‘രാം ജന്മഭൂമി എഡിഷൻ’ വാച്ച് ധരിച്ച് സൽമാൻ ഖാൻ, ഡയലിൽ രാമനും ഹനുമാനും; വില 34 ലക്ഷം രൂപ!

Mail This Article
സിനിമ തിരഞ്ഞെടുക്കുന്നതിലായാലും ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തിലായാലും സൽമാൻ ഖാൻ ആളൊരു പുലിയാണ്. പുതിയ ചിത്രമായ സിക്കന്ദറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം സൽമാൻ ചില ചിത്രങ്ങൾ പങ്കുവച്ചിരുന്നു. പക്ഷേ, സിനിമയുടെ വിശേഷങ്ങളറിയാൻ കാത്തിരുന്ന ആരാധകർ ഞെട്ടിയത് സൽമാൻഖാന്റെ കൈയിലെ വാച്ച് കണ്ടപ്പോഴാണ്. 34 ലക്ഷം രൂപ വിലമതിക്കുന്ന ജേക്കബ് & കോ എപ്പിക് എക്സ് രാം ജന്മഭൂമി ടൈറ്റാനിയം എഡിഷൻ 2 വാച്ചായിരുന്നു അത്. ഈതോസ് വെബ്സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് ജേക്കബ് & കോ എപ്പിക് എക്സ് റാം ജന്മഭൂമി എഡിഷൻ 2 ഈതോസ് വാച്ചസുമായി സഹകരിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
ഈതോസ് ഈ വാച്ചിനെക്കുറിച്ച് വർണിച്ചിരിക്കുന്നതിങ്ങനെ - "ആകർഷണീയമായ രൂപകൽപ്പന കൊണ്ടു മാത്രമല്ല ഈ വാച്ച് വേറിട്ടു നിൽക്കുന്നത്. രാമജന്മഭൂമിയുടെ സാംസ്കാരികവും ആത്മീയവുമായ സത്തയെ പ്രതിഫലിപ്പിക്കുന്ന അതുല്യമായ കൊത്തുപണികളും ഈ വാച്ചിനെ വ്യത്യസ്തമാക്കുന്നു. രാമജന്മഭൂമിയുമായും ഇന്ത്യൻ ചരിത്രത്തിലെ അതിന്റെ പ്രാധാന്യവുമായും ബന്ധപ്പെട്ട ഘടകങ്ങൾ പ്രദർശിപ്പിക്കുന്ന സങ്കീർണ്ണമായ കൊത്തുപണികളാൽ സമൃദ്ധമാണ് ഈ ലിമിറ്റഡ് എഡിഷൻ വാച്ചിന്റെ ബോക്സ് പോലും.
രാമജന്മഭൂമിയുടെ ചരിത്രപരമായ പ്രാധാന്യത്തെ വെളിവാക്കുന്ന തരത്തിൽ വാച്ചിന്റെ ഡയലിൽ രാമജന്മഭൂമി ക്ഷേത്രത്തിന്റെ വിശദമായ കൊത്തുപണികൾ വളരെ സൂക്ഷ്മമായി ചെയ്തിട്ടുണ്ട്. കൂടാതെ, ഡയലിലും ബെസലിലും ഹിന്ദു ദൈവങ്ങളുടെ ലിഖിതങ്ങളുണ്ട്. ചരിത്രത്തെ ആദരിക്കുന്നതിനോടൊപ്പം ആധുനീകതയെയും സമന്വയിപ്പിച്ച് എപ്പിക് എക്സ് ശേഖരത്തിനെ ആകർഷകമായി അവതരിപ്പിച്ചിട്ടുണ്ട്. കൊത്തുപണികളിലെ വിശദാംശങ്ങളുടെ നിലവാരം ജേക്കബ് & കോയുടെ കൃത്യതയെ പ്രതിഫലിപ്പിക്കുന്നു."

44 എംഎം കെയ്‌സുള്ള ഈ മാനുവൽ വാച്ചിൽ ഓറഞ്ച് റബർ സ്ട്രാപ്പും സഫയർ ക്രിസ്റ്റൽ ഗ്ലാസുമുണ്ട്. ഇത് ഒരു ലിമിറ്റഡ് എഡിഷൻ വാച്ചാണ്. വാച്ച് ബ്രാൻഡിന്റെ ഇന്ത്യാ ശേഖരത്തിന്റെ ഭാഗമാണ് രാമജന്മഭൂമി വാച്ച്. ഇന്ത്യൻ പൈതൃകത്തെ ആദരിക്കുന്നതിന്റെ ഭാഗമായി എപ്പിക് എക്സ് ഇന്ത്യ എഡിഷൻ ഇന്ത്യയിലെ നാലു പ്രധാന സ്മാരകങ്ങളായ താജ് മഹൽ, ഇന്ത്യാ ഗേറ്റ്, ഗേറ്റ്‌വേ ഓഫ് ഇന്ത്യ, കുത്തബ് മിനാർ ഇവയെ അനുസ്മരിപ്പിക്കുന്ന 2ഡി ടൈറ്റാനിയം ഡിസൈനുകൾ കൂടി പുറത്തിറക്കിയിട്ടുണ്ട്.
രാജ്യത്തിന്റെ സാംസ്കാരിക പൈതൃകവും ചരിത്രപരമായ പ്രാധാന്യവും സംയോജിപ്പിച്ച് രണ്ട് എക്സ്ക്ലൂസീവ് രാമജന്മഭൂമി എഡിഷനുകളാണ് കമ്പനി പുറത്തിറക്കിയിട്ടുള്ളത്. 2024 ഒക്ടോബർ 24 നാണ് ജേക്കബ് ആൻഡ് കോ അവരുടെ ഗേറ്റ് വേ ഓഫ് ഇന്ത്യ വാച്ചിനു പകരം രാമജന്മഭൂമി കലക്ഷൻ അവതരിപ്പിച്ചത്.