ്പോൾ പഴയ സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന അച്ഛന്റെ ഓർമകൾ മനസ്സിലേക്ക് അനുവാദമില്ലാതെ കടന്നുവന്നു. എന്റെ വളർച്ചയുടെ എല്ലാ ഘട്ടവും അച്ഛൻ കണ്ടതാണ്. സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷവുമുള്ള അച്ഛന്റെ പോരാട്ടങ്ങൾ ഞാനും കണ്ടു. 

ഖദർ ധാരിയായിരുന്നു അച്ഛൻ എല്ലാക്കാലത്തും. മഹാത്മാഗാന്ധിയോടുള്ള കടുത്ത ആരാധന അദ്ദേഹം വെളിപ്പെടുത്തിയിരുന്നത് അങ്ങനെയാണ്. 

കൊല്ലത്ത് ‘തോമസ് സ്റ്റീഫൻ’  ഓട്ടുകമ്പനിയിലെ ജീവനക്കാരനായിരുന്നു അച്ഛൻ.  അന്നു കൊല്ലത്താണു ഞങ്ങളുടെ താമസം. അവിടെ ഒരു സർക്കാർ എൽപി സ്കൂളിൽ എന്നെ ചേർത്തു. വീട്ടിൽ നിന്ന് അൽപം അകലെ /യാണ് സ്കൂൾ. എന്നുവച്ചാൽ നടന്നു ചെല്ലാവുന്ന ദൂരം. 

നാട്ടുവഴികളിലൂടെയും വയൽവരമ്പത്തുകൂടെയുമൊക്കെ വേണമായിരുന്നു സ്കൂളിലേക്കു പോകാനും വരാനും. രസമുള്ള യാത്രയായിരുന്നു അത്. ഞാനൊറ്റയ്ക്കല്ല, ഒന്നിലും രണ്ട‌ിലുമൊക്കെ പഠിക്കുന്ന വേറെ ചില കുട്ടികളും കൂടെ കാണും. ഞങ്ങളങ്ങനെ കഥകൾ പറഞ്ഞും പൊങ്ങച്ചമടിച്ചും യാത്ര സജീവമാക്കി. 

അങ്ങനെയിരിക്കെ പതിവുപോലെ ഒരു ദിവസം ഞാൻ കൂട്ടുകാരോടൊപ്പം സ്കൂളിലേക്കു യാത്ര തുടങ്ങിയപ്പോൾ അതാ വരുന്നു കൂട്ടത്തിലെ തടിച്ച ചെറുക്കൻ ഒരു ‘കൊച്ചുഗദ’യുമായി. 

തലേദിവസം ഏതോ കഥകളി കണ്ടതിന്റെ ആവേശത്തിലാണു കക്ഷി. സ്വയം ഭീമനാണെന്നായി പ്രഖ്യാപനം. രാത്രി അരങ്ങിൽ കണ്ട ‘ഭീമൻ’ ചെറുക്കന്റെ ശരീരത്തിൽ കയറിപറ്റിയതുപോലെ. ഇടയ്ക്കിടെ ഭീമന്റെ ഗദയെന്നു സങ്കൽപിച്ച് കയ്യിൽ കരുതിയിരിക്കുന്ന വസ്തു എടുത്ത് നാലുചുറ്റും ഒന്നു വീശും.  ചെറുക്കന്റെ പ്രകടനം വഴിനീളെ തുടരുകയാണ്. ചിരിച്ചു കൊടുക്കാൻ കുറെപ്പേരും. 

അതിനിടയിൽ വയൽവരമ്പെത്തി. ഇനി സൂക്ഷിച്ചു വേണം നടക്കാൻ. ഇല്ലെങ്കിൽ വയലിലേക്കു വീഴും. ഉണങ്ങിക്കിടക്കുകയാണ് പാടം . പെട്ടെന്നതാ ഭീമൻ കയ്യിലിരുന്ന കൊച്ചുഗദ ചുഴറ്റുന്നു. ഞാൻ ഭയന്നുപോയി. അവന്റെ കൈ എന്റെ ദേഹത്ത് സ്പർശിച്ചെന്നു തോന്നുന്നു. ദാ കിടക്കുന്നു ഞാൻ. വരണ്ട പാടത്ത്. അപ്പോഴതാ ഭീമൻ എന്റെ അരികിൽ വന്നു ഗദ കൊണ്ട് എന്നെ മർദിക്കും മാതിരി ചില അംഗവിക്ഷേപങ്ങൾ കാണിച്ചു. 

