ബ്ലാസ്റ്റേഴ്സിനെതിരെ വീണ്ടും ഗോളടിച്ച് മലയാളി താരം, പന്തിനു മുന്നിൽ ഞെട്ടിനിന്ന് കോറോ സിങ്

Mail This Article
മലയാളി ഗോളിനു മുന്നിൽ കേരളം തോറ്റു. ഐഎസ്എൽ ഫുട്ബോളിൽ, ഈസ്റ്റ് ബംഗാളിനോടു കേരള ബ്ലാസ്‌റ്റേഴ്സിന് 2–1 തോൽവി. സ്കോർ: 2-1. കാസർകോട് സ്വദേശി പി.വി. വിഷ്‌ണു 20 -ാം മിനിറ്റിലും ജോർദാൻ താരം ഹിജാസി 72-ാം മിനിറ്റിലും ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ 84ാം മിനിറ്റിൽ ഡാനിഷ് ഫാറൂഖിന്റെ വകയായിരുന്നു. തോറ്റെങ്കിലും 21 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തും ജയിച്ചെങ്കിലും 17 പോയിന്റുമായി ഈസ്റ്റ് ബംഗാൾ 11-ാം സ്ഥാനത്തും തുടരുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. 30നു ചെന്നൈയിൽ ചെന്നൈയിൻ എഫ്സിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
വിഷ്ണു വിജയം
കൊച്ചിയിലെ തങ്ങളുടെ എവേ മാച്ചിൽ ഗോൾ നേടി ബ്ലാസ്റ്റഴ്സിനെ ഞെട്ടിച്ച പി.വി.വിഷ്ണു കൊൽക്കത്തയിലും അതാവർത്തിച്ചു. ക്യാപ്റ്റൻ ക്ലീറ്റൻ സിൽവ നൽകിയ ബോളുമായി മുന്നേറിയ വിഷ്ണുവിനെ തടയാൻ ഗോൾകീപ്പർ സച്ചിൻ സുരേഷ് മുന്നോട്ടു കയറി. സച്ചിനെ വെട്ടിച്ചു വിഷ്ണു പോസ്റ്റിലേക്കു തട്ടിവിട്ട പന്ത് ബ്ലാസ്റ്റേഴ്സ് താരം കോറോ സിങ്ങിന്റെ കൺമുന്നിലൂടെ കടന്നു ഗോളായി. പന്തു വന്ന വഴി മനസ്സിലാകാതെ പോസ്റ്റിന് മുന്നിൽ കോറോ സിങ് അമ്പരന്നു നിന്നു - ഒരു ബോളല്ലേ എന്റെ മുന്നിലൂടെ പോകുന്നത് എന്ന മട്ടിൽ!!
സെലിസ് ഫാക്ടർ
ജനുവരി ട്രാൻസ്ഫറിൽ ഈസ്റ്റ് ബംഗാളിന് ഒപ്പമെത്തിയ വെനസ്വേല ഫോർവേഡ് റിച്ചഡ് സെലിസ് ഹോം ഗ്രൗണ്ടിൽ ബംഗാൾ ബ്രിഗേഡിന്റെ അമരക്കാരനാകുന്ന കാഴ്ചയാണു സോൾട്ട് ലേക്കിൽ കണ്ടത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലൂടെ ഇരച്ചു കയറിയ സെലിസിന്റെ ലോങ് റേഞ്ചറുകളും അപകടം വിതച്ചു. 37-ാം മിനിറ്റിൽ സെലിസിന്റെ ഷോട്ട് തടുക്കാൻ ഗോൾ കീപ്പർ സച്ചിനു പകരം ഗോൾപോസ്റ്റിന് കഴിഞ്ഞത് ഭാഗ്യമായി! ഫ്രീകിക്ക് എടുക്കുന്നതിനിടെ 70-ാം മിനിറ്റിൽ അഡ്രിയൻ ലൂണയെ തള്ളിയിട്ട് തന്റെ പോരാട്ടവീര്യം പ്രദർശിപ്പിക്കാനും സെലിസ് മടിച്ചില്ല. സെലിസിന് മഞ്ഞക്കാർഡും കിട്ടി.
പ്രതിരോധം പാളി
58-ാം മിനിറ്റിൽ പ്രതിരോധത്തിൽനിന്ന് മിലോസ് ഡ്രിൻസിച്ചിനെ പിൻവലിച്ച് മുന്നേറ്റത്തിലേക്കു ക്വാമെ പെപ്രയെ നിയോഗിച്ചപ്പോൾ ഗോൾ എന്ന ലക്ഷ്യം മാത്രമാണു ബ്ലാസ്റ്റേഴ്സിനെന്നു വ്യക്തമായി. പെപ്രെയും നോവയും പലവട്ടം മുന്നേറ്റങ്ങൾക്കു ശ്രമിച്ചെങ്കിലും ബംഗാളി പ്രതിരോധത്തിൽ അതെല്ലാം അവസാനിച്ചു. മുന്നേറി വരുന്നവർക്ക് ആതിഥേയരെപ്പോലെ വാതിൽ തുറന്നു നൽകിയ ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഗോൾകീപ്പർ സച്ചിൻ സുരേഷിന് ഓവർ ടൈം ജോലിയും നൽകി.
72-ാം മിനിറ്റിൽ ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ; ജോർദാൻ താരം ഹിജാസിയുടെ വക (2–0).
ഗോളിനായി ദാഹിച്ച ബ്ലാസ്റ്റേഴ്സിനു പ്രതീക്ഷ നൽകിയ നിമിഷം 84-ാം മിനിറ്റിലെത്തി. ക്യാപ്റ്റൻ ലൂണ ഉയർത്തി നൽകിയ പന്തു ബോക്സിനുള്ളിൽവച്ചു പിടിച്ചെടുത്ത ഡാനിഷ് ഫാറൂഖിന്റെ ഉശിരനടി ഗോൾ പോസ്റ്റിൽ തുളഞ്ഞു കയറി. വിബിൻ മോഹനു പകരമിറങ്ങി 4 മിനിറ്റിനുള്ളിലാണ് ഡാനിഷ് ഗോൾ നേടിയത്. വീണ്ടുമൊരു ഗോളിനായി ഇരുടീമും പരിശ്രമിച്ചെങ്കിലും ഫലിച്ചില്ല.