ഹൂതികളുടെ മിസൈൽ വിദഗ്ധനെ വധിച്ചെന്ന് യുഎസ്

Mail This Article
വാഷിങ്ടൻ ∙ യുഎസ് ആക്രമണത്തിൽ യെമനിലെ ഹൂതികളുടെ ഉന്നത മിസൈൽ വിദഗ്ധനെ വധിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. എന്നാൽ, പേരു വെളിപ്പെടുത്തിട്ടിയില്ല. മരണം യുഎസ് സൈന്യം സ്ഥിരീകരിച്ചിട്ടില്ല.കഴിഞ്ഞമാസം 15 നു നടത്തിയ ആക്രമണത്തിൽ ഹൂതി ഉന്നതനെ വധിച്ചെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൽട്സ് കഴിഞ്ഞ ദിവസം ടിവി അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച അമേരിക്കൻ മാഗസിൻ ‘ദി അറ്റ്‌ലാന്റിക്’ ചോർത്തി പ്രസിദ്ധീകരിച്ച ട്രംപ് ഭരണകൂടത്തിലെ ഉന്നതരുടെ രഹസ്യചാറ്റിലും ഹൂതികളുടെ മിസൈൽ വിദഗ്ധനെ ബോംബിട്ടുകൊന്നെന്നു പറയുന്നുണ്ട്. എന്നാൽ, ഡ്രോൺ ആക്രമണത്തിൽ ഒന്നിലേറെ ഹൂതി ഉന്നതരെ വധിച്ചെന്നു മാത്രമാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. ഇറാൻ പിന്തുണയുള്ള ഹൂതികളെ ലക്ഷ്യമിട്ട് യെമനിൽ രണ്ടാഴ്ചയിലേറെ കനത്ത വ്യോമാക്രമണങ്ങളാണ് യുഎസ് സൈന്യം നടത്തിയത്.