‘ട്വന്റി20യിൽ വേണ്ട, സഞ്ജുവിനെ ഏകദിനത്തിൽ കളിപ്പിക്കുന്നതാണ് ഉചിതം’: നിർദേശവുമായി ജാഫർ
Mail This Article
മുംബൈ∙ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റുവാങ്ങിയ തോൽവി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചില മുതിർന്ന താരങ്ങളുടെ ഉൾപ്പെടെ ഭാവി തുലാസിലാക്കിയിരിക്കുകയാണ്. അടുത്ത മാസം ആരംഭിക്കുന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ടീമിൽ ആരൊക്കെയുണ്ടാകുമെന്ന ചർച്ചകൾ ക്രിക്കറ്റ് ലോകത്ത് സജീവമാണ്. നിരവധി യുവതാരങ്ങൾക്ക് അവസരം ലഭിച്ചേക്കുമെന്നാണ് സൂചനകൾ. ടീമിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട നാലു താരങ്ങളെ നിർദേശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വസീം ജാഫർ.
‘‘ടീം ഇന്ത്യ നിർഭയ ക്രിക്കറ്റ് കളിക്കണം. പ്രത്യേകിച്ച് വൈറ്റ് ബോൾ ക്രിക്കറ്റിൽ. അതിനാൽ തന്നെ ഭയമില്ലാത്ത കളിക്കാൻ സാധിക്കുന്ന താരങ്ങൾക്കും അവസരം നൽകേണ്ടിവരും. കാരണം കളിയുടെ രീതി മാറിക്കൊണ്ടിരിക്കുന്നു. ട്രോഫികൾ നേടണമെങ്കിൽ, ഇന്ത്യൻ ടീം പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്.’’– വസീം ജാഫർ പറഞ്ഞു.
വെസ്റ്റിൻഡീസ് പര്യടനത്തിൽ ടെസ്റ്റ് ടീമിലും ട്വന്റി20 ടീമിലും പരിഗണിക്കേണ്ട താരമാണ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി തിളങ്ങിയ യശ്വസി ജയ്‌സ്വാളെന്ന് ജാഫർ പറഞ്ഞു. വൈറ്റ് ബോളിൽ ജയ്‌സ്വാളിനെ കൂടാതെ, റിങ്കു സിങ്, സഞ്ജു സാംസൺ, ജിതേഷ് ശർമ എന്നിവരെയും ബിസിസിഐ പരിഗണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
‘‘വൈറ്റ് ബോൾ ക്രിക്കറ്റിൽ, പ്രത്യേകിച്ച് ട്വന്റി20യിൽ യശസ്വി ജയ്‌സ്വാൾ തീർച്ചയായും വേണം. റിങ്കു സിങ് മിടുക്കനാണ്. ഋഷഭ് പന്ത് ഇല്ലാത്തതിനാൽ ജിതേഷ് ശർമയ്ക്ക് പകരക്കാരനാകാം. അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ബാറ്റു ചെയ്യാൻ സാധിക്കുന്ന താരമാണ് അദ്ദേഹം. ഏകദിനത്തിൽ സഞ്ജു സാംസണെ പരിഗണിക്കുന്നതാണ് ഉചിതം.’’ ജാഫർ പറഞ്ഞു. ഐപിഎലില്‍ 14 മത്സരങ്ങളില്‍ 156.06. സ്ട്രൈക്ക് റേറ്റില്‍ ജിതേഷ് ശര്‍മ 309 റണ്‍സടിച്ചപ്പോള്‍ സഞ്ജു 14 മത്സരങ്ങളില്‍ 153.38 സ്ട്രൈക്ക് റേറ്റില്‍ 362 റണ്‍സാണ് നേടിയത്.
ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിൽ രണ്ടു ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണുള്ളത്. ജൂലൈ 12നാണ് വിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റ് തുടങ്ങുക. ജൂലൈ 27ന് ഏകദിന പരമ്പരക്ക് തുടക്കമാകുക. വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
English Summary: Ex-India Star Names 4 Players For West Indies Series