ഈ അച്ഛനെയും മകളെയും ട്രംപ് ഭയക്കുന്നു; വാവെയ് വിലക്കിനു പിന്നിലെ രഹസ്യങ്ങള്...

Mail This Article
രാജ്യാന്തര ടെലികോം വ്യവസായ രംഗത്തെ പ്രമുഖരാണ് വാവെയ് മേധാവി റെൻ സെങ്ഹീഫിയും അവരുടെ മകൾ മെങ് വാൻസൂവും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവരെ കുറിച്ചാണ് ടെക് ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്നത്. ആദ്യം മെങ് വാൻസൂവിനെ അറസ്റ്റ് ചെയ്ത അമേരിക്ക തൊട്ടുപിന്നാലെ വാവെയ് കമ്പനിക്ക് വിലക്കേർപ്പെടുത്തി. ലോക ടെക് വിപണിയിൽ വാവെയ് കമ്പനിയെ ഒറ്റപ്പെടുത്തി നിശ്ചലമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉറക്കം കെടുത്തിയ ആ രണ്ടു പേരെ കുറിച്ചാണ് രാജ്യാന്തര മാധ്യമങ്ങളെല്ലാം ചർച്ച ചെയ്യുന്നത്.
ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങളും സ്മാർട്ഫോണുകളും നിർമിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ വാവെയുടെ (huawei) ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെങ് വാൻസൂവിന്റെ അറസ്റ്റിനു പിന്നിലും അമേരിക്കൻ പ്രസിഡന്റ് ട്രംപ് തന്നെയായിരുന്നു. ഹോങ്കോങ്ങിൽ നിന്ന് മെക്സിക്കോയിലേക്കു പുറപ്പെട്ട മെങ് യാത്രാമധ്യേ കാനഡയിലെ വാൻകുവറിലിറങ്ങി. വിമാനത്താവളത്തിൽ തുടർയാത്രയ്ക്കുള്ള ഫ്ളൈറ്റ് കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് കനേഡിയൻ പൊലീസ് സംഘമെത്തി അമേരിക്കയിൽ നിന്നുള്ള വാറന്റ് കാട്ടി അവരെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്. ജാമ്യം കിട്ടുന്നതുവരെ പതിനൊന്നു ദിവസം അവർക്കു തടങ്കലിൽ കഴിയേണ്ടിവന്നു. ഇതോടെയാണ് അമേരിക്കയും ചൈനയും തമ്മിൽ നടന്നുവരുന്ന വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക് കടന്നത്.
റെൻ സെങ്ഹീഫി (വാവെയ് മേധാവി)
വാവെയ് കമ്പനിയുടെ മേധാവിയാണ് റെൻ സെങ്ഹീഫി. സ്മാര്‍ട് ഫോൺ വിപണി അടക്കിഭരിക്കുന്ന സ്ഥാപനത്തിന്റെ സിഇഒ മെങ് വാൻസൂവിന്റെ പിതാവ്. റെൻ സെങ്ഹീഫിയുടെ ആസ്തി 320 കോടി ഡോളറാണ് (ഏകദേശം 22312 കോടി രൂപ).
ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം മെങ് വാൻസൂവിന്റെ പിതാവ്, വാവെയ് കമ്പനിയുടെ മേധാവി മൂന്നു കല്യാണം കഴിച്ചിട്ടുണ്ടെന്നാണ്. ഇതിലെല്ലാം മക്കളുമുണ്ട്. എന്നാൽ മാധ്യമങ്ങൾക്ക് മുന്നിലേക്ക് ഇവരാരും വരാറില്ല. 1944 ലാണ് റെൻ സെങ്ഹീഫി ജനിക്കുന്നത്. ചൈനയിൽ സാംസ്കാരിക വിപ്ലവം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് വാവെയ് മേധാവിയായ റെൻ സെങ്ഹീഫിയുടെ ജനനം. സെങ്ഹീഫി എന്നാണ് പേര്. റെൻ സർനെയിമുമാണ്.
പാവപ്പെട്ട കുടുംബത്തിലാണ് വാവെയ് മേധാവി ജനിക്കുന്നത്. കുഞ്ഞുനാളിൽ പലപ്പോഴും പട്ടിണി കിടന്നിട്ടുണ്ടെന്ന് റെൻ സെങ്ഹീഫി തന്നെ പറഞ്ഞിട്ടുണ്ട്. 2015 ൽ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ റെൻ സെങ്ഹീഫി തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെ കുറിച്ച് പറയുന്നുണ്ട്. അന്ന് ഞങ്ങൾക്ക് പാചകം ചെയ്യാൻ ഉപ്പുണ്ടായിരുന്നു, ഇതിനാൽ ഞങ്ങളെ ധനികരായി പരിഗണിച്ചു – തമാശയായി ഒരിക്കൽ അദ്ദേഹം പറഞ്ഞു. ആദ്യ കാലങ്ങളിൽ സമയത്തിനു ഭക്ഷണം കിട്ടാതെ തെരുവിൽ അലഞ്ഞു നടന്നിരുന്ന സെങ്ഫീഫിയാണ് ഇന്ന് ലോകം അറിയുന്ന വാവെയ് കമ്പനിയുടെ മേധാവി.
മുപ്പതാം വയസ്സിൽ റെൻ സെങ്ഹീഫി ചൈനീസ് സേനയുടെ ഭാഗമായി. എൻജിനീയറായാണ് സേനയിൽ ചേർന്നത്. ചൈനീസ് സർക്കാരുമായും സേനയുമായുമുള്ള വാവെയ് ബന്ധങ്ങളെ ഇപ്പോഴും ചോദ്യം ചെയ്യപ്പെടാറുണ്ട്. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ വാവെയ് കമ്പനിയെ ഭയക്കാനും ഇതാണ് കാരണം. എന്നാൽ ചൈനീസ് സർക്കാർ ഒരിക്കൽ പോലും മറ്റു രാജ്യങ്ങളുടെയോ രാജ്യത്തെ ജനങ്ങളുടെയോ രഹസ്യം ചോർത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റെൻ സെങ്ഹീഫി എപ്പോഴും പറയുന്നത്.
സൈന്യത്തിൽ ചേർന്ന സമയത്താണ് റെൻ സെങ്ഹീഫി ആദ്യ വിവാഹം കഴിക്കുന്നത്. മെങ് ജുൻ എന്ന ആദ്യ ഭാര്യയിലെ മകളാണ് വാവെയ് സിഎഫ്ഒ മെങ് വാൻസൂ. മെങ് വാൻസൂവിനെ സബ്രീന അല്ലെങ്കിൽ കാത്തി മെങ് എന്നും അറിയപ്പെടുന്നുണ്ട്. ചെറുപ്പത്തില്‍ പഠനത്തിലും ബിസിനസിലും കഴിവു തെളിയിച്ച മെങ് വാൻസൂ അതിവേഗമാണ് വാവെയ് സിഎഫ്ഒ ആയി സ്ഥാനമേറ്റത്.
1983 ലാണ് റെൻ സെങ്ഹീഫി സൈന്യത്തിൽ നിന്ന് രാജിവെക്കുന്നത്. തുടർന്ന് 1987 ൽ വാവെയ് കമ്പനിക്ക് തുടക്കമിട്ടു. വാവെയ് തുടങ്ങി 12 വർഷത്തിനു ശേഷമാണ് മൊബൈൽ നിർമാണ മേഖലയിലെ ശക്തരായ ആപ്പിൾ വരുന്നത്. വാവെയ് ഇന്ന് ചൈനയിലെ ഏറ്റവും വലിയ ഇലക്ട്രോണിക് ബ്രാൻഡ് കമ്പനിയാണ്. കണക്കുകൾ പ്രകാരം റെൻ സെങ്ഹീഫിയുടെ ഇപ്പോഴത്തെ ആസ്തി 330 കോടി ഡോളറാണ്.
ആപ്പിളിനെ കീഴടക്കിയ വാവെയ്
അടുത്ത കാലത്താണ് വാവെയ് ആപ്പിളിനെ കടത്തിവെട്ടി സ്മാർട്ഫോൺ നിർമാണത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയത്. ഇനി വാവെയ് ലക്ഷ്യം ദക്ഷിണ കൊറിയയിലെ സാംസങ്ങിനെ കീഴടക്കുക എന്നതാണ്. എന്നാൽ ആ ലക്ഷ്യം ഇനി അത്ര എളുപ്പമല്ലെന്നാണ് കഴിഞ്ഞ ദിവസം വാവെയ് മേധാവി തന്നെ പറഞ്ഞത്. ഭാവി പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നവരിൽ ഒരാളായിരുന്നു നാൽപ്പത്താറുകാരിയായ മെങ് വാൻസൂ. അവരെയാണ് അമേരിക്ക ആദ്യം തടങ്കലിലാക്കിയത്.
ചൈനയിലെ ഷെൻസൻ ആസ്ഥാനമായി 1987 മുതൽ പ്രവർത്തിച്ചുവരുന്ന കമ്പനിയാണ് വാവെയ്. റെൻ സെങ്ഫെയുടെ മൂത്തമകളായ മെങ് വാൻസൂവിന് കമ്പനിയിൽ 2018