സർക്കാരിനെ വിമർശിച്ചു; നിക്കരാഗ്വയിൽ ബിഷപ്പിന് 26 വർഷം ജയിൽശിക്ഷ
Mail This Article
മെക്സിക്കോ സിറ്റി ∙ നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ നിശിത വിമർശകനായ കത്തോലിക്കാ ബിഷപ് റൊളാൻഡോ അൽവാരസിന് 26 വർഷം ജയിൽശിക്ഷ. സർക്കാരിനെ വിമർശിച്ചതിനു ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റ് ചെയ്തു വീട്ടുതടങ്കലിലാക്കിയിരുന്ന ബിഷപ്പിനെ മറ്റ് 222 തടവുകാർക്കൊപ്പം യുഎസിലേക്കുള്ള വിമാനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതെത്തുടർന്നു മൊഡേലേയിലെ ജയിലിലടച്ച ബിഷപ്പിന്റെ നിക്കരാഗ്വ പൗരത്വം റദ്ദാക്കി. ബിഷപ്പിനൊപ്പം അറസ്റ്റിലായ 4 വൈദികർക്ക് 3 വൈദിക വിദ്യാർഥികൾക്കും 10 വർഷം വീതം ജയിൽശിക്ഷ വിധിച്ചിട്ടുണ്ട്.
അൽവാരസ് ബിഷപ്പായിരുന്ന മറ്റഗൽപ രൂപതയുടെ ഉടമസ്ഥതയിലുള്ള റേഡിയോ, ടിവി സ്റ്റേഷനുകൾ സർക്കാർ പിടിച്ചെടുത്തിരുന്നു. വത്തിക്കാൻ സ്ഥാനപതിയെയും മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങളെയും കഴിഞ്ഞ വർഷം നിക്കരാഗ്വ പുറത്താക്കിയിരുന്നു.
ബിഷപ് അൽവാരസിനെ ജയിലിലടച്ച സംഭവത്തിൽ താൻ അത്യധികം വേദനിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രതിവാര പൊതുദർശന ചടങ്ങിൽ പറഞ്ഞു.
English Summary: Nicaraguan Catholic bishop sentenced to decades in prison