വിറച്ചെങ്കിലും ഉരുക്കുകോട്ട കാത്ത് കേരള ബ്ലാസ്റ്റേഴ്സ്, ഡബിളടിച്ച് ഡയമെന്റകോസ്

Mail This Article
കൊച്ചി ∙ ചെന്നൈയിൻ പടയോട്ടത്തിൽ അൽപം വിറച്ചെങ്കിലും കൊച്ചിയെന്ന ഉരുക്കുകോട്ടയിൽ വീഴാതെ കാത്തു, ബ്ലാസ്റ്റേഴ്സ്! പിന്നിൽനിന്നു തിരിച്ചടിച്ചു നേടിയതു തിളക്കമുള്ള സമനില (3–3). 0–1 നും 1–3 നും പിന്നിലായ ശേഷമായിരുന്നു കൊമ്പൻമാരുടെ ഗംഭീര തിരിച്ചടി.
എങ്കിലും, തുറന്ന അവസരങ്ങൾ നഷ്ടമാക്കിയില്ലായിരുന്നെങ്കിൽ ജയിക്കാമായിരുന്നു എന്ന നിരാശ ബാക്കി! ചെന്നൈയിനു വേണ്ടി റഹിം അലിയും (1"), ജോർദൻ മറെയും (13", 24") ഗോളടിച്ചപ്പോൾ ദിമിത്രി ഡയമന്റകോസ് (പെനൽറ്റി –11", 59), ക്വാമെ പെപ്ര (38") എന്നിവരായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വേട്ടക്കാർ.
ഡിസംബർ 3ന് എഫ്സി ഗോവയാണു ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികൾ. വേദിയും ഗോവ തന്നെ.
ത്രില്ലർ തുടക്കം
അടിമുടി സംഭ്രമ ജനകം! ഒന്നാം മിനിറ്റിലെ ഗോളിനു 11 – ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ മറുപടി. വീണ്ടും വീണ്ടും ചെന്നൈയിൻ ഗോളുകൾ. പതറാതെ കൊമ്പൻമാരുടെ തിരിച്ചടി. സീസണിൽ കൊച്ചിയിൽ തോറ്റിട്ടില്ലെന്ന റെക്കോർഡും ബ്ലാസ്റ്റേഴ്സ് കൈവിട്ടില്ല. റാഫേൽ ക്രിവലാറോയെന്ന ബ്രസീലിയൻ പ്രതിഭയ്ക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് വീണതു രണ്ടു വട്ടം. ഒന്നാം മിനിറ്റിൽ വലതു പാർശ്വത്തിലൂടെ തെന്നിക്കയറിയ ക്രിവലാറോയെ വീഴ്ത്തിയതിനു ചെന്നൈയ്ക്കു ലഭിച്ചതു ഫ്രീ കിക്ക്. ക്രിവലാറോയുടെ കിക്ക് ബ്ലാസ്റ്റേഴ്സ് ബോക്സിൽ പിൻകാൽ കൊണ്ടു തലോടി വിടുകയേ ചെയ്തുള്ളു, റഹിം അലി. മുറിവേറ്റ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി ഏറെ വൈകിയില്ല. കുതിച്ചു കയറിയ ക്വാമെ പെപ്രയെ ചെന്നൈയിൻ പ്രതിരോധ താരം അജിത് കുമാർ വലിച്ചിട്ടതു ബോക്സിൽ. പെനൽറ്റി. ദിമിത്രി ഡയമന്റകോസിന്റെ കാർപെറ്റ് ഷൂട്ട് ചെന്നൈയിൻ വലയുടെ വലതു മൂലയിൽ; ഗോൾ! സമനിലയിൽ നിന്നു ലീഡിലേക്കു കുതിക്കാനുള്ള ബ്ലാസ്റ്റേഴ്സ് ശ്രമത്തിനിടെ, ചെന്നൈയുടെ കൗണ്ടർ അറ്റാക്ക്. ക്രിവലാറോയുടെ കുതിപ്പു ബോക്സിനുള്ളിലേക്ക്. നവോച്ച സിങ്ങിന്റെ ‘തടയൽ ശ്രമം’ ഫൗളിലേക്കു വഴുതി. പെനൽറ്റി. പിഴവേതും കൂടാതെ ജോർദൻ മറെയുടെ ഗ്രൗണ്ടർ ഗോളി സച്ചിൻ സുരേഷിന്റെ വലതു വശത്തു കൂടി ഗോളിലേക്ക്.
പെപ്ര ഗോൾ!
തിരിച്ചടിക്കാനുള്ള നീക്കത്തിനിടെ, മധ്യവരയ്ക്കു സമീപം ബ്ലാസ്റ്റേഴ്സിന്റെ മിസ് പാസ് പിടിച്ചെടുത്ത റഹിം അലിയുടെ പാസ് മറെയിലേക്ക്. സച്ചിൻ സുരേഷ് മാത്രം മുന്നിൽ നിൽക്കെ ഇടതു ഗോളിലേയ്ക്കൊരു മിസൈൽ ഷോട്ട്! മുൻ ബ്ലാസ്റ്റേഴ്സ് താരം കൂടിയായ മറെയുടെ രണ്ടാം ഗോൾ, ചെന്നൈയിന്റെ 3 –ാം ഗോൾ. രണ്ടു ഗോളിനു പിന്നിലായതോടെ ബ്ലാസ്റ്റേഴ്സ് നിരയ്ക്കു തീപിടിച്ചു. ചെന്നൈയിൻ ബോക്സിലേക്ക് ലൂണയുടെ മിന്നൽ ഷോട്ട് ടാപ് ചെയ്ത പെപ്ര രണ്ടു ചെന്നൈയിൻ പ്രതിരോധ ഭടൻമാരെ വെട്ടിയൊഴിഞ്ഞു നിറയൊഴിച്ചതു ഗോളിലേക്ക്! ലീഗിലെ ആദ്യ ഗോളിന്റെ ആവേശത്തിൽ ആഫ്രിക്കൻ നൃത്തവുമായി പെപ്രയുടെ ആഘോഷം. കഴിഞ്ഞ കളികളിലൊന്നും ഗോൾ കണ്ടെത്താനാകാത്തതിന്റെ സമ്മർദം കൂടി തീർത്ത ഗോൾ. ആദ്യ ഗോളിനു വഴിവച്ചതും പെപ്രയായിരുന്നു. 59 –ാം മിനിറ്റ്. മധ്യനിരയിൽ ലൂണ തുടക്കമിട്ട നീക്കം ഡാനിഷ് ഫാറൂഖ് വഴി ദിമിയിലേക്ക്. ചെന്നൈയിൻ ക്യാപ്റ്റൻ ലാസർ സിർകോവിച്ചിനെ വെട്ടിയൊഴിഞ്ഞ് ബോക്സിനു ദൂരെ നിന്നൊരു ലോങ് റേഞ്ചർ.
മുഴുനീളത്തിൽ ഡൈവ് ചെയ്ത ഗോൾ കീപ്പർ ദേബ്ജിത് മജുംദാറിന് എത്താനാകുന്നതിനും ഉയരത്തിൽ പോസ്റ്റിന്റെ ഇടതുമൂലയിൽ! യവനകഥയിലെ നായകനെപ്പോലെ മസിൽ പെരുപ്പിച്ചു ദിമിയുടെ ആഘോഷം. ബ്ലാസ്റ്റേഴ്സിനു സമനില! പിന്നീട്, യെലോ ആർമിയുടെ തുടർച്ചയായ ആക്രമണം. ദിമി – പെപ്ര വഴിയെത്തിയ പന്ത് ബോക്സിനുള്ളിലേക്ക് ഓടിക്കയറി വലയിലേക്കു പായിക്കാൻ ലൂണ ശ്രമിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക്.
അടുത്ത നഷ്ടം സകായ് വക. മിലോസ് ഡ്രിൻസിച് ചെന്നൈയിൻ ബോക്സിനുള്ളിൽ നൽകിയ പാസ് സകായ് തള്ളിയതു പുറത്തേക്ക്!