വാഹന വിൽപനയിൽ റെക്കോർഡ്: സിയാം
Mail This Article
ന്യൂഡൽഹി∙ യാത്രാ വാഹനങ്ങളുടെ മൊത്ത വ്യാപാരം ഏപ്രിലിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം). എസ്‌യുവികൾ ഉൾപ്പെടെ യൂട്ടിലിറ്റി വാഹനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്.
നിർമാതാക്കളിൽ നിന്നു ഡീലർമാരിലേക്കുള്ള വാഹന നീക്കത്തിൽ 1.3% വർധനയുണ്ട്. ഈ വർഷം ഏപ്രിലിൽ 3,35,629 യൂണിറ്റുകളാണ് ഡീലർമാരിൽ എത്തിയത്. 2023 ഏപ്രിലിൽ 3,31,278 യൂണിറ്റാണ് കമ്പനികൾ അയച്ചത്. യൂട്ടിലിറ്റി വാഹന വിൽപനയിൽ വർധന 21% ആണ്. കഴിഞ്ഞ മാസം വിറ്റത് 1,79,329 എണ്ണം. 2023 ഏപ്രിലിൽ 1,48,005 എണ്ണം. എന്നാൽ കാറുകളുടെ വിൽപന കുറഞ്ഞതായാണ് കണക്കുകൾ.
96,357 എണ്ണമാണ് ഡീലർമാരിലേക്ക് പോയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 1,25,758 എണ്ണമായിരുന്നു. വാൻ വിൽപനയിൽ 15% വർധനയുണ്ട്. കഴിഞ്ഞ മാസം 12,060 എണ്ണം ഡീലർഷിപ്പുകളിലെത്തി. 10,508 എണ്ണമായിരുന്നു 2023 ഏപ്രിലിൽ. ഇരുചക്ര– മുച്ചക്ര വാഹന വിൽപനയിൽ 31% വർധനയുണ്ടെന്ന് സിയാം പറയുന്നു. 17,51,393 യൂണിറ്റുകളാണ് ഡീലർമാരിൽ എത്തിയത്.2023 ഏപ്രിലിൽ വിൽപന 13,38,588 യൂണിറ്റ്.
വിൽപന ഇനം തിരിച്ച്: കഴിഞ്ഞ മാസത്തേത്/ 2023 ഏപ്രിലിലേത്, (വർധന ശതമാനത്തിൽ) എന്ന ക്രമത്തിൽ.
മോട്ടർ സൈക്കിൾ: 11,28,192 / 8,39,274 (34%)
സ്കൂട്ടർ: 5,81,277 / 4,64,389 (25%)
മുച്ചക്ര വാഹനം: 49,116 / 42,885 (14.5%).