ADVERTISEMENT

ആപ്പിളിന്റെ വയര്‍ലെസ് ഇയര്‍ബഡ്‌സ് സീരിസിലേക്ക് പുതിയ അംഗംമായ എയര്‍പോഡ്‌സ് 4 മോഡലിന്റെ ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍ (എഎന്‍സി) വിസ്മയിപ്പിക്കുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങള്‍. എയര്‍പോഡ്‌സ്, എയര്‍പോഡ്‌സ് പ്രോ എന്നീ രണ്ട് ശ്രേണികളിലാണ് ആപ്പിള്‍ പുറത്തിറക്കിയത്. നാളിതുവരെ പ്രോ മോഡലില്‍ മാത്രം ഒതുക്കി നിറുത്തിയിരുന്നതാണ് ആക്ടിവ് നോയിസ് ക്യാന്‍സലേഷന്‍.

എഎന്‍സിക്കു പുറമെ, ആപ്പിളിന്റെ വോയിസ് അസിസ്റ്റന്റിന്റെ സഹായത്തോടെ ഒരു ഫോണ്‍ കോള്‍ സ്വീകരിക്കാനോ കട്ടുചെയ്യാനോ ഉള്ള ശേഷി, അഡാപ്റ്റീവ് ഓഡിയോ, വോയസ് ഐസലേഷന്‍ തുടങ്ങി പല ഫീച്ചറുകളും പേറിയാണ് എയര്‍പോഡ്‌സ് 4 എത്തുന്നത്. എയര്‍പോഡ്‌സ് പ്രോ 2ന് മികവു നൽകുന്ന എ2 പ്രൊസസര്‍ തന്നെയാണ് പുതിയ എയര്‍പോഡ്‌സ് 4ലും ഉള്ളത്.

Apple-AirPods-hero

പ്രോ മോഡലിന്റെ രൂപകല്‍പനാ രീതി വ്യത്യസ്തമാണ്. എന്നാല്‍, ചിലരെങ്കിലും എയര്‍പോഡ്‌സ് 4ന്റെ ഓപ്പണ്‍ ഫിറ്റ് രീതി ഉപയോഗിക്കാന്‍ താൽപര്യപ്പെടുന്നവരുണ്ടാകും. ആപ്പിള്‍ പാര്‍ക്കിലെ ഏറെ ശബ്ദമുള്ള സാഹചര്യത്തിൽ താന്‍ എയര്‍പോഡ്‌സ് 4 ഉപയോഗിച്ചു പാട്ടു കേള്‍ക്കാന്‍ ശ്രമിച്ചുവെന്നും, ഇത് ടെസ്റ്റ് ചെയ്യാന്‍ ഏറ്റവും പറ്റിയ അന്തരീക്ഷമായിരുന്നുവത് എന്നും എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടര്‍ ബിലി സ്റ്റീല്‍ പറയുന്നു.

എഎന്‍സി പ്രവര്‍ത്തിപ്പിച്ചപ്പോൾ പുറമെയുള്ള ശബ്ദങ്ങളെയൊക്കെ ഏകദേശം പൂര്‍ണ്ണമായി തന്നെ കട്ട് ആയതായി ബിലി സാക്ഷ്യപ്പെടുത്തുന്നു. എഎന്‍സിയുടെ മികവ് തന്നെ അദ്ഭുതപ്പെടുത്തിയെന്നു ബിലി കുറിക്കുന്നു. എന്നാല്‍ എയര്‍പോഡ്‌സ് 4 പൂര്‍ണമായും തന്റെ ചെവിക്ക് 'സീലു വയ്ക്കുന്നില്ലെന്നും' ബിലി പറയുന്നു.

