ADVERTISEMENT

ആളുകളെ ചിരിപ്പിച്ച് സ്വന്തമായി കയ്യടി വാങ്ങുന്നതിനൊപ്പം കൊല്ലം ഭാഷയ്ക്കു കൂടി കയ്യടി നേടിക്കൊടുത്തവരാണ് പട്ടാഴി ചെളിക്കുഴി സ്വദേശികളായ സഞ്ജു, ലക്ഷ്മി ദമ്പതിമാർ. ടിക് ടോക് വിഡിയോകളിലൂടെയാണ് ഇവരുടെ തുടക്കം. ഇപ്പോൾ യുട്യൂബിലും ഫെയ്സ്ബുക്കിലുമൊക്കെ തരംഗമാണ് ഇവരുടെ തമാശ വിഡിയോകൾ. കൊല്ലം ഭാഷയുടെ രസകരമായ ഉപയോഗമാണ് സഞ്ജുവിനെയും ലക്ഷ്മിയെയും ശ്രദ്ധേയരാക്കിയത്. ഇപ്പോൾ ഡയലോഗുകൾ കൊല്ലം ഭാഷയിലേക്കു മാറ്റാൻ വേണ്ടി സിനിമാപ്രവർത്തകരും ഇവരുടെ സഹായം തേടാറുണ്ട്. കൊല്ലം  ഭാഷയുടെ ചില പ്രത്യേകതകളെക്കുറിച്ച് സഞ്ജുവും ലക്ഷ്മിയും പറയുന്നു.

ഭാഷയിലെ ‘വയലൻസ്’

വഴിയിൽക്കൂടി നടന്നുപോകുന്ന ഒരാളോട് കൊല്ലംകാർ വിശേഷം ചോദിക്കുന്നത് ഇങ്ങനെയായിരിക്കും – ‘നീ എവിടെപ്പോയെടാ ചെറുക്കാ, എന്തോ കാര്യത്തിനാ പോയത്. വളരെ സ്നേഹത്തോടെയാണ് ഇങ്ങനെ ചോദിക്കുന്നതെങ്കിലും കേൾക്കുന്നത് മറ്റൊരു ജില്ലക്കാരനാണെങ്കിൽ ചിലപ്പോൾ പേടിച്ചു പോകും.

സഞ്ജുവും ലക്ഷ്മിയും ചേർന്നു തയാറാക്കിയ ഒരു സ്ക്രിപ്റ്റിൽ കറവക്കാരനും പശുവും തമ്മിലുള്ള ‘സ്നേഹസംഭാഷണം’ ഇങ്ങനെ – ‘കുറുന്തളിക്കാതെ അടങ്ങി നിന്നോ. മനുഷ്യനെ മെനക്കെടുത്താൻ രാവിലെ തുടങ്ങിക്കോളും’. അഹങ്കരിക്കുക എന്നതിന്റെ പ്രാദേശിക വകഭേദമാണ് കുറുന്തളിക്കൽ. 

sanju-lakshmi-1

രണ്ടുസംഘങ്ങൾ അടികൂടുന്നതാണ് അടുത്ത സീൻ‍. അടി കൊടുക്കുന്നവർ പറയും ‘കാച്ചിലം പീച്ചിലം അങ്ങു തീർക്കെടാ’. അടിച്ചു തകർത്തേക്കാനാണ് നിർദേശം. അടി കിട്ടിയവൻ പിന്നീട് പറയുന്നത് ഇങ്ങനെയായിരിക്കും – ‘അറഞ്ചം പുറഞ്ചം വാങ്ങിച്ചു കൂട്ടി’.