എനിക്കു നല്ല ദേഷ്യം വന്നു. ആ ഗദ പിടിച്ചുവാങ്ങി അവനിട്ട് നാലു കൊടുത്താൽ കൊള്ളാമെന്നൊക്കെ തോന്നാതിരുന്നില്ല. പക്ഷേ, ശാരീരികമായി അവൻ എന്നെക്കാൾ ബലവാനാണെന്ന ബോധം എന്നെ ആ അതിസാഹസത്തിൽ നിന്നു പിന്തിരിപ്പിച്ചു. വീണിടത്തു നിന്നെഴുന്നേറ്റ ഞാൻ ഒരക്ഷരം മിണ്ടാതെ സ്കൂളിലേക്ക് അൽപം വേഗത്തിൽ നടന്നു പോയി. 

r-parameswaran-pillai
ആർ.പരമേശ്വരൻ പിള്ള

സംഗതി അവിടംകൊണ്ടു തീരേണ്ടതാണ്. പക്ഷേ, തീർന്നില്ല. ഞാൻ സ്കൂളിൽ നിന്ന് വീട്ടിലെത്തും മുൻപ് കഥ അച്ഛന്റെ കാതിലെത്തി. എന്നോട് അതെപ്പറ്റി ഒരക്ഷരം അച്ഛൻ ചോദിച്ചില്ല. പിറ്റേന്നു രാവിലെ സ്കൂളിൽ അച്ഛനെത്തി. ഹെഡ്മാസ്റ്ററെ കണ്ട്് ‘എന്റെ മകനെ പാടത്തിട്ട് ഇതേ സ്കൂളിൽ പഠിക്കുന്ന ഒരു ചെറുക്കൻ ഗദ കൊണ്ടടിച്ചു...’   എന്നു പരാതി പറഞ്ഞു. 

സത്യത്തിൽ ആ ഗദ കൊണ്ട് അവൻ എന്റെ ദേഹത്ത് ഒന്നു സ്പർശിക്കുക പോലും ചെയ്തിട്ടില്ല എന്നത് എനിക്കു ബോധ്യമുണ്ട്. പക്ഷേ, ആരെങ്കിലും എന്നോടു ചോദിക്കണ്ടേ?. ഹെഡ്മാസ്റ്റർ ആ കുട്ടിയെ വിളിച്ച് ശാസിച്ചു. സ്വാഭാവികമായും ചെയ്യാത്ത തെറ്റിനു കിട്ടിയ ശിക്ഷയുടെ പിണക്കം അവന് എന്നോട് ഉണ്ടായിരുന്നിരിക്കാം. എനിക്കും കുറ്റബോധം കൊണ്ട് ആ കുട്ടിയെ നോക്കാൻ തന്നെ വിഷമമായിരുന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി. 

പെട്ടെന്നൊരു ദിവസം വീട്ടിൽ പൊലീസ് കയറി വന്നു. പിന്നെ പരിശോധനയായി. മേശ, അലമാര എന്നു വേണ്ട കണ്ണിൽ കണ്ടതെല്ലാം അരിച്ചു പെറുക്കി പരിശോധന. കുറെ ലഘുലേഖകളും മാസികകളും കണ്ടെടുത്തു. റെയ്ഡിന്റെ ഫലമായി പൊലീസിന് ആകെ കിട്ടിയത് ഇതു മാത്രമാണ്. 

എന്നിട്ടും അവർ അച്ഛനെ അറസ്റ്റ് ചെയ്തു. സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്നവരെ ഇങ്ങനെ പൊലീസ് പിടിച്ചു കൊണ്ടുപോകുമായിരുന്നു. ‘ഗൂഢാലോചന’ ആയിരുന്നിരിക്കാം അച്ഛന്റെ മേൽ ചാർത്തിയ കുറ്റം. അതല്ലാതെ മറ്റെന്തെങ്കിലും തെറ്റ് അച്ഛൻ ചെയ്യാൻ സാധ്യതയുണ്ടെന്നു തോന്നുന്നില്ല. 

എന്തായാലും പൊലീസ് പിടിച്ചു കൊണ്ടുപോയ അച്ഛനെ ജയിലിലടച്ചു എന്ന് അമ്മയും നാട്ടുകാരുമൊക്കെ പറഞ്ഞ് എനിക്കു മനസ്സിലായി. അതെന്നെ അൽപം ഭയപ്പെടുത്തി. കാരണം ജയിലെന്നു പറഞ്ഞാൽ എന്താണെന്നൊന്നും അറിയാൻ മേലാത്ത കാലമല്ലേ.  ആരും പോകാൻ ഇഷ്ടപ്പെടാത്ത ഒരു ‘അപകടമേഖല’ ആയാണു ജയിലിനെ അന്നു കണ്ടിരുന്നത്. 

അച്ഛന്റെ ജയിൽവാസം കൊണ്ടു ജീവിതത്തിൽ ചില മാറ്റങ്ങളുണ്ടായി. ഒന്നാമത് കൊല്ലത്തു നിന്നു താമസം തിരുവനന്തപുരത്തേക്കു മാറ്റാൻ തീരുമാനമായി. ജയിൽശിക്ഷ അനുഭവിച്ചതു കൊണ്ട് അച്ഛനിനി  ‘തോമസ് സ്റ്റീഫൻ’ കമ്പനിയിലെ  ജോലിയിൽ തുടരാനാകില്ല എന്നതുറപ്പായിരുന്നു. പിന്നെ കൊല്ലത്ത് താമസിക്കുന്നതിൽ പ്രത്യേകിച്ച് അർഥമൊന്നുമില്ലെന്ന് അമ്മയെ ബന്ധുക്കൾ ഉപദേശിച്ചു. സ്വാഭാവികമായും എന്റെ കൊല്ലത്തെ ഹ്രസ്വമായ സ്കൂൾ ജീവിതത്തിനും തിരശീല വീണു. 

തിരുവനന്തപുരത്തിന് പോരുന്നതിനു മുൻപ് ചിറ്റപ്പന്റെ കൂടെ അച്ഛനെ കാണാൻ ഞാനും ജയിലിൽപോയി.   

എന്നാൽ ജയിലിനകത്തെ കാഴ്ച എന്നെ അത്ഭുതപെടുത്തി. ഞാൻ ചെല്ലുമ്പോൾ അച്ഛൻ ജയിൽമുറിക്കു പുറത്താണ്. ഒരു കിണറ്റിൻകരയിൽ കുളിക്കാനുള്ള തയാറെടുപ്പിലാണ് അച്ഛൻ. അവിടെ ചില സുഹൃത്തുക്കളോടൊപ്പം ചേർന്ന് പൊട്ടിച്ചിരിക്കുകയാണു കക്ഷി. ഹാവൂ ആശ്വാസം. അപ്പോൾ ജയിലിൽ ചിരിക്കുന്നതിനൊന്നും കുഴപ്പമില്ല. എനിക്കു സമാധാനമായി. വിചാരിച്ചതു പോലെ അത്ര അപകടം പിടിച്ച സ്ഥലമല്ല ജയിൽ എന്നെനിക്കു തോന്നി. അച്ഛൻ എന്നെ ചേർത്തു പിടിച്ചു. കുറച്ചു ദിവസമായി എന്നെ കാണാത്തതിന്റെ വിഷമം ആ കരുത്തു നിറഞ്ഞ പിടിത്തതിൽ ഉണ്ടായിരുന്നു. അച്ഛന്റെ വാത്സല്യമോ സ്നേഹമോ അറിയാതെ ഞാൻ അനുഭവിച്ച ‘അപൂർവ’നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. അധികം താമസിയാതെ ഞങ്ങൾ ജയിലിൽ നിന്നു മടങ്ങി. അച്ഛന്റെ അടുത്തു നിന്നു പോരുമ്പോൾ എന്റെ മിഴികൾ അറിയാതെ നിറഞ്ഞുപോയത് എന്തു കൊണ്ടാകാം ?  അറിയില്ല. 

    അച്ഛൻ കോൺഗ്രസുകാരനായിരുന്നെങ്കിലും മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളിൽ ഉള്ളവരുമായും നല്ല ബന്ധം പുലർത്തി. ജയിൽവാസമൊക്കെ കഴിഞ്ഞു വന്ന അച്ഛനു പിന്നീടു ജോലി ലഭിച്ചത് മരയ്ക്കാർ ട്രാൻസ്പോർട്സിൽ ആയിരുന്നു. പെരുമ്പാവൂരിലാണു ജോലി. അച്ഛൻ എന്നെ അവിടെ കൊണ്ടു പോയിട്ടുണ്ട്.  

ഞാനൽപം മുതിർന്നപ്പോൾ, എന്നുവച്ചാൽ ഹൈസ്കൂൾ പഠനം തുടങ്ങിയപ്പോൾ , തറവാട്ടിൽ എനിക്കു കിടക്കാനും പഠിക്കാനും ഒക്കെയായി ഒരു മുറി അനുവദിച്ചു തന്നു.  സ്വന്തം മുറിയൊക്കെ ഉള്ള ഒരു വ്യക്തി എന്ന അഭിമാനബോധം അക്കാലത്ത് എന്റെ തലയ്ക്കുള്ളിൽ കടന്നുകൂടിയിരുന്നു. 

അന്നൊരു രാത്രിയിൽ അച്ഛൻ വീട്ടിൽ വരുമ്പോൾ കൂടെ മറ്റൊരാളുമുണ്ടായിരുന്നു. പഠിത്തം കഴിഞ്ഞ് കിടക്കാനുള്ള ഒരുക്കത്തിലാണു ഞാൻ. അച്ഛൻ അയാളെയും കൂട്ടി എന്റെ മുറിയിൽ വന്നു. എന്നിട്ടു പറഞ്ഞു, ‘ കുറച്ചു ദിവസത്തേക്ക് മോന്റെ മുറിയിൽ ഇദ്ദേഹം താമസിക്കും. മോൻ അമ്മയുടെ മുറിയിൽ കിടന്നോളു...’ എന്ന്. 

എന്റെ ഉടുപ്പും പുസ്തകങ്ങളുമൊക്കെ എടുത്ത് രാജ്യം നഷ്ടപ്പെടുന്ന രാജകുമാരന്റെ വേദനയോടെ ഞാൻ  മുറിയിൽ നിന്നു പുറത്തിറങ്ങി.  അച്ഛൻ എന്നോടു പറഞ്ഞു, ‘ ഇങ്ങനെയൊരാൾ ഇൗ വീട്ടിൽ ഉണ്ടെന്ന കാര്യം ആരുമറിയരുത് ’. അച്ഛന്റെ സുഹൃത്ത് എന്റെ മുറിയിൽ കയറി കതകടച്ചു.

പകലും രാത്രിയിലുമെല്ലാം ആ കതക് അടഞ്ഞു തന്നെ കിടന്നു. ആഹാരം കൊണ്ട് ആരെങ്കിലും അവിടെ ചെല്ലുമ്പോൾ മാത്രമാണ് ആ കതക് അൽപനേരത്തേക്കെങ്കിലും തുറന്നിരുന്നത്. ദിവസങ്ങൾ കടന്നു പോയി. 

ഒരിക്കൽ ഞാൻ അമ്പലത്തിൽ പോയി വരുമ്പോൾ വീടിന്റെ ഗേറ്റിനു പുറത്ത് എന്റെ ക്ലാസിൽ പഠിക്കുന്ന മോഹൻ നിൽക്കുന്നു. എന്താ ഇവിടെ നിൽക്കുന്നത് എന്ന ചോദ്യത്തിന് അവന്റെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. 

‘ എന്റെ അച്ഛൻ ഈ വീട്ടിലുണ്ട്. ഞാൻ അച്ഛനെ കാണാൻ വന്നതാ. പക്ഷേ ഇവിടെ ചോദിച്ചപ്പോൾ  പറഞ്ഞത് അങ്ങനെ ആരും ഇവിടെ ഇല്ല എന്നാണ്. അതു കള്ളമാ. അച്ഛൻ ഇവിടുണ്ട്. എനിക്ക് അച്ഛനെ കാണണം...’

പെട്ടെന്നു കതകടച്ചു താമസിക്കുന്ന ആളുടെ മുഖം എനിക്കോർമ വന്നു. ഞാൻ ചോദിച്ചു, ‘എന്താ അച്ഛന്റെ പേര് ..?

‘പോത്തൻ.. കുളത്തുങ്കൽ പോത്തൻ ... ’ മോഹന്റെ മറുപടി. അവനോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് ഞാനകത്തേക്കു പോയി. കതകടച്ചു താമസിക്കുന്ന ആളോട് രഹസ്യമായി ‘ എന്റെ ക്ലാസിൽ പഠിക്കുന്ന മോഹൻ എന്ന കുട്ടി കുളത്തുങ്കൽ പോത്തനെ അന്വേഷിച്ചു വന്നിരിക്കുന്നു. എന്താ ചെയ്യേണ്ടത്...’ എന്നു ചോദിച്ചു. 

‘അയ്യോ അതെന്റെ മകനാ.. വിളിച്ചുകൊണ്ടുവാ..’എന്ന അദ്ദേഹത്തിന്റെ മറുപടി കേൾക്കേണ്ട താമസം ഞാൻ ഓടിപ്പോയി മോഹനെയും കൂട്ടി എത്തി. കതകിൽ മുട്ടി. വാതിൽ തുറന്നു മോഹനെ മുറിയിൽ കയറ്റി  വാതിലടച്ചു. പുറത്തു നിന്ന എനിക്കു മുറിയിൽ നിന്നുള്ള അടക്കിപിടിച്ച സംസാരമേ കേൾക്കാമായിരുന്നുള്ളു. കുറച്ചു നേരം കഴിഞ്ഞു വാതിൽ തുറന്നു. മോഹൻ പുറത്തിറങ്ങി. അവന്റെ മുഖം തുടുത്തിരുന്നു. കണ്ണുകൾ നിറഞ്ഞും. ദിവസങ്ങൾക്കു ശേഷം അച്ഛനെ കണ്ടതിന്റെ സന്തോഷവും ആശ്വാസവുമാകാം.

കുറച്ചു നാളുകൾക്കു ശേഷം ഏതോ രാത്രിയിൽ ‘കുളത്തുങ്കൽ പോത്തൻ’ ഞങ്ങളുടെ വീട്ടിൽ നിന്നു പോയി. പിന്നീടാണ് ഞാൻ ​അറിയുന്നത് അദ്ദേഹം ​അറിയപ്പെ‌ടുന്ന ‘കമ്യൂണിസ്റ്റ് ’ നേതാവാണെന്ന കാര്യം. അധികാരികളുടെ വേട്ട ഭയന്ന് ഒളിവിടമാക്കിയാതായിരുന്നു ഞങ്ങളുടെ വീട്. 

kulathunkal-pothen
കുളത്തുങ്കൽ പോത്തൻ

സ്വാതന്ത്ര്യാനന്തരം കുളത്തുങ്കൽ പോത്തൻ കമ്യൂണിസ്റ്റ് പാർട്ടി വിട്ടു.  ബിസിനസ് തുടങ്ങി. കുളത്തുങ്കൽ മോട്ടേഴ്സ് എന്ന വലിയ സ്ഥാപന ഉടമയായി. കേരള കോൺഗ്രസ് നേതാവായി. ആർ.പരമേശ്വരൻ പിള്ള എന്ന എന്റെ അച്ഛൻ  കോൺഗ്രസുകാരനായി തുടർന്നു. തിരുവനന്തപുരം മേയർ വരെ ആയി. 

English Summary : Memories of Actor Madhu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com