ഛേത്രിക്കും സംഘത്തിനും എയർപോർട്ടിൽ ‘വാംഅപ്’, ഹാങ്ചോ വിമാനത്തിനായി 9 മണിക്കൂർ കാത്തിരിപ്പ്
Mail This Article
ഹാങ്ചോയിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പുരിലെത്തിയപ്പോൾ വിമാനത്താവളത്തിൽ ഏറെ പരിചിതമായൊരു മുഖം. ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ ഇന്ത്യയുടെ ആശയും പ്രതീക്ഷയുമായ ക്യാപ്റ്റൻ സുനിൽ ഛേത്രി. പരിസരമൊന്നും ശ്രദ്ധിക്കാതെ പുസ്തകം വായിച്ചിരിക്കുകയാണ് ഛേത്രി. സീനിയർ താരം സന്ദേശ് ജിങ്കാനും മലയാളികളായ കെ.പി.രാഹുലും അബ്ദുൽ റബീഹും അടക്കമുള്ള സഹതാരങ്ങളും സമീപത്തെ ഇരിപ്പിടങ്ങളിലുണ്ട്. ഗ്രൗണ്ടിലിറങ്ങാൻ അവസരം തേടി ഡഗ്ഔട്ടിൽ ഇരിക്കുന്നതുപോലെ, ഹാങ്ചോ ഫ്ലൈറ്റിനായി ഇവർ കാത്തിരിപ്പ് തുടങ്ങിയിട്ട് 9 മണിക്കൂറിലധികമായി. ചൈനയ്ക്കെതിരായ ഇന്നത്തെ മത്സരത്തിനു മുൻപ് അവസാനവട്ട ഒരുക്കം നടത്തേണ്ട സമയമാണ് ഛേത്രിയടക്കമുള്ള ഇന്ത്യൻ ടീമിന് ഇങ്ങനെ നഷ്ടമായത്. അതിന്റെ നിരാശ ടീമംഗങ്ങളുടെ മുഖത്ത് തെളിഞ്ഞു കാണാം.
ടീം തിരഞ്ഞെടുപ്പിന്റെ പേരിലുള്ള വാദപ്രതിവാദങ്ങൾ നിശ്ചിത സമയവും എക്സ്ട്രാ ടൈമും കടന്ന് ഷൂട്ടൗട്ടിലേക്കു നീണ്ടതോടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന് ഏഷ്യൻ ഗെയിംസ് യാത്രയ്ക്കുള്ള ടിക്കറ്റ് ലഭിച്ചത് മത്സരത്തലേന്നാണ്. 16ന് ഏഷ്യൻ ഗെയിംസിനായി യാത്ര തിരിക്കേണ്ടിയിരുന്ന ടീമിന് ഇന്നലെ പുലർച്ചെയാണ് ഡൽഹിയിൽ നിന്നു പുറപ്പെടാനായത്. പ്രാദേശിക സമയം രാവിലെ ഏഴിന് സിംഗപ്പുരിലെത്തിയെങ്കിലും അവിടെ നിന്ന് ഹാങ്ചോവിലേക്കുള്ള വിമാനം വൈകിട്ട് 4.30ന്. ഒടുവിൽ ഹാങ്ചോവിലെ ഹോട്ടലിൽ എത്തിയത് രാത്രി പത്തിനുശേഷവും. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യയുടെ എതിരാളികളായ ചൈനയും ബംഗ്ലദേശുമെല്ലാം കഴിഞ്ഞ 2 ദിവസമായി ഗെയിംസ് വേദിയിൽ കഠിന പരിശീലനം നടത്തുമ്പോഴാണ് ഇന്ത്യൻ ടീമിന്റെ വൈകിയുള്ള വരവ്.
പരിശീലന ക്യാംപുണ്ടായില്ല, ഒരു ദിവസം പോലും ഒന്നിച്ചു ചെലവഴിച്ചിട്ടില്ല. ഇതുവരെ ഒരു മത്സരത്തിലെങ്കിലും ഒരുമിച്ചു കളിച്ച 11 പേർ 21 അംഗ ടീമിലില്ല. ടീമംഗങ്ങളുടെ ഈ പരിചയക്കുറവ് താരങ്ങളുടെ സമീപനത്തിലും വ്യക്തമാണ്. ടീമിലെ വല്യേട്ടൻമാരായ ഛേത്രിയും ജിങ്കാനും എപ്പോഴും ഒരുമിച്ചിരുന്നു സംസാരിക്കുന്നു. ഐഎസ്എൽ ടീമിൽ ഒരുമിച്ചുള്ളവർ, ഒരേ സംസ്ഥാനത്തുനിന്നുള്ളവർ എന്നിങ്ങനെ ചേരി തിരിഞ്ഞ് മറ്റുള്ള താരങ്ങൾ വിമാനത്താവളത്തിൽ നേരമ്പോക്ക് കണ്ടെത്തുന്നു.
വിമാനത്തിൽ നിന്നു നേരേ ഗ്രൗണ്ടിലേക്ക് ലാൻഡ് ചെയ്യേണ്ട അവസ്ഥയാണല്ലോ എന്നു ചോദിച്ചപ്പോൾ ഛേത്രി ആദ്യമൊന്നു ചിരിച്ചു. പിന്നാലെ മൂർച്ചയേറിയൊരു മറുപടി; ‘ഏതു ചാംപ്യൻഷിപ്പായാലും കളിക്കുന്നത് ഇന്ത്യൻ ടീമാണ്, ഇത്തരം കാര്യങ്ങളിൽ നമ്മൾ കുറച്ചുകൂടി ഗൗരവം കാണിക്കണം എന്നു തോന്നുന്നു..’
English Summary: Chhetri and his team had a 'warm-up' at the airport