ADVERTISEMENT

മുംബൈ∙ എം.എസ്. ധോണി ഇനിയും ഐപിഎല്ലിൽ കളിക്കണമെന്ന് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ധോണിക്ക് കളിക്കുന്നതിനുവേണ്ടി ഐപിഎല്ലിൽ ഇംപാക്ട് പ്ലേയർ നിയമം തുടരണമെന്നും റായുഡു ഒരു സ്പോർ‌ട്സ് മാധ്യമത്തിലെ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടു. ഐപിഎൽ 2024 സീസണില്‍ ചെന്നൈ സൂപ്പർ കിങ്സ് പ്ലേഓഫ് കാണാതെ പുറത്തായിരുന്നു. അടുത്ത സീസണിൽ ചെന്നൈയ്ക്കൊപ്പം ഉണ്ടാകുമോയെന്ന കാര്യം ധോണി വ്യക്തമാക്കിയിട്ടില്ല. കളിക്കുന്ന കാര്യം ധോണിക്കു വിട്ടുകൊടുത്തിരിക്കുകയാണ് ടീം മാനേജ്മെന്റ്. അതിനിടെയാണ് ധോണി കളിക്കണമെന്ന് ആവശ്യപ്പെട്ട് റായുഡു രംഗത്തെത്തിയത്.

‘‘ആര്‍സിബിക്കെതിരായ കളി ധോണിയുടെ അവസാന മത്സരമെന്നു ഞാൻ കരുതുന്നില്ല. ധോണി ഇങ്ങനെ കരിയർ അവസാനിപ്പിക്കാൻ ഞാൻ ആഗ്രഹിക്കില്ല. ആർസിബി താരങ്ങൾ വലിയ ആഘോഷങ്ങളുടെ തിരക്കിലായിട്ടും, ധോണി അവരുടെ റിസർവ് താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൈകൊടുത്ത ശേഷമാണു ഡ്രസിങ് റൂമിലേക്കു മടങ്ങിയത്. പുറത്തായപ്പോഴും ധോണി കുറച്ചേറെ അസ്വസ്ഥനായിരുന്നു. അതു ധോണിയുടെ ശൈലിയല്ല. ക്വാളിഫൈ ചെയ്യാനും മികച്ച രീതിയിൽ തന്നെ കരിയർ അവസാനിപ്പിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു.’’

‘‘അതുകൊണ്ട് അദ്ദേഹം അടുത്ത സീസണിൽ തിരിച്ചുവരില്ലെന്ന് ആർക്കും പറയാൻ സാധിക്കില്ല. ഇംപാക്ട് പ്ലേയർ നിയമം ഐപിഎല്ലിൽ ഉണ്ട്. അതുകൊണ്ട് അവസാന ഓവറുകളിൽ മാത്രം കളിക്കാനിറങ്ങി ശരിയായ ഇംപാക്ട് ഉണ്ടാക്കാൻ ധോണിക്കു സാധിക്കും. ബിസിസിഐ ഇംപാക്ട് പ്ലേയർ നിയമം ഒഴിവാക്കരുത്. ഇനി ബിസിസിഐ ആണു തീരുമാനം എടുക്കേണ്ടത്. അടുത്ത സീസണിലും നമുക്ക് ധോണിയുടെ കളി കാണണം.’’– റായുഡു വ്യക്തമാക്കി.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 13 പന്തുകൾ നേരിട്ട ധോണി 25 റൺസെടുത്താണു പുറത്തായത്. മൂന്നു ഫോറുകളും ഒരു കൂറ്റൻ സിക്സുമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ വെറ്ററന്‍ താരം അടിച്ചത്. പക്ഷേ യഷ് ദയാലിന്റെ അവസാന ഓവറിൽ ധോണി പുറത്തായി മടങ്ങി. ചെന്നൈ സൂപ്പർ കിങ്സിനെ തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നാലാം സ്ഥാനക്കാരായി ഐപിഎൽ പ്ലേഓഫ് ഉറപ്പിച്ചത്.

English Summary:

I don't think this is his last game: Ambati Rayudu about MS Dhoni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com