സ്വര്‍ണം കൊടുത്താലും ആർക്കും ഇത് കൊടുക്കില്ല; അത്രയ്ക്കു പ്രിയമാണ് ആ വിഭവം: അഭയ ഹിരണ്‍മയി
Mail This Article
ജീവിതത്തെ മനോഹരമാക്കുന്നത് എന്താണെന്നു ചോദിച്ചാല്‍ അഭയ ഹിരണ്‍മയി എന്ന പാട്ടുകാരിക്ക് പറയാന്‍ ഒരുപാടുണ്ടാകും. സംഗീതം, കൂട്ടുകാര്‍, വീട്ടുകാര്‍, യാത്രകള്‍, ഭക്ഷണം, പ്രിയപ്പെട്ട പെറ്റ്‌സ് അങ്ങനെ പലതും അതില്‍ സംഗീതത്തിനുവേണ്ടിയുളള ഓരോ യാത്രയെയും കളറാക്കുന്നത് യാത്രകളില്‍ തേടിയെത്തുന്ന രുചികളാണെന്നാണ് അഭയയുടെ പക്ഷം. പാചകം ചെയ്യാനും ഒരുപാടിഷ്ടമുളള അഭയ രുചി തേടിയുളള യാത്രകളെക്കുറിച്ചും സംഗീതത്തെകുറിച്ചും പുതുപ്രതീക്ഷകളെകുറിച്ചുമെല്ലാം സംസാരിക്കുന്നു.
ആ രുചി തേടി മാത്രം
സംഗീതമാണ് ജീവിതത്തിലെ എല്ലാം. സംഗീതത്തിനുവേണ്ടി ഒരുപാട് യാത്രകള്‍ ചെയ്യാറുണ്ട്. ആ യാത്രകളെ കൂടുതല്‍ സന്തോഷകരവും സമ്പന്നവുമാക്കുന്നത് യാത്രക്കിടയില്‍ തേടിയെത്തുന്ന രുചികള്‍കൂടിയാണ്. എന്നെ സംബന്ധിച്ച് സംഗീതവും യാത്രയും ഭക്ഷണവുമെല്ലാം കെട്ടുപിണഞ്ഞു കിടക്കുന്നതാണ്.
ഞാന്‍ ഫൂഡിയാണ്. അതുകൊണ്ടുതന്നെ യാത്രകളില്‍ ഭക്ഷണത്തിനും വലിയ പ്രാധാന്യമുണ്ട്. ഓരോ യാത്രയ്ക്കും മുമ്പ് ആ സ്ഥലത്തുമുളള ഫുഡ് സ്‌പോട്‌സും അവിടെനിന്ന് കഴിക്കേണ്ട ഭക്ഷണവും തീരുമാനിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്നാണ് പ്ലാന്‍ ചെയ്യാറ്. അതുകൊണ്ടുതന്നെ യാത്രകളിലെ ഭക്ഷണം ഇതുവരെ ഫ്‌ളോപ്പായിട്ടില്ല. ഫുഡ് ഇന്‍ഫെക്‌ഷന്‍ പോലുളള സംഭവങ്ങളും ഇതുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ല. നോണ്‍-വെജ് ഭക്ഷണങ്ങളാണ് കൂടുതല്‍ ഇഷ്ടം.
തായ്ഫുഡും കോഴിക്കോടും
എന്റെ ഇഷ്ട രുചികളില്‍ എന്നും മുന്‍തൂക്കം തായ് ഭക്ഷണത്തിനാണ്. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം പലതവണ തായ്‌ലന്‍ഡിൽ പോയിട്ടുമുണ്ട്. അവിടത്തെ പപ്പായ സാലഡും സ്ട്രീറ്റ് ഫുഡ്‌സും വളരെ ഇഷ്ടമാണ്. തായ് ഫുഡ് കിട്ടുന്ന സ്ഥലങ്ങള്‍ കേരളത്തിലുണ്ടെങ്കിലും അതിനൊന്നും ഒരു ഓഥന്റിക് ടേസ്റ്റ് ഇല്ല. അതുകിട്ടണമെങ്കില്‍ തായ്‌ലന്‍ഡിൽ പോയി കഴിക്കണം. കേരളത്തിലെ ഇഷ്ട ഫുഡ് സ്‌പോട് കോഴിക്കോട് ആണ്.
ഞാന്‍ പാടിയ പാട്ടുപോലെതന്നെ ‘ഹല്‍വ മണമുളള കോയിക്കോട്’. അവിടെ അമ്മ മെസിലെ ഉച്ചയൂണ്, ബോംബെ ഹോട്ടലിലെ വൈകിട്ടത്തെ പലഹാരങ്ങളും ഹോര്‍ലിക്‌സും, പാരഗണിലെ പ്രഭാത ഭക്ഷണങ്ങള്‍ എല്ലാം ഒരിപാടിഷ്ടം. പിന്നെ മംഗളൂരുവിലേക്ക് പോകും വഴി പപ്പാസ് എന്ന ഒരു ഐസ്‌ക്രീം ഷോപ്പുണ്ട്, അതുപോലെ മീൻവിഭവങ്ങൾ കിട്ടുന്ന മച്‌ലി എന്ന ഫുഡ് സെന്ററും. ഇതെല്ലാമാണ് എനിക്ക് പ്രിയപ്പെട്ട രുചിയിടങ്ങള്‍.
സ്വര്‍ണം കൊടുത്താലും ഇത് കൊടുക്കില്ല...
അമ്മയുണ്ടാക്കുന്ന രുചികളില്‍ എല്ലാം പ്രിയപ്പെട്ടതാണ് കപ്പയും കാന്താരി ചമ്മന്തിയും. ഇതുണ്ടാക്കിയാല്‍ ഞാന്‍ തന്നെയാണ് മുഴുവന്‍ തീര്‍ക്കുക. ഞാന്‍ അനിയത്തിയോട് പറയും നിനക്ക് വേണേല്‍ സ്വര്‍ണം തരാം, സ്വത്ത് തരാം, പക്ഷേ ഇത് തരില്ലെന്ന്. അതുപോലെ അമ്മയുടെ ട്രിവാന്‍ഡ്രം സ്‌റ്റൈല്‍ ചിക്കന്‍ ഫ്രൈയും ഉളളിത്തീയലും തക്കാളിത്തീയലുമെല്ലാം വളരെ ടേസ്റ്റിയാണ്.
കഴിക്കാന്‍ മാത്രമല്ല നന്നായി ഭക്ഷണമുണ്ടാക്കാനും എനിക്കറിയാം. ഉണ്ടാക്കുന്നതെല്ലാം ഞാന്‍ ആസ്വദിച്ച് കഴിക്കാറുമുണ്ട്. എന്റെ ഭക്ഷണം കഴിച്ചിട്ടുളളവരും ഇതുവരെ നല്ല അഭിപ്രായമേ പറഞ്ഞിട്ടുളളു. നോണ്‍ വെജാണ് കഴിക്കാനും ഉണ്ടാക്കാനും ഇഷ്ടം. അതില്‍ത്തന്നെ ആമ്പൂര്‍ ബിരിയാണിയാണ് മാസ്റ്റര്‍പീസ്.
പുന്നാരക്കാട്ടിലെ....
വളരെ അപ്രതീക്ഷിതമായി എന്നെ തേടിയെത്തിയ പാട്ടാണ് മലൈക്കോട്ടൈ വാലിബനിലെ ''പുന്നാരക്കാട്ടിലെ''. ആ ഗാനം ഈ സിനിമയിലേതാണെന്ന് പോലും വളരെ വൈകിയാണ് അറിഞ്ഞത്. ഒരുപാട് സന്തോഷം തോന്നി ആ പാട്ട് സംഗീതാസ്വാദകര്‍ സ്വീകരിച്ചു എന്നറിഞ്ഞതില്‍. പാട്ടിനെക്കുറിച്ചും എന്റെ ശബ്ദത്തെ കുറിച്ചും നല്ല അഭിപ്രായങ്ങളാണ് ഇതുവരെ ലഭിച്ചത്. ആദ്യകാലത്ത് ശബ്ദം റജിസ്റ്റര്‍ ആവാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. വളരെ വ്യത്യസ്തമായ ശബ്ദമാണ് എന്റേത്. അതുകൊണ്ടുതന്നെ ചിത്രച്ചേച്ചിയുടെ സ്വരമാധുര്യത്തോടു താരതമ്യം ചെയ്ത് ഒരുപാട് വിമര്‍ശമങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
എന്റെ ശബ്ദം കേട്ട് പൂച്ച കരയുന്ന പോലെ എന്നൊക്കെ അഭിപ്രായപ്പെട്ടവരുണ്ട്. ഇപ്പോള്‍ ‘എന്താ രസം നിങ്ങളുടെ ശബ്ദം’ എന്നുളള അഭിപ്രായം കേള്‍ക്കുമ്പോള്‍ ശരിക്കും ഒരുപാട് സന്തോഷമുണ്ട്. പിന്നെ ഇത് കാലഘട്ടത്തിന്റെ വ്യത്യാസം കൂടിയാണ്. വ്യത്യസ്തമായ ശബ്ദമുളള ഒട്ടേറെ ഗായകര്‍ ഇപ്പോള്‍ നമുക്ക് ചുറ്റുമുണ്ട്. അതെല്ലാം കേട്ട് പരിചയിച്ചതിന്റെ ഒരു ശീലം മലയാളികള്‍ക്കുണ്ടായി. അതുകൊണ്ടുകൂടിയായിരിക്കണം എന്നെയും എന്റെ പാട്ടിനെയും അവര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.
പുതുപ്രതീക്ഷകള്‍...
നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കി അമ്മയ്ക്കും കൂട്ടുകാര്‍ക്കും പെറ്റ്‌സിനുമൊക്കെ കൊടുത്ത് അവരോടൊപ്പം വീട്ടില്‍ സംസാരിച്ചിരിക്കാനും പാട്ട് കേള്‍ക്കാനും പാട്ടിനായി കൂടുതല്‍ സമയം ചെലവാക്കാനുമെല്ലാമാണ് കൂടുതലിഷ്ടം. അതിനായി ഇപ്പോള്‍ സമയം കണ്ടെത്തുന്നു. സംഗീത ബാന്‍ഡ് ഹിരണ്‍മയം കൂടുതല്‍ സജീവമാക്കണമെന്നുണ്ട്. അതിന്റെ പ്രാക്ടീസും മറ്റ് കാര്യങ്ങളും നടക്കുന്നു. പിന്നെ ഇപ്പോള്‍ ഷോകൾ ചെയ്യുന്നുണ്ട്.
കുറച്ച് ഒറിജിനല്‍സ് ഇറക്കണമെന്നുണ്ട്. അതുപോലെ വസ്ത്ര ബ്രാന്‍ഡായ 'ഹിരണ്‍മയ' യെയും കൂടുതല്‍ സജീവമായി മുന്നോട്ടുകൊണ്ടുപോകണമെന്നാണ് പ്രതീക്ഷകള്‍. എന്റെ വ്യക്തിജീവിതത്തിലൂടെ അല്ലാതെ നല്ലൊരു സംഗീതജ്ഞയെന്ന പേരില്‍ അറിയപ്പെടണം. അതിനായുളള ശ്രമങ്ങള്‍ തുടരും.