ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിൽ ഓസീസിന് 9 വിക്കറ്റ് ജയം, പരമ്പര; ദിമുത് കരുണരത്നെ വിരമിച്ചു

Mail This Article
ഗോൾ ∙ ദിമുത് കരുണരത്‌നെയുടെ വിരമിക്കൽ ടെസ്റ്റിലും ഓസ്ട്രേലിയ ശ്രീലങ്കയോടു കരുണ കാട്ടിയില്ല. രണ്ടാം ടെസ്റ്റിൽ നാലാം ദിനം തന്നെ 9 വിക്കറ്റ് ജയം സ്വന്തമാക്കിയ ഓസീസ് പരമ്പര 2–0നു സ്വന്തമാക്കി. 14 വർഷങ്ങൾക്കു ശേഷമാണ് ഓസീസ് ലങ്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ലഞ്ചിനു മുൻപേ വിജയം സ്വന്തമാക്കി.
ട്രാവിസ് ഹെഡിന്റെ (20) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. കരുണരത്നെയുടെ പന്തിൽ നിന്നുള്ള സിംഗിളിലൂടെ മാർനസ് ലബുഷെയ്നാണ് (26) ഓസീസിന്റെ വിജയറൺ കുറിച്ചത്. സ്കോർ: ശ്രീലങ്ക– 257, 231. ഓസ്ട്രേലിയ– 414, ഒന്നിന് 75.
ഓസീസിന്റെ ഒന്നാം ഇന്നിങ്സിൽ സെഞ്ചറി നേടിയ വിക്കറ്റ് കീപ്പർ അലക്സ് ക്യാരിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ 2 സെഞ്ചറികൾ ഉൾപ്പെടെ 272 റൺസ് നേടിയ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് പ്ലെയർ ഓഫ് ദ് സീരീസ്. ആദ്യ ടെസ്റ്റിൽ ഓസീസ് ഇന്നിങ്സിനും 242 റൺസിനുമാണ് ജയിച്ചത്.
പരമ്പര നേട്ടത്തോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാമതെത്താനും ഓസ്ട്രേലിയയ്ക്കായി. ഇരുടീമുകളും ഫൈനൽ ബെർത്ത് നേരത്തേ ഉറപ്പിച്ചിരുന്നു.
∙ കരുണരത്‌നെ വിരമിച്ചു
തന്റെ 100–ാം ടെസ്റ്റിൽ വിജയത്തോടെ വിടവാങ്ങാമെന്ന ലങ്കൻ താരം ദിമുത് കരുണരത്നെയുടെ മോഹം സഫലമായില്ല. രണ്ട് ഇന്നിങ്സിലുമായി 50 റൺസാണ് മുപ്പത്തിയാറുകാരൻ കരുണരത്നെയ്ക്ക് അവസാന ടെസ്റ്റിൽ നേടാനായത്. 100 ടെസ്റ്റുകളിൽ നിന്ന് 39.25 ശരാശരിയിൽ 7222 റൺസാണ് കരിയർ സമ്പാദ്യം. 100 ടെസ്റ്റ് തികച്ച ഏഴാമത്തെ ശ്രീലങ്കൻ താരമാണ് കരുണരത്നെ.