എന്തിനു കള്ളവാറ്റ്, നിയമം വഴിതന്നെ വാറ്റാം! അങ്ങനെ വന്നു സ്കോച്ച്, ബോണ്ടിനെയും വീഴ്ത്തിയ വീര്യം

Mail This Article
വിസ്കി എന്നു പറയുമ്പോൾ സ്കോച്ചും സ്കോട്ട്ലൻഡും കയറി വരാതെ തരമില്ല. ആ രാജ്യവും മേൽത്തരം മദ്യവും തമ്മിൽ അഭേദ്യമായ ബന്ധമാണ്– ഫ്രാൻസും വീഞ്ഞും പോലെ. എന്നാൽ ഒന്നാംതരം മദ്യം ഉൽപാദിപ്പിക്കുന്നത് സ്കോട്ട്ലൻഡ് മാത്രമല്ല. അയർലൻഡ്, ഇംഗ്ലണ്ട്, യുഎസ്, കാനഡ, ജപ്പാൻ, സ്വീഡൻ, സ്പെയിൻ, ടാൻസാനിയ, ഇന്ത്യ... അതെ, ഇന്ത്യയ്ക്ക് സിംഗിൾ മാൾട്ട് ഉണ്ട്! അറിഞ്ഞില്ല, ആരും പറഞ്ഞില്ല... അമൃത് എന്നു പേര്, രുചിയും ഫലവും കേമം, തീവിലയാണെന്ന് പറയേണ്ടതില്ലല്ലോ. എന്നിരുന്നാലും, മറ്റു രാജ്യങ്ങൾ പോലെയല്ല സ്കോട്ട്ലൻഡ്. സ്കോച്ച് അവർക്ക് വെറും മദ്യമല്ല. ചരിത്രം ഉൾച്ചേർന്ന, തലമുറകളിലൂടെ കൈമാറിയ, സമാനതകൾ ഇല്ലാത്ത ഒരു ദേശീയ പൈതൃകമാണ്. ഐറിഷ് വിസ്കിയും ഗിന്നസ് ബിയറും ഒരു പരിധി വരെ ദേശീയതയ്ക്ക് സംഭാവന നൽകുന്നുണ്ട്, പക്ഷേ സ്കോച്ചിനോളം വരില്ല. ഗിന്നസ് എന്നു പേരുള്ള ആ കറുത്ത കയ്പുദ്രാവകത്തിൽ എന്തു മാന്ത്രികതയാണ് ഉള്ളതെന്നും എനിക്കിതു വരെ മനസ്സിലായിട്ടില്ല.