ADVERTISEMENT

ബെംഗളൂരു∙ പൃഥ്വി ഷാ, അജിൻക്യ രഹാനെ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, ശിവം ദുബെ.... ഏതൊരു രാജ്യാന്തര ട്വന്റി20 ടീമിനെയും വെല്ലുന്ന ബാറ്റിങ് ലൈനപ്പുമായി കലാശപ്പോരിനിറങ്ങിയ മുംബൈയ്‌ക്കെതിരെ കഴിവിന്റെ പരമാവധി പൊരുതി നോക്കി മധ്യപ്രദേശ്. ബാറ്റിങ് നിരയിലെ വമ്പൻമാരെയെല്ലാം പുറത്താക്കിയെങ്കിലും പുത്തൻ താരോദയമായ സൂര്യാംശ് ഷെഡ്ഗെയുടെ മുന്നിൽ മധ്യപ്രദേശിന് അടിപതറി. ഒരറ്റത്തു പൊരുതിനിന്ന സൂര്യകുമാറിനെയും പുറത്താക്കി വിജയം സ്വപ്നം കണ്ട മധ്യപ്രദേശിനെ ‘അടിച്ചോടിച്ച്’ 15 പന്തിൽ പുറത്താകാതെ 36 റൺസെടുത്ത ഷെഡ്ഗെയുടെ മികവിൽ മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ചാംപ്യൻമാർ. കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് മുംബൈയുടെ വിജയം.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 174 റൺസ്. മറുപടി ബാറ്റിങ്ങിൽ 13 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി മുംബൈ വിജയത്തിലെത്തി. ഷെഡ്ഗെയ്ക്കു പുറമേ ആറു പന്തിൽ രണ്ടു സിക്സ് സഹിതം 16 റൺസുമായി പുറത്താകാതെ നിന്ന അഥർവ അൻകൊലേകറും മുംബൈ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഷെഡ്ഗെ കളിയിലെ കേമനായപ്പോൾ, ആദ്യ മത്സരം മുതൽ ഇതുവരെ മുംബൈയെ ഏറെക്കുറെ ഒറ്റയ്ക്കു തോളിലേറ്റിയ വെറ്ററൻ താരം അജിൻക്യ രഹാനെയാണ് ടൂർണമെന്റിന്റെ താരം.

14.4 ഓവറിൽ അഞ്ചിന് 129 റൺസ് എന്ന നിലയിലേക്ക് പതിച്ച മുംബൈയെ, പിരിയാത്ത ആറാം വിക്കറ്റിൽ വെറും 19 പന്തിൽനിന്ന് 51 റൺസ് അടിച്ചുകൂട്ടിയാണ് ഷെഡ്ഗെ – അൻകൊലേകർ സഖ്യം രക്ഷിച്ചത്.

35 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 48 റൺസെടുത്ത സൂര്യകുമാർ യാദവാണ് മുംബൈയുടെ ടോപ് സ്കോറർ. രഹാനെ 30 പന്തിൽ നാലു ഫോറുകളോടെ 37 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒൻപതു പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 16 റൺസെടുത്ത് പുറത്തായി. ഓപ്പണർ പൃഥ്വി ഷാ (ആറു പന്തിൽ ഒരു സിക്സ് സഹിതം 10), ശിവം ദുബെ (ആറു പന്തിൽ രണ്ടു ഫോറുകളോടെ 9) എന്നിവർ നിരാശപ്പെടുത്തി. മധ്യപ്രദേശിനായി ത്രിപുരേഷ് സിങ് രണ്ടും ശിവം ശുക്ല, വെങ്കടേഷ് അയ്യർ, കുമാർ കാർത്തികേയ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

∙ പടനയിച്ച് പാട്ടിദാർ

നേരത്തേ, തകർപ്പൻ അർധസെഞ്ചറിയുമായി ക്യാപ്റ്റൻ രജത് പാട്ടിദാർ മുന്നിൽനിന്ന് പടനയിച്ചതോടെയാണ് മധ്യപ്രദേശ് മുംബൈയ്‌ക്കു മുന്നിൽ 175 റൺസ് വിജയലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശ്, നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 174 റൺസെടുത്തത്. രജത് പാട്ടിദാർ 40 പന്തിൽ ആറു വീതം സിക്സും ഫോറും സഹിതം 81 റൺസുമായി പുറത്താകാതെ നിന്നു. മുംബൈയ്‌ക്കായി ഷാർദുൽ താക്കൂർ, റോയസ്റ്റൺ ഡയസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

ഓപ്പണർമാർ ഇരുവരും കാര്യമായ സംഭാവന കൂടാതെ മടങ്ങിയതോടെ തുടക്കം മോശമായെങ്കിലും, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായ രജത് പാട്ടിദാർ ഐപിഎൽ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കത്തിക്കയറിയതോടെയാണ് മധ്യപ്രദേശ് മികച്ച സ്കോറിലെത്തിയത്. ആറാം വിക്കറ്റിൽ രാഹുൽ ബാതത്തിനൊപ്പം രജത് പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് മധ്യപ്രദേശ് ഇന്നിങ്സിന്റെ നട്ടെല്ല്.

ബാതം 14 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 19 റൺസെടുത്ത് പുറത്തായി. ശുഭ്രാൻഷു സേനാപതി, (17 പന്തിൽ രണ്ടു സിക്സറുകള്‍ സഹിതം 23), ഹർപ്രീത് സിങ് ഭാട്യ (23 പന്തിൽ രണ്ടു ഫോറുകൾ സഹിതം 15), വെങ്കടേഷ് അയ്യർ (ഒൻപതു പന്തിൽ ഓരോ സിക്സും ഫോറും സഹിതം 17) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓപ്പണർമാരായ അർപ്പിത് ഗൗദ് (ഏഴു പന്തിൽ മൂന്ന്), ഹർഷ് ഗാവ്‌ലി (നാലു പന്തിൽ രണ്ട്), ത്രിപുരേഷ് സിങ് (0), ശിവം ശുക്ല (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.

മുംബൈയ്ക്കായി ഷാർദുൽ താക്കൂർ രണ്ടാം ഓവറിൽ ഒരു റൺ വിട്ടുകൊടുത്ത് വീഴ്ത്തി രണ്ട് വിക്കറ്റ് ഉൾപ്പെടെ, നാല് ഓവറിൽ 41 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. റോയ്സ്റ്റൺ ഡയസ് മൂന്ന് ഓവറിൽ 32 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് സ്വന്തമാക്കി. അഥർവ അൻകൊലേക്കർ, ശിവം ദുബെ, സൂര്യാൻഷ് ഷെഡ്ഗെ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.

English Summary:

Mumbai vs Madhya Pradesh, Syed Mushtaq Ali Trophy Final - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com