ADVERTISEMENT

വെറും മുന്നൂറ്റി ചില്വാനം രൂപയ്ക്ക് 4 നേരം ഭക്ഷണം, പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും ബിസ്ക്കറ്റും– അതു സാധിക്കണമെങ്കിൽ സിനിമാ സെറ്റിൽ കയറിപ്പറ്റണം. സെറ്റിലെ ഭക്ഷണത്തിന് കേറ്ററിങ്‌കാർക്ക് ആളൊന്നുക്ക് പ്രതിദിന റേറ്റ് അതാണ്. ബ്രേക്ക്ഫാസ്റ്റും, മീനോ ഇറച്ചിയോ ഉൾപ്പടെ ഊണും വൈകിട്ട് ചായപലാരവും ഡിന്നറും കിട്ടും. 

കഴിഞ്ഞ വർഷം പിടിച്ച മലയാളം പേശുംപടങ്ങൾ 220! എത്ര പതിനായിരങ്ങൾക്കായിരിക്കും അതുകൊണ്ടു ജോലിയും ജീവിതമാർഗവും കിട്ടിയത്! സിനിമ പോലെ ‘ലേബർ ഇന്റൻസീവായ’ വേറൊരു പരിപാടിയില്ല. ക്രൂ എന്നാൽ ജൂനിയർ ആർട്ടിസ്റ്റുകൾ, ലൈറ്റ് ബോയ്സ്, തയ്യൽക്കാർ, ക്യാമറ–ക്രെയിൻ–മേക്ക്അപ്–കോസ്റ്റ്യൂം–ആർട്ട് അസിസ്റ്റന്റുമാർ, താരങ്ങളുടെ അസിസ്റ്റന്റുമാർ, ഡ്രൈവർമാർ, മഴ പെയ്യിക്കാനും തീയുണ്ടാക്കാനും സ്റ്റണ്ടിനും പ്രത്യേക ടീം...

പടത്തിന്റെ ബജറ്റ് വലുപ്പം അനുസരിച്ച് 100–150 പേർ ഒരേ സമയം സെറ്റിൽ കാണും. ഡാൻസ് സീനോ, കല്യാണ സീനോ, ജാഥയോ ഉണ്ടെങ്കിൽ ആ വഹയിൽ പത്തറുപതുപേർ വേറെ. ഡയറക്ടറും ക്യാമറാമാനും പോലെ ചുരുക്കം ചിലർക്കൊഴികെ സകലർക്കും ബാറ്റയുണ്ട്. 8 മണിക്കൂറിന് 900 രൂപ. രാവിലെ 6 മുതൽ രാത്രി 10 വരെ 16 മണിക്കൂർ ദിനബാറ്റ 1800 രൂപ. സിനിമകളിൽ അതിരാവിലെയുള്ള സീനുകളും (സൂര്യോദയം) രാത്രി സീനുകളും കുറയ്ക്കാനാണു നോക്കുന്നത്. കാരണം സൺറൈസ് ബാറ്റയും തേഡ് ബാറ്റയും. സൂര്യോദയം എടുക്കണമെങ്കിൽ ആറ് മണിക്കു മുമ്പേ ഷോട്ട് റെഡിയാക്കണം. ദിനബാറ്റയുടെ പാതി കൂടി കൊടുത്താൽ സൺറൈസ് ബാറ്റ!

പക്ഷേ രാത്രി 10 മണി കഴിഞ്ഞാൽ തേഡ് ബാറ്റയാണ്. പകൽ ബാറ്റയുടെ ഇരട്ടി. ദിവസം ഷൂട്ടിങ് ചെലവ് മൂന്നര–നാല് ലക്ഷം വരും. ക്യാമറയ്ക്ക് വാടക 40000–50000. ചിലപ്പോൾ ക്യാമറ രണ്ടെണ്ണം കാണും. ജനറേറ്ററിന് ദിവസം നൂറിലേറെ ലീറ്റർ ഡീസൽ, വണ്ടികൾക്ക് വേറെ. മൂന്നുനാല് ഗ്യാസ് കുറ്റികൾ...

ഷൂട്ടിങ് ഒരുകാലത്ത് തിരുവനന്തപുരത്തും പൊള്ളാച്ചിയിലുമായിരുന്നു. പിന്നെ ഒറ്റപ്പാലം. അവിടെ സകലതിനും റേറ്റ് കൂടിയത്രെ. പെട്ടിക്കടയോ കിണ്ടിയോ ഷൂട്ട് ചെയ്യണമെങ്കിൽ അതിനും വാടക. ഒറ്റപ്പാലം വിട്ട് തൊടുപുഴയ്ക്ക് ചുറ്റുമായി. ഇപ്പോൾ കോഴിക്കോട്–കണ്ണൂർ–കാസർകോട് ഭാഗത്ത് ഷൂട്ടിങ് നാട്ടുകാർ കേമമായി കരുതുന്നതിനാൽ ചെലവുകൾ കുറവ്. 

എത്ര പോക്കറ്റുകളിലാണു കാശ് വീഴുന്നത്! സിനിമകളുടെ എണ്ണം കൂടട്ടെ.

ഒ‌ടുവിലാൻ∙ ഉച്ചയൂണ് കഴിഞ്ഞ് കപ്പലണ്ടി മുട്ടായി മസ്റ്റാണ്. രാത്രി കഞ്ഞിക്ക് ചമ്മന്തിയും ചെറുപയറിനും പുറമേ കരുവാട് (ഉണക്കമീൻ) പണ്ടേ നിർബന്ധം! സത്യൻ മുതൽ നസ്‌ലിൻ വരെയുള്ളവരുടെ കാലമായിട്ടും അതിനു മാത്രം മാറ്റമില്ല!! ടിഫിനിൽ കരുവാട് ഇല്ലെങ്കിൽ പോട്ടി–ചകട...!

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com