ആരും പറയും അതിമനോഹരം; വീട്ടിലിരുന്ന് സ്വന്തമാക്കാം ലാവെൻഡർ മിൽക്ക് നെയിൽസ്

Mail This Article
സെലിബ്രിറ്റികളുടെ അഭിമുഖങ്ങൾ കാണുമ്പോൾ പലരുടെയും കണ്ണുടക്കുക നീണ്ടു ഭംഗിയുള്ള അവരുടെ വിരലുകളിലേക്കു കൂടിയാണ്. അവരുടേതു പോലെ മനോഹരമായ കൈകളും നഖങ്ങളും സ്വന്തമാക്കാൻ ബ്യൂട്ടിപാർലറുകളിൽ പോയി എത്ര പണം മുടക്കാനും പലർക്കും മടിയില്ല. എന്നാൽ വീട്ടിലിരുന്നു തന്നെ സെലിബ്രിറ്റികളുടേതിന് സമാനമായ കൈവിരലുകളും നഖങ്ങളും സ്വന്തമാക്കാമെന്നു പറയുകയാണ് രണ്ട് പ്രമുഖ നെയിൽ ആർട്ടിസ്റ്റുകൾ. നെയിൽ ആർട്ടിൽ ഇപ്പോൾ പേസ്റ്റൽ നിറങ്ങളുടെ വസന്തകാലമാണെന്നാണ് അവർ പറയുന്നത്.
സെലിബ്രിറ്റി നെയിൽ ആർട്ടിസ്റ്റ് ടോം ബാച്ചിക് അടുത്തിടെ അമേരിക്കൻ ഗായിക സെലീന ഗോമസിനായി ഒരു മാനിക്യൂർ ചെയ്തിരുന്നു. സെലീനയുടെ ലാവെൻഡർ മിൽക്ക് നെയിൽസ് ആരാധകരുടെ മനം കവർന്നതോടെയാണ് വസന്തകാല നെയിൽ ആർട്ടുകളിൽ ഇനി വരാൻ പോകുന്നത് പർപ്പിൾ വസന്തമാണെന്ന് സെലിബ്രിറ്റി നെയിൽ ആർട്ടിസ്റ്റുകൾ ഉറപ്പിച്ചത്.
സ്ട്രോബെറി മിൽക്ക്, ബ്ലൂബെറി മിൽക്ക് നെയിൽസ് മുൻപ് തരംഗം സൃഷ്ടിച്ചതുപോലെ ലാവൻഡറും ഫാഷൻ പ്രേമികളുടെ ഹൃദയം കീഴടക്കുന്ന പ്രവണതയാണ് കാണുന്നതെന്നും വസന്തകാലത്തിന് അനുയോജ്യമായ ലാവൻഡർ നിറം ഒരേ സമയം നഖങ്ങൾക്ക് മികച്ച ലുക്കും ഊർജസ്വലതയും സമ്മാനിക്കുമെന്നും അവർ പറയുന്നു.
‘‘ലാവെൻഡർ, മിന്റ് ഗ്രീൻ, പീച്ച്, ബേബി ബ്ലൂസ് തുടങ്ങിയ മൃദുവായ ലൈറ്റ് ഷേഡുകളും നെയിൽ ആർട്ടിസ്റ്റുകളുടെ പ്രിയപ്പെട്ട നിറങ്ങളാണ്. ഫ്ലോറൽ, ഫ്രഞ്ച് മാനിക്യൂർ എന്നിവയ്ക്ക് ഇണങ്ങുന്നതും വായുസഞ്ചാരമുള്ളതും നല്ല വൈബ് നൽകുന്നതും പേസ്റ്റൽ നിറങ്ങളാണ്’’.- സെലിബ്രിറ്റി നെയിൽ ആർട്ടിസ്റ്റ് എല്ലെ ഗെർസ്റ്റീൻ പറയുന്നു.
വീട്ടിൽത്തന്നെ ലാവൻഡർ മിൽക്ക് നെയിൽ ആർട്ട് ചെയ്യാം. ആദ്യമായി, നിങ്ങൾക്കിഷ്ടമുള്ള ലാവെൻഡർ നിറമുള്ള പോളിഷ് തിരഞ്ഞെടുക്കുക. സെലീന ഗോമസിന്റെ നെയിൽ ലുക്കിനോട് ഏറ്റവും അടുത്തു നിൽക്കുന്ന നിറമായി നെയിൽ ആർട്ടിസ്റ്റുകൾ നിർദേശിക്കുന്നത് ഗോ ഗിൻസയിലെ എസ്സി നെയിൽ പോളിഷാണ്.
ലാവൻഡർ മിൽക്ക് നെയിൽ ആർട്ട് വീട്ടിലിരുന്നു ചെയ്യാൻ ഗെർസ്റ്റൈൻ നൽകുന്ന നിർദേശങ്ങളിങ്ങനെ: ആൻറി ബാക്ടീരിയൽ സോപ്പ് ഉപയോഗിച്ച് നഖങ്ങൾ ഉരച്ചു കഴുകുക. ശേഷം നഖങ്ങൾ ഉണങ്ങാൻ അനുവദിക്കുക, തുടർന്ന് ഐസോപ്രോപൈൽ ആൽക്കഹോൾ ഉപയോഗിച്ച് നഖം വൃത്തിയാക്കുക. ഇത് നഖത്തിലെ പൊടിയും അവശിഷ്ടങ്ങളും നീക്കം ചെയ്യുകയും നിങ്ങളുടെ നഖങ്ങൾക്കു ശരിയായ പിഎച്ച് ലെവൽ നൽകുകയും ചെയ്യും. നെയിൽ പോളിഷ് ഇടും മുൻപ് ഒരു ബേസ് കോട്ടും ശേഷം ഹൈ-ഗ്ലോസ് ടോപ്പ് കോട്ടും അണിയാൻ മറക്കരുത്. പോളിഷിന്റെ നിറം തിരഞ്ഞെടുക്കുന്നത് നിങ്ങളുടെ നഖങ്ങളുടെ ദീർഘായുസ്സിനെ ഒരു തരത്തിലും ബാധിക്കില്ല. എന്നിരുന്നാലും, നിങ്ങളുടെ ലാവെൻഡർ പോളിഷ് മങ്ങുന്നതായി നിങ്ങൾക്ക് തോന്നിയാൽ ഇത് തടയാൻ നിങ്ങൾക്ക് ഒരു യുവി ടോപ്പ് കോട്ട് ഉപയോഗിക്കാം.