മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും, 5 സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ കോൺക്ലേവ് ഇന്ന്
Mail This Article
തിരുവനന്തപുരം ∙ 16–ാം ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായി 5 സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഇന്നു 10ന് ഹോട്ടൽ ഹയാത്ത് റീജൻസിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങൾ നേരിടുന്ന വികസന, ധനകാര്യ പ്രശ്നങ്ങൾ ഡോ.എ.അരവിന്ദ് പനഗാരിയ അധ്യക്ഷനായ ധനകാര്യ കമ്മിഷൻ മുന്നിൽ അവതരിപ്പിക്കുന്നതു സംബന്ധിച്ച ആശയരൂപീകരണമാണു സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിക്കും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു എന്നിവർ പങ്കെടുക്കും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ.അരവിന്ദ് സുബ്രഹ്മണ്യൻ, മുൻ മന്ത്രി ടി.എം.തോമസ് ഐസക്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ.വി.കെ.രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
ഉച്ചയ്ക്ക് 2 ന് സാമ്പത്തിക, വികസന വിഷയങ്ങളിൽ ചർച്ച നടക്കും.
മന്ത്രി കെ.എൻ.ബാലഗോപാൽ വിഷയം അവതരിപ്പിക്കും. ഡോ.അരവിന്ദ് സുബ്രഹ്മണ്യൻ, തെലങ്കാന സ്പെഷൽ ചീഫ് സെക്രട്ടറി കെ.രാമകൃഷ്ണ റാവു, കർണാടക അഡീഷനൽ ചീഫ് സെക്രട്ടറി എൽ.കെ.അതീഖ്, തമിഴ്നാട് ധന സെക്രട്ടറി ടി.ഉദയചന്ദ്രൻ, പഞ്ചാബ് ധന സെക്രട്ടറി അജോയ് കുമാർ സിൻഹ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാം തുടങ്ങിയവർ പ്രസംഗിക്കും.
കേന്ദ്ര വിഹിതത്തിൽ അനീതി അനുവദിക്കില്ല:ബാലഗോപാൽ
തിരുവനന്തപുരം ∙ സംസ്ഥാനങ്ങൾക്ക് അർഹമായ നികുതി വിഹിതം ഉറപ്പാക്കുന്നതിനുള്ള പോരാട്ടത്തിൽ കോൺക്ലേവ് നിർണായകമാകുമെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ. പതിനാറാം ധനകാര്യ കമ്മിഷനു മുന്നിൽ അവതരിപ്പിക്കാനുള്ള സമഗ്രമായ നിവേദനത്തിന്റെ കരട് തയാറാക്കിവരികയാണ്. രാജ്യത്തിന്റെ പൊതുവരുമാനം സംസ്ഥാനങ്ങൾക്ക് നീതിയുക്തമായി ലഭിക്കുന്നതിനുള്ള തീരുമാനം ധനകാര്യ കൈക്കൊള്ളുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂർണമായും ഇല്ലാതായി.
10–ാം ധനകാര്യ കമ്മിഷന്റെ കാലത്ത് കേന്ദ്രത്തിൽ നിന്നു കേരളത്തിന് ലഭിച്ച നികുതി വിഹിതം 3.875 ശതമാനമായിരുന്നു. എന്നാൽ, ഇപ്പോൾ 15–ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം കേരളത്തിനു ലഭിക്കുന്നതു വെറും 1.92% മാത്രമാണ്. കേരളത്തിന് ജനസംഖ്യാനുപാതികമായ നികുതിവിഹിതം പോലും നിഷേധിക്കുകയാണ്. കേരളം സ്വന്തം നിലയ്ക്കു വരുമാനം വർധിപ്പിച്ചാണ് ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. സംസ്ഥാനത്തിന്റെ തനത് വരുമാനത്തിൽ 3 വർഷത്തിനിടെ 30,000 കോടി രൂപയുടെ വർധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.