മൈതാനത്ത് മങ്ങിയ വെളിച്ചം, കുടിക്കാൻ വെള്ളം പോലും കിട്ടിയില്ലെന്ന് കോൺസ്റ്റന്റൈൻ

Mail This Article
മലപ്പുറം ∙ ‘എത്രയോ തവണ ഞാൻ കേരളത്തിലേക്കു വന്നിട്ടുണ്ട്. ഇവിടത്തുകാരുടെ ഫുട്ബോൾ സ്നേഹത്തെക്കുറിച്ചു നന്നായി അറിയാം. പക്ഷേ, ഇതു നാണക്കേടാണ്’. പറയുന്നതു മറ്റാരുമല്ല. മുൻ ഇന്ത്യൻ കോച്ചും നിലവിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനുമായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ.
സൂപ്പർ കപ്പിനെത്തുന്ന ടീമുകൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെക്കുറിച്ചും ആസൂത്രണമില്ലായ്മയെക്കുറിച്ചുമാണ് അദ്ദേഹം വിമർശനമുന്നയിച്ചത്. ടീമിന്റെ പരിശീലനത്തിനായി ഇന്നലെ രാത്രി 7ന് കോട്ടപ്പടി സ്റ്റേഡിയത്തിലെത്തിയതായിരുന്നു അദ്ദേഹം.
‘‘സൂപ്പർ കപ്പു പോലുള്ള ടൂർണമെന്റിന്റെ പരിശീലന മൈതാനത്ത് ഈ വെളിച്ചം മതിയോ? ഈ മങ്ങിയ വെളിച്ചത്തിൽ കളിച്ച് എന്റെ ടീം അംഗങ്ങളിലാർക്കെങ്കിലും പരുക്കു പറ്റിയാൽ ആരു സമാധാനം പറയും. ഒരു ലൈൻ പോലും ഈ മൈതാനത്തു മാർക്ക് ചെയ്തിട്ടില്ല. മൈതാനത്തിൽ ഒരു ലൈൻ വരയ്ക്കാൻ പോലും സംവിധാനമില്ലെന്നു പറയരുത്. 8 ടീമുകൾക്ക് ഒരു പരിശീലന മൈതാനം മാത്രം. ഇതാണോ ഈ ടൂർണമെന്റിന്റെ നിലവാരം. നിങ്ങൾ ഒരാളെ വീട്ടിലേക്കു ഭക്ഷണത്തിനു ക്ഷണിക്കുകയാണെങ്കിൽ വീട്ടിൽ ഭക്ഷണമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ ചുമതലയാണ്.’’
‘‘5 മിനിറ്റ് പത്രസമ്മേളനത്തിനായി എനിക്ക് ഇന്നലെ കോഴിക്കോട്ടേക്കും തിരിച്ചു പുലാമന്തോളിലുള്ള ടീമിന്റെ താമസസ്ഥലത്തേക്കുമായി മണിക്കൂറുകൾ യാത്രചെയ്യേണ്ടി വന്നു. ഒരു കുപ്പി വെള്ളം പോലും കോഴിക്കോട്ട് പത്രസമ്മേളനത്തിനെത്തിയ ഞങ്ങൾക്കായി അവിടെ ഒരുക്കിയിരുന്നില്ല. ഇത്രയും ദൂരം യാത്ര വേണ്ടിയിരുന്നോ? കളി നടക്കുന്ന മഞ്ചേരിയിൽത്തന്നെ പത്രസമ്മേളനം നടത്താമായിരുന്നില്ലേ. ഇപ്പോൾ പരിശീലനത്തിനെത്തിയപ്പോൾ മൈതാനത്തിന്റെ സ്ഥിതി ഇതാണ്. ലോക്കൽ ഫുട്ബോൾ അസോസിയേഷന്റെ ആരും ഇവിടെയില്ലാത്തതെന്താണ്. ഞാൻ പല രാജ്യങ്ങളിൽ ഫുട്ബോൾ ടൂർണമെന്റുകൾക്കു പോയിട്ടുണ്ട്. ഇതുപോലെ മോശം അനുഭവം ഇതുവരെയുണ്ടായിട്ടില്ല’’– കോൺസ്റ്റൻന്റൈൻ മനോരമയോടു പറഞ്ഞു.
ഇന്ന് രാത്രി 8.30ന് പയ്യനാട് സ്റ്റേഡിയത്തിൽ ഒഡീഷ എഫ്സിക്കെതിരെയാണ് ഈസ്റ്റ് ബംഗാളിന്റെ മത്സരം. സൂപ്പർ കപ്പിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിനെച്ചൊല്ലി പല ടീമുകൾക്കും പരാതിയുണ്ട്. ടീമുകൾ പരിശീലനം നടത്തുന്ന മൈതാനത്തിനു പുറത്ത് ആംബുലൻസ് വേണമെന്നു നിബന്ധനയുണ്ട്. താരങ്ങൾക്കു പരുക്കു പറ്റിയാൽ പെട്ടെന്ന് ആശുപത്രിയിലെത്തിക്കാൻ വേണ്ടിയാണിത്. എന്നാൽ ഇന്നലെ ഈസ്റ്റ് ബംഗാൾ പരിശീലനം നടത്തുന്ന സമയത്ത് ആംബുലൻസ് പുറത്തുണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോൾ ടീം എത്തുന്നതിനു മുൻപു തന്നെ ആംബുലൻസ് സ്ഥലം വിട്ടു എന്നാണറിഞ്ഞത്.
English Summary: East Bengal coach Stephen Constantine slams Super Cup organisers