ഇസ്രയേൽ തടഞ്ഞു; ഗാസയിൽ ഭക്ഷണമെത്തിയിട്ട് 12 ദിവസം

Mail This Article
കയ്റോ ∙ ദോഹയിൽ വെടിനിർത്തൽ ചർച്ച തുടരവേ, സമ്പൂർണ ഉപരോധത്തിലായ ഗാസയിൽ പട്ടിണിദുരിതം. ഗാസയിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിതരണം ഇസ്രയേൽ തടഞ്ഞിട്ടു 12 ദിവസം പിന്നിട്ടു.
60 ദിവസത്തെ വെടിനിർത്തലിനും ജീവനോടെ ശേഷിക്കുന്ന 10 ബന്ദികളുടെ മോചനത്തിനുമുള്ള യുഎസ് പദ്ധതിയാണ് ദോഹയിൽ ഇസ്രയേൽ–ഹമാസ് പ്രതിനിധികൾ ചർച്ച ചെയ്യുന്നത്.
അതേസമയം, ഗാസ യുദ്ധകാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ആസൂത്രിതമായ ആക്രമണങ്ങളാണ് ഇസ്രയേൽ നടത്തിയതെന്ന് യുഎൻ മനുഷ്യാവകാശ കൗൺസിൽ (യുഎൻഎച്ച്ആർസി) അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തി. ആരോപണങ്ങൾ ഇസ്രയേൽ നിഷേധിച്ചു. ഗാസയിലെ വ്യാപകമായ നാശം പരിശോധിച്ച യുഎൻ സംഘം, ജനവാസ മേഖലകളിലും ആശുപത്രികളിലും ഇസ്രയേൽ മാരകശേഷിയുള്ള ബോംബാക്രമണങ്ങൾ നടത്തിയതായി കണ്ടെത്തി. കുട്ടികളും സ്ത്രീകളും വിവരണാതീതമായ ക്രൂരതകൾ നേരിട്ടതായും യുഎൻ റിപ്പോർട്ട് പറയുന്നു. തടവുകാർ ബലാത്സംഗത്തിനും ഇരകളായി.
യുഎൻഎച്ച്ആർസി മുൻമേധാവിയുടെ നേതൃത്വത്തിലുള്ള കമ്മിഷനാണ് റിപ്പോർട്ട് തയാറാക്കിയത്. രാജ്യാന്തര ക്രിമിനൽ കോടതിയിൽ ഇസ്രയേലിനെതിരായ തെളിവായി റിപ്പോർട്ട് ഉപയോഗിച്ചേക്കും.
ഗാസയിൽനിന്ന് ആരും പലസ്തീൻകാരെ പുറത്താക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന ഹമാസ് സ്വാഗതം ചെയ്തു. അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം വൈറ്റ് ഹൗസിലെ വാർത്താസമ്മേളനത്തിനാലാണ്, ഗാസയിൽനിന്നു പലസ്തീൻകാരെ ഒഴിപ്പിക്കുമെന്ന മുൻനിലപാട് തിരുത്തുന്ന പരാമർശം ട്രംപ് നടത്തിയത്.
അതിനിടെ, സിറിയൻ തലസ്ഥാനമായ ഡമാസ്കസിലെ ദമ്മറിൽ ഇസ്രയേൽ ബോംബാക്രമണം നടത്തി. പലസ്തീൻകാരുടെ പാർപ്പിടസമുച്ചയങ്ങൾക്കു നേരെയായിരുന്നു ആക്രമണം.