ഇലക്ട്രിക് വാഹന വിൽപനയിൽ തിളങ്ങി കേരളം; സംസ്ഥാനത്ത് പ്ലാന്റ് തുറക്കാൻ മഹീന്ദ്ര, ചർച്ച ഉടൻ
Mail This Article
കേരളത്തിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് തുറക്കാൻ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇത് സംബന്ധിച്ച ചർച്ചകൾക്കായി മഹീന്ദ്ര ഗ്രൂപ്പ് അധികൃതർ അടുത്തയാഴ്ചയോടെ കേരളത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. അതേസമയം, മഹീന്ദ്ര ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കൾ കൂടിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. രാജ്യത്ത് ഇലക്ട്രിക് വാഹന സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. വിൽപന വളർച്ചയിലും കേരളം മുൻനിരയിലുണ്ട്. നടപ്പു സാമ്പത്തിക വർഷം (2024-25) ഇതുവരെയുള്ള കണക്കെടുത്താൽ പാസഞ്ചർ വൈദ്യുത വാഹന (Passenger EV - കാർ, എസ്‍യുവി) ശ്രേണിയിൽ കേരളത്തിന്റെ സാന്ദ്രത 5.6 ശതമാനമാണ്. 3.5 ശതമാനവുമായി ഡൽഹിയാണ് രണ്ടാമത്. കർണാടക 3.2 ശതമാനവുമായി മൂന്നാമതും.
വൈദ്യുത ഇരുചക്ര വാഹന ശ്രേണിയിലും കേരളമാണ് ഒന്നാംസ്ഥാനത്ത്. കേരളത്തിൽ സാന്ദ്രത 13.5 ശതമാനവും രണ്ടാംസ്ഥാനത്തുള്ള കർണാടകയിൽ 11.5 ശതമാനവുമാണ്. മഹാരാഷ്ട്ര (10.1%), ഡൽഹി (9.4%) എന്നിവയാണ് തൊട്ടടുത്തുള്ള സ്ഥാനങ്ങളിൽ. ഇലക്ട്രിക് വാഹന ചാർജിങ് സൗകര്യങ്ങൾ വ്യാപിപ്പിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
ഏത് ശ്രേണിയിലെ പ്ലാന്റാണ് കേരളത്തിൽ മഹീന്ദ്ര ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല. അതേസമയം, മഹീന്ദ്രയുമായുള്ള ചർച്ച വിജയിച്ചാൽ, വ്യാവസായിക രംഗത്ത് കേരളത്തിന് അത് വലിയ നേട്ടമാകും. കൂടുതൽ കമ്പനികളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനും അതു സഹായിക്കും. സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനായി അടുത്തവർഷം ഫെബ്രുവരിയോടെ ആഗോള നിക്ഷേപക സംഗമം (GIM) സംഘടിപ്പിക്കുമെന്ന് മന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
നടപ്പുവർഷം ഇതുവരെ കേരളത്തിൽ 19,954 ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിഞ്ഞിട്ടുണ്ട്. ജൂലൈയിൽ മാത്രം 4,328 ഇലക്ട്രിക് വാഹനങ്ങൾ പുതുതായി നിരത്തിലെത്തിയെന്ന് പരിവാഹൻ കണക്കുകൾ വ്യക്തമാക്കുന്നു. ജൂണിൽ ഇത് 4,298 എണ്ണമായിരുന്നു. സമ്പൂർണ ഇവി (Pure EV) വിഭാഗത്തിൽ വിൽപന ജൂണിലെ 1,163ൽ നിന്ന് ജൂലൈയിൽ 1,893 ആയി ഉയർന്നു. ഹൈബ്രിഡ് ഇവി വിഭാഗത്തിലെ വിൽപന 200ൽ നിന്ന് 291ലേക്കും മെച്ചപ്പെട്ടിരുന്നു.