ഇന്നാട്ടില് ആരും വീട്ടിൽ ഭക്ഷണം ഉണ്ടാക്കില്ല; വേറിട്ട ഗ്രാമത്തെ അറിയാം
Mail This Article
കമ്യൂണിറ്റി കിച്ചണുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഗുജറാത്തിലെ ഒരു ചെറിയ ഗ്രാമത്തിലെ കമ്യൂണിറ്റി കിച്ചൺ അൽപ്പം വ്യത്യസ്തമാണ്. പ്രായമായവർ ഏറെയുള്ള ആ നാട്ടിൽ ആരും വീടുകളിൽ പാകം ചെയ്യാറില്ല. എല്ലാവരും ഒരുമിച്ച് ഒരിടത്ത് ഒത്തുചേർന്ന് ആഹാരമുണ്ടാക്കി കഴിക്കുന്നു. കേൾക്കുമ്പോൾ അദ്ഭുതം തോന്നുമെങ്കിലും ഇങ്ങനെയും ചില കാര്യങ്ങൾ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. അണുകുടുംബങ്ങളും മെട്രോപൊളിറ്റൻ നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്നവരുമെല്ലാം സാധാരണമായ ഇന്നത്തെ കാലത്ത് ഗുജറാത്തിലെ ചന്ദങ്കി ഗ്രാമം വ്യത്യസ്തമാകുന്നത് പരസ്പര സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും കാര്യത്തിലാണ്. പ്രായമായവർക്കിടയിൽ വർദ്ധിച്ചുവരുന്ന ഏകാന്തതയുടെ പ്രശ്നത്തിന് പരിഹാരമായാണ് ഈ പദ്ധതി ആരംഭിച്ചത്.
ഒരിക്കൽ ആയിരത്തിലധികം താമസക്കാർ ഉണ്ടായിരുന്ന ചന്ദങ്കി ഗ്രാമത്തിൽ ഇന്ന് ആകെയുള്ളത് 500 താഴെ മാത്രം ആളുകളാണ്, അധിലധികവും പ്രായമായവർ. ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി നാട്ടിലെ ചെറുപ്പക്കാർ വിദേശങ്ങളിലേയ്ക്കും മറ്റ് നഗരങ്ങളിലേയ്ക്കും കുടിയേറിയപ്പോൾ അവശേഷിച്ചവരാണിത്. അങ്ങനെയാണ് കമ്യൂണിറ്റി കിച്ചൺ ഒരുങ്ങുന്നത്. ഗ്രാമത്തിൽ എല്ലാവർക്കും ഒത്തുകൂടാനൊരു ഇടം കണ്ടെത്തുകയും അവിടെ പാചകപ്പുര സ്ഥാപിക്കുകയുമായിരുന്നു. ഈ പ്രവർത്തിയുടെ പിന്നിൽ ഗ്രാമ സർപഞ്ചായ പൂനംഭായ് പട്ടേലിന് നിർണ്ണായക പങ്കുണ്ട്. 20 വർഷത്തോളം ന്യൂയോർക്കിൽ താമസിച്ചതിനുശേഷം തിരികയെത്തിയ അവർ ഇങ്ങനെയൊരു ആശയം മുന്നോട്ട് വച്ചപ്പോൾ ഗ്രാമം മുഴുവൻ ഒപ്പം നിൽക്കുകയായിരുന്നു.
കമ്യൂണിറ്റി കിച്ചണിന്റെ നടത്തിപ്പിനായി ഒരാൾ പ്രതിമാസം 2,000 രൂപ നൽകണം. അടുക്കളയിൽ വൈവിധ്യമാർന്ന പരമ്പരാഗത ഗുജറാത്തി വിഭവങ്ങൾ എന്നും ഉണ്ടാക്കും. അത് പോഷകങ്ങൾ നിറഞ്ഞതും എല്ലാവിധ രോഗങ്ങൾ ഉള്ളവർക്കും കഴിയ്ക്കാനാവുന്ന വിധത്തിലാണ് തയാറാക്കപ്പെടുന്നതെന്നും ഉറപ്പുവരുത്തും. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന എയർകണ്ടീഷൻ ചെയ്ത ഹാളിലാണ് ഭക്ഷണം വിളമ്പുന്നത്. ഈ ഹാൾ ഒരു ഡൈനിങ് ഏരിയ മാത്രമല്ല, ആളുകൾ അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടുന്ന ഇടം കൂടിയാണ്. ഗ്രാമീണർക്കിടയിൽ ശക്തമായ ഒരു ബന്ധം സൃഷ്ടിക്കാൻ ഇത് സഹായിച്ചുവെന്നതിൽ സംശയമില്ല.
കമ്മ്യൂണിറ്റി കിച്ചൺ എന്ന ആശയം ആദ്യം സംശയത്തോടെയാണ് പലരും കണ്ടതെങ്കിലും പോകെ പോകെ അത് എല്ലാവരുടേയും ഒത്തുചേരലിന്റെ കാരണമായിത്തീർന്നു. ഇന്ന് ഈ കമ്യൂണിറ്റി കിച്ചൺ ആളുകളുടെ ഏകാന്തതയ്‌ക്ക് ഒരു പരിഹാരം മാത്രമല്ല, പ്രായമായവർക്ക് ഭക്ഷണം പാകം ചെയ്ത് ബുദ്ധിമുട്ടേണ്ടി വരുന്നില്ലെന്ന എന്നതുകൂടിയാണ്. ഇത് അവർക്ക് വിശ്രമിക്കാനും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കൂടുതൽ സമയം നൽകുന്നു.ഇപ്പോൾ ചന്ദങ്കിയിലെ കമ്മ്യൂണിറ്റി കിച്ചൺ പുറംലോകത്തിന്റെ ശ്രദ്ധയും ആകർഷിച്ചു തുടങ്ങി. സമാനമായ പ്രശ്‌നങ്ങൾ നേരിടുന്ന മറ്റ് ഗ്രാമങ്ങൾക്കും ഇന്നിതൊരു മാതൃകയാണ്.