ടാറ്റാ മോട്ടോഴ്സ് ഫോഡിനെ ഏറ്റെടുക്കുമോ? കാത്തിരിക്കുന്നു നിക്ഷേപകർ

Mail This Article
ഫോഡ് മോട്ടോഴ്സ് ഇന്ത്യയിലെ ഓപ്പറേഷൻസ് അവസാനിപ്പിക്കുന്ന വിവരം രണ്ടുമാസം മുൻപുതന്നെ പ്രഖ്യാപിച്ചിരുന്നതാണ്. ഫോഡിന് ഇന്ത്യയിൽ പ്രധാനമായും രണ്ട് ഉൽപാദനയൂണിറ്റുകളാണുള്ളത്. ഒന്ന് തമിഴ്നാട്ടിൽ ചെന്നൈയ്ക്കു സമീപവും മറ്റൊന്ന് ഗുജറാത്തിലെ സനന്ദിലുമാണ്. ഫോഡിന്റെ അടച്ചുപൂട്ടലിനെതിരെ തൊഴിലാളികളും കുടുംബാംഗങ്ങളും പ്രതിഷേധവുമായി രംഗത്തുണ്ട്.
തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ശ്രമഫലമായി ടാറ്റാ മോട്ടോഴ്സ് ഫോഡിന്റെ ഇന്ത്യയിലെ പ്ലാന്റുകൾ ഏറ്റെടുക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ടാറ്റാ മോട്ടോഴ്സിന്റെ ചെയർമാൻ തന്നെ തമിഴ്നാട്ടിലെത്തി സ്റ്റാലിനെ നേരിട്ടുകണ്ട് ചർച്ച നടത്തിയതായും വാർത്തകളുമുണ്ട്. അതിനു പുറമെ മുംബൈയിൽനിന്നു ടാറ്റയുടെ ടെക്നിക്കൽ ടീം ഫോർഡ് പ്ലാന്റുകൾ വിസിറ്റ് ചെയ്യുന്നുമുണ്ട്.
ഫോഡ് പ്ലാന്റുകൾ അടച്ചുപൂട്ടുമ്പോൾ നിലവിലുള്ള വാഹനങ്ങൾക്ക് അടുത്ത പത്തു വർഷത്തേക്കു തടസ്സമില്ലാെത സേവനങ്ങൾ നൽകാനുള്ള പദ്ധതി കമ്പനി ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷേ, തൊഴിലാളികളുടെ പുനരധിവാസത്തെപ്പറ്റി തീരുമാനമൊന്നും കമ്പനി പറഞ്ഞിട്ടില്ല.
ഫോഡിന്റെ വരവും പോക്കും

1896 ൽ അമേരിക്കയിലെ ഡട്രോയിറ്റിലാണ് ഹെൻറി ഫോഡ് ആദ്യത്തെ എക്സ്പിരിമെന്റൽ കാർ വർക്‌ഷോപ്പ് വാടകക്കെട്ടിടത്തിൽ ആരംഭിച്ചത്. പിന്നീടു ലോകത്തിന്റെ പല ഭാഗത്തും പ്ലാന്റുകൾ തുടങ്ങി. 1995 ൽ ഇന്ത്യയിലെത്തിയ ഫോഡ് ഓട്ടമൊബീൽ കമ്പനി പാർട്ട്നർഷിപ്പ് കമ്പനിയായാണു തുടക്കം.
1999 ൽ ഫോർഡിന്റെ പൂർണ ഉടമസ്ഥതയിൽ ഫോഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നിലവിൽ വന്നു. ജനപ്രിയ മോഡലുകൾ കമ്പനി അവതരിപ്പിച്ചെങ്കിലും ഉദ്ദേശിച്ചതുപോലെ പിടിച്ചുനിൽക്കാനായില്ല. ലാഭത്തിലും ഉൽപാദനത്തിലും മുന്നേറാൻ കഴിയാത്തതാണ് ഈ അമേരിക്കൻ ഓട്ടമൊബീൽ ഭീമന്റെ അടച്ചുപൂട്ടലിലേക്കു നീങ്ങിയത്.
2025 ഓടെ ടാറ്റ കൂടുതൽ ഇലക്ട്രിക് വാഹനങ്ങളുമായി ഇന്ത്യൻ നിരത്തിലെത്തുമ്പോൾ ഫോഡിന്റെ ഏറ്റെടുക്കൽ നടന്നാൽ കമ്പനിക്കും തൊഴിലാളികൾക്കും അനുകൂലസാഹചര്യം വരുമെന്നതിൽ സംശയമില്ല.
കാർവാഹനരംഗത്ത് നിലവിൽ നേരിടുന്ന പ്രധാന പ്രശ്നം സെമി കണ്ടക്ടറുകളുടെ ക്ഷാമമാണ്. അതിനു പരിഹാരമായി ദക്ഷിണേന്ത്യയിൽ ടാറ്റ ഒരു അസംബ്ലിങ് ടെസ്റ്റിങ് യൂണിറ്റ് തുടങ്ങാൻ തീരുമാനമുണ്ട്. ഇതിനായി കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങളുമായി ചർച്ചയിലാണ്. ഇതു 300 മില്യൻ ഡോളറിന്റേതാണ്. അടുത്ത മാസത്തോടെ തീരുമാനം വരുമെന്നു പ്രതീക്ഷിക്കുന്നു.
2021 ലെ രണ്ടാം പാദഫലം ടാറ്റാ മോട്ടോഴ്സിന് അത്ര ശുഭകരമായിരുന്നില്ല. 4,476 കോടിയുടെ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയത്. മൈലേജ് കൂടിയ കൂടുതൽ വേരിയന്റുകൾ പുറത്തിറക്കാൻ കമ്പനിക്ക് വരും നാളുകളിൽ കൂടുതൽ ഉൽപാദനയൂണിറ്റുകൾ വേണ്ടിവരാം. ഏറ്റെടുക്കൽ ടാറ്റാമോട്ടോഴ്സിനു ഗുണകരമാകാനും ബാലൻസ്ഷീറ്റ് ലാഭത്തിന്റേതാകാനും സഹായകമാകാം.
ലേഖകൻ ഓഹരി വിപണിയിലും അധ്യാപന മേഖലയിലും പ്രവർത്തിക്കുന്നു
English Summary: Will Tata Motors Acquire Ford India