പറച്ചിലിലെ കയറ്റും ഇറക്കവും

ജില്ലയിലെ കിഴക്കൻ മേഖലകളിൽ ഉപയോഗിക്കുന്ന ഭാഷയാണ് സഞ്ജുവിന്റെയും ലക്ഷമിയുടെയും വിഡിയോകളിൽ നിറയുന്നത്. ‘മേലോട്ടു പോയിട്ട് ഇടത്തോട്ട് തിരിഞ്ഞാൽ’ എന്ന് പറയുമ്പോൾ ഉദ്ദേശിക്കുന്നത്, മരിച്ച് മുകളിൽ ചെന്നാലും വളവുംതിരിവും ഉണ്ടെന്നല്ല. ഉയർച്ച– താഴ്ചയുള്ള പ്രദേശങ്ങൾ കൂടുതലുള്ളതിനാൽ വഴി പറയാനാണ് മേലോട്ട്, താഴോട്ട് എന്നീ പ്രയോഗങ്ങൾ. എന്നാൽ ജില്ലയുടെ തീരമേഖലകളിൽ വടക്കോട്ട്, കിഴക്കോട്ട് എന്നിങ്ങനെ ദിക്കാണ് കൂടുതലും പറയുക. 

‘ചെത്തിപ്പറിച്ച മുറ്റത്തു നീ കേറിപ്പോകരുത്’  എന്നത് നാട്ടിലെ  ശൈലിയാണ്. എന്തോ വൃത്തികേടായിക്കിടക്കുന്ന മുറ്റമാണെന്ന് പലരും കരുതും. പുല്ല് ചെത്തി വൃത്തിയാക്കി ഇട്ടിരിക്കുന്ന മുറ്റം എന്നാണ് ഉദ്ദേശിക്കുന്നത്. 

നല്ലപ്പോഴും വരാറുണ്ടന്നും പറഞ്ഞാൽ നല്ല സമയത്തെന്നല്ല, അപൂർവമായി മാത്രമേ വരാറുള്ളൂ എന്നാണ്. അവിടെ, ഇവിടെ എന്നൊക്കെ പറഞ്ഞാൽ ഒരു ഭംഗിയില്ലാത്തതുകൊണ്ട് ദാണ്ടേ, ദോണ്ടേ എന്നൊക്കെയാണ് ഉപയോഗിക്കുക. 

കൊല്ലത്തിന്റെ സ്വന്തം ‘എടേ’

ഭക്ഷണത്തിൽ സ്നേഹം ചേർ‍ക്കുന്നതു പോലെയാണ് കൊല്ലംകാർ ഒരോ വാക്കിനൊപ്പവും എടേ ചേർക്കുന്നത്. എടേ കൂട്ടി വിളിച്ചാൽ അടുപ്പം കൂടും.

എന്തുവാടെ, എന്തിനെടെ, എവിടെപ്പോയെടേ എന്നിങ്ങനെ മലയാളം വാക്കുകൾക്കൊപ്പം മാത്രമല്ല, അവിടെ ബ്ലോക്കാടേ, സംഭവം സീരിയസ്സാടേ എന്നിങ്ങനെ ഏതു ഭാഷയുടെ കൂടെയും എടേ ചേർക്കാം. പ്രായത്തിനു മൂത്തവരെ കൊച്ചാട്ടാ, ഇച്ചായീ എന്നൊക്കെ വിളിക്കുന്ന രീതിയും കൊല്ലത്തും സമീപ ജില്ലകളിലുമുണ്ട്.

‘എന്തുവാ ഇത്’എന്ന ഡയലോഗാണ് ലക്ഷ്മിയെ ഏറ്റവും പ്രശ്സ്തയാക്കിയത്. വാട്സാപ് സ്റ്റിക്കറുകളായും മറ്റും അതു ലോകമെങ്ങും പ്രചരിക്കുന്നുണ്ട്. വാട്ട് ഈസ് ദിസ് എന്ന ഇംഗ്ലിഷ്  പ്രയോഗത്തിന്റെ അതേ വികാരം ഉൾക്കൊണ്ട് മലയാളീകരിച്ചാൽ ‘എന്തുവാാാ... ഇത്’ എന്നു തന്നെ പറയേണ്ടി വരുമെന്നാണ്  സഞ്ജുവിന്റെയും ലക്ഷ്മിയുടെയും വാദം.

English Summary : Sanju and lekshmy on kollam dialect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com