മരണം ചർച്ച ചെയ്യാൻ ഇവിടെയുമുണ്ട് ‘ഡെത്ത് കഫേ’കൾ; നന്നായി ജീവിച്ചവർക്ക് എന്തിന് പേടി? മരണത്തിനോടും പറയാം, ഒരു ഹലോ
Mail This Article
സന്ധ്യ ചായുന്ന പൂമുഖത്തെ ചാരുകസേരയിലിരുന്നു അച്ഛൻ. ആശുപത്രിയിൽ പോയി വന്നതിന്റെ ക്ഷീണം മാറ്റാനുള്ള ഇരിപ്പ്. കയ്യിലേക്കു ചായ നീട്ടിയ മകൾ ഫാനിന്റെ സ്വിച്ചുമിട്ടു. കറങ്ങുന്ന ഫാനിലേക്കു കണ്ണുനട്ടിരുന്ന് അച്ഛൻ പറയാൻ തുടങ്ങി– ‘‘എന്റെ മരണം കഴിഞ്ഞാൽ...’’ ‘‘അച്ഛനെന്തിനാണിപ്പോ ഇതൊക്കെ പറയുന്നത്?’’ -പറയാനുണ്ടായിരുന്നത് അവിടെത്തീർന്നു. നമ്മുടെ മരണത്തെക്കുറിച്ചു നമുക്ക് ഒന്നും പറയാൻ കഴിയാറില്ല. മരണമെന്നതിനു സമൂഹത്തിൽ ഒരു ചട്ടക്കൂടുണ്ട്. അതിലേക്കു നമ്മൾ നിന്നു കൊടുക്കുകയേ വേണ്ടൂ. മരണം വരുന്നതെങ്ങനെയുമാകട്ടെ, അതിലേക്കുള്ള പടികൾ സമൂഹം നിശ്ചയിച്ചു വച്ചിട്ടുണ്ട്. നിങ്ങൾ നിങ്ങളുടെ മരണത്തെക്കുറിച്ച് ഒന്നും മിണ്ടുക പോലും വേണ്ട. ‘അച്ചുവേട്ടന്റെ വീട്’ എന്നൊരു സിനിമയുണ്ടായിരുന്നല്ലോ. അച്ചുവേട്ടൻ മരിച്ചത് അപ്രതീക്ഷിതമായാണ്. അതോടെ കുടുംബം പായ് പൊട്ടിയ വഞ്ചി പോലെയായി. വീട്ടിൽ എല്ലാമുണ്ട്. പക്ഷേ, എങ്ങനെ മുന്നോട്ടു പോകണമെന്നു കുടുംബത്തിന് ഒരു രൂപവുമില്ല. അച്ചുവേട്ടൻ ഒന്നും പറഞ്ഞിരുന്നുമില്ല. വേണ്ട കരുതലൊക്കെ അച്ചുവേട്ടൻ കുടുംബത്തിനു വേണ്ടി ചെയ്തിരുന്നതൊക്കെ പാഴായി. ആരും ഒന്നും അറിഞ്ഞിരുന്നില്ലല്ലോ. മരണത്തിനു മുൻപ് ഓരോരുത്തരും പറയേണ്ട ഒരുപാടു കാര്യങ്ങളുണ്ട്. മരണത്തെക്കുറിച്ചടക്കം. മരണത്തെക്കുറിച്ചു നമ്മൾ സംസാരിക്കാറുണ്ടല്ലോ എന്ന് ആരും പറയും. ഉണ്ട്; അതു മറ്റുള്ളവരുടെ മരണത്തെക്കുറിച്ചാണെന്നു മാത്രം. അവനവന്റെ മരണത്തെക്കുറിച്ചു പറയാനോ ഓർക്കാനോ പോലും നമുക്ക് ഇടം കിട്ടാറില്ല. ഇടം കൊടുക്കാറില്ല എന്നും പറയാം.