എയര്‍പോഡ്‌സ് പ്രോയോട് കിടപിടിക്കത്തക്ക ട്രാന്‍സ്പരന്‍സി മോഡ് അല്ല എയര്‍പോഡ്‌സ് 4ല്‍ ഉള്ളത്. അതിന് സ്വാഭാവികത പോര. തങ്ങള്‍ ഇന്നേവരെ ഇറക്കിയിരിക്കുന്നതിലേക്കും വച്ച് ഏറ്റവും നന്നായി ചെവിയില്‍ ഫിറ്റ് ആകുന്ന എയര്‍പോഡ്‌സാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നതെന്ന് ആപ്പിള്‍. എയര്‍പോഡ്‌സിനൊപ്പം ഏറ്റവും ചെറിയ ചാര്‍ജിങ് കേസ് എയര്‍പോഡ്‌സ് 4ന് ഒപ്പം ലഭിക്കും. യുഎസ്ബി-സി ചാര്‍ജിങ് ആണ്.

airpods4 - 1

എയര്‍പോഡ്‌സ് 4ല്‍ ഏറ്റവും ശ്രദ്ധേയം സമ്പൂര്‍ണമായി മാറ്റിയെഴുതിയ അകോസ്റ്റിക് ആര്‍ക്കിടെക്ചര്‍ ആണ്. ലോ ഡിസ്‌റ്റോര്‍ഷന്‍ ഡ്രൈവര്‍, ഹൈ ഡൈനാമിക് റേഞ്ച് അംപ്ലിഫയര്‍ എന്നിവയും ഉണ്ട്. സിറിക്ക് ഹെഡ് ജെസ്ചറുകള്‍ ഉപയോഗിച്ച കമാന്‍ഡ് നല്‍കാം. കുറഞ്ഞ വയര്‍ലെസ് ലേറ്റന്‍സി, ഗെയിം കളിക്കുമ്പോള്‍ ശബ്ദമികവും ലഭിക്കുന്നു.

പുതിയ മൈക്രോഫോണുകളും, നൂതന കംപ്യൂട്ടേഷണല്‍ ഓഡിയോയും എയര്‍പോഡ്‌സ് 4യുടെ പ്രകടനം മുന്‍ തലമുറയിലെ മോഡലുകളെക്കാള്‍ വേറിട്ടതാക്കുന്നു. അഡാപ്റ്റിവ് ഓഡിയോ മോഡില്‍, ട്രാന്‍സ്പരന്‍സി മോഡും, എഎന്‍സിയും ഉചിതമായി പ്രവര്‍ത്തിപ്പിക്കാം.

എയര്‍പോഡ്‌സ് 4ന്റെ നിര്‍മാണത്തിനായി അത്യാധൂനിക മോഡലിങ് ടൂളുകളാണ് ആപ്പിള്‍ ഉപയോഗിച്ചത്. ഉദാഹരണത്തിന് 3ഡി ഫോട്ടോഗ്രാമെട്രി (photogrammetry), ലേസര്‍ ടോപൊഗ്രാഫി തുടങ്ങിയവ പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് ചെവികളുടെ ആകാരം വിശകലനം നടത്തിയിരുന്നു. അങ്ങനെ ഉരുത്തിരിച്ചെടുത്ത ഈ ഒറ്റ ഷേപ് ഉപയോഗിക്കുമ്പോള്‍ ഒട്ടു മിക്ക ആളുകള്‍ക്കും അനുയോജ്യമായ രീതിയില്‍ എയര്‍പോഡ്‌സ് 4 അണിയാം.

പൊടി, വിയര്‍പ്പ്, വെള്ളം തുടങ്ങിയവയില്‍ നിന്ന് സ്വയം സംരക്ഷിക്കാനും എയര്‍പോഡ്‌സ് 4ന് സാധിക്കും. എയര്‍പോഡ്‌സ് (പ്രോ അല്ലാത്ത) ശ്രേണിയില്‍നിന്ന് ഇന്നേവരെ ശ്രവിക്കാനായിരിക്കുന്നതിലേക്കും വച്ച് മികച്ച ഓഡിയോ പ്രക്ഷേപണം ചെയ്യാന്‍ കെല്‍പ്പുള്ളതായിരിക്കും എയര്‍പോഡ്‌സ് 4 എന്നാണ് വിലയിരുത്തല്‍.

English Summary:

Discover the impressive noise cancellation capabilities of the new AirPods 4!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com