ചൂടു കട്ടനും ഉൗട്ടിവർക്കിയും; ഇതാണ് നീലഗിരിയിലെ ഹിറ്റ് കോംബോ
Mail This Article
വ്യത്യസ്തരുചികൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണപ്രേമികൾ ഏത് നാട്ടിലെത്തിയാൽ അവിടുത്തെ വിഭവങ്ങൾ കഴിക്കാറുണ്ട്. നാടുകളുടെ സംസ്കാരം അനുസരിച്ച് രുചികളിലും മാറ്റം ഉണ്ടാകും. പുതി രുചിയിലും ഭാവത്തിലും പേരിലുമൊക്കെ ആരെയും അതിശയിപ്പിക്കുന്ന നിരവധി വിഭവങ്ങളുണ്ട്. ഉൗട്ടി എല്ലാവരുടെയും ഇഷ്ട ഡെസ്റ്റിനേഷനുകളിലൊന്നാണ്. അതിമനോഹര കാഴ്ച മാത്രമല്ല, ഇവിടുത്തെ ഹൈലൈറ്റാണ് ഉൗട്ടി വർക്കി.
പേരു കേട്ട് ഞെട്ടേണ്ട, പലഹാരത്തിന്റെ പേരാണിത്. നിരവധി ആരാധകരുണ്ട് ഉൗട്ടിവർക്കിക്ക്.കോടമഞ്ഞ് പുതച്ച തണുപ്പിൽ കട്ടൻകാപ്പിയോടൊപ്പം ഉൗട്ടിവർക്കിയും കഴിക്കാതെ എന്ത് യാത്ര. ഉൗട്ടിയിലെ ചോക്ലൈറ്റും ഉൗട്ടിപൂവും മാത്രമല്ല ഉൗട്ടി വർക്കിയും സ്പെഷലാണ്. ഉൗട്ടിയിലെ ചെറിയ കടകളിലൊക്കെയും ഇൗ പലഹാരം കിട്ടും. ഉൗട്ടിയിലെ ഒാർഡ് പോസ്റ്റോഫീസ് റോഡിലും ഇൗ വിഭവം ഉണ്ടാക്കുന്ന ചെറിയ കടകളുണ്ട്. ചൂടോടെ കഴിക്കുമ്പോഴാണ് സ്വാദേറുന്നത്. വായിലിട്ടാൽ മൊരിഞ്ഞുപോകുന്ന പോലെയാണ്.
വീട്ടിലും തയാറാക്കാം
∙മൈദ– അര കിലോ
∙ഉപ്പ്– ആവശ്യത്തിന്
∙ബട്ടർ– പകുതിയോളം
∙എണ്ണ– അര കപ്പ്
∙കസ്റ്റർഡ്– അര കപ്പ്
∙പഞ്ചസാര–അര കപ്പ്
∙വനസ്പതി– അര കപ്പ്
തയാറാക്കുന്ന വിധം
മൈദയിലേക്ക് ബട്ടറും ആവശ്യത്തിനുള്ള ഉപ്പും കാൽ കപ്പ് എണ്ണയും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കാം. ചപ്പാത്തിയ്ക്ക് കുഴക്കുന്നതിനേക്കാൾ ഇത്തിരി കൂടി അയച്ചു കുഴക്കണം. അതിനു മുകളിൽ കാൽ കപ്പ് എണ്ണ കൂടി ചേർത്ത് പാത്രം അടച്ച്, ഒരു ദിവസം മുഴുവനും ഫ്രിജിൽ വയ്ക്കാം. അര കപ്പ്് വനസ്പതിയും പഞ്ചസാരയും കസ്റ്റർഡും ചേർത്ത് മാവിലേക്ക് ലെയർ പോലെ ചെയ്തെടുക്കാം. മുഴുവൻ മാവും നന്നായി വലുപ്പത്തിൽ പരത്താം.
അതിന് മുകളിലേക്ക് വനസ്പതി തേച്ച് കൊടുക്കാം. അതിനു മുകളിലേക്ക് കസ്റ്റർഡ് പൊടിയും മൈദയും പഞ്ചസാരയും ചുറ്റും വിതറണം. ശേഷം പരത്തിയത് മടക്കാം. ഒാരോ മടക്കിലും വനസിപതിയും കസ്റ്റർഡും മൈദയും പഞ്ചസാരയും വിതറാം. ചെറിയ ചതുരം പോലെ മടക്കി എടുത്തിട്ട് പിന്നെയും പരത്താം. ശേഷം ചെറിയ ചതുര കഷ്ണങ്ങളായി മുറിച്ചെടുക്കാം. ഇഷ്ടമുള്ള ആകൃതിയിൽ ആക്കിയിട്ട് 180 ഡിഗ്രി സെൽഷ്യസിൽ ഒാവനിൽ വച്ച് ബേയ്ക്ക് ചെയ്തെടുക്കാം. 40 മിനിറ്റിനു ശേഷം നല്ല മൊരിഞ്ഞ രുചിയൂറും ഉൗട്ടി വര്‍ക്കി റെഡി. ചൂടു കട്ടൻകപ്പിയുടെ കൂടെ ഉൗട്ടിവർക്കി ബെസ്റ്റാണ്.
English Summary: Nilgiris Special snack Ooty Varkey