വീട്ടിലെ ടിവി പണപ്പെട്ടിയാകും; വിസ്മയമാകാൻ ‘ഉടൻ പണം’ വീണ്ടും
Mail This Article
റിയാലിറ്റി ഷോകളുടെയും ടെലിവിഷൻ ചോദ്യോത്തര പരിപാടികളുടെയും സങ്കൽപം തന്നെ മാറ്റിമറിച്ച് ആഘോഷപൂരമായി പെയ്തിറങ്ങിയ മഴവിൽ മനോരമയിലെ ‘ഉടൻ പണം’ വീണ്ടുമെത്തുന്നു. മാറിയ സാമൂഹ്യ സാഹചര്യങ്ങൾക്കനുസരിച്ചുള്ള അടിമുടി പരിഷ്കരണവും ഒട്ടനവധി പുതുമകളുമായാണ് ‘ഉടൻ പണം സീസൺ 3’ എത്തുന്നത്.
സാമൂഹ്യ അകലം പാലിക്കൽ പുതിയ സുരക്ഷാ മന്ത്രമായി മാറിയിരിക്കുന്ന മഹാമാരിയുടെ കാലത്ത് മത്സരാർഥികൾക്ക് അവരവരുടെ വീട്ടിൽ തന്നെ കഴിഞ്ഞുകൊണ്ട് മത്സരത്തിൽ പങ്കെടുക്കാനാവുമെന്നതാണ് 'ഉടൻ പണം സീസൺ 3' യുടെ പ്രധാന സവിശേഷത. ഒപ്പം മത്സരാർത്ഥികളെ പോലെ പ്രേക്ഷകർക്കും ക്യാഷ് പ്രൈസും മറ്റു സമ്മാനങ്ങളും നേടാനുള്ള സുവര്‍ണാവസരവും. ചുരുക്കത്തിൽ നിങ്ങളുടെ വീട്ടിലെ ടി.വി. ഒരു എ.ടി.എം ആയി മാറുകയാണ്.
പൊതു വിജ്ഞാന പ്രദമായ ഏതാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട ജോലി മാത്രമേയുള്ളു ഓരോ വ്യക്തിക്കും. പകരമായി നിങ്ങളുടെ സ്വന്തം ടെലിവിഷൻ ഒരു പണപ്പെട്ടിയായി മാറുന്ന പുതു അനുഭവമാണ് കാത്തിരിക്കുന്നത്. വിഡിയോ കോൺഫറൻസ് സംവിധാനം ഉപയോഗിച്ചാവും ഈ പുത്തൻ അവതരണ രീതിയിൽ അവതാരകർ എ.ടി.എമ്മിനോടും മത്സരാർത്ഥികളോടും സംവദിക്കുക. പൂർണ്ണ സുരക്ഷിതത്വം, പൂർണ്ണമായ വിനോദം എന്ന നിലപാടിലൂന്നിയാണ് മഴവിൽ മനോരമ പ്രേക്ഷകർക്ക് സമ്പൂർണ്ണ ആനന്ദം പകരാനുള്ള ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങുന്നത്.
English Summary : Udan Panam Season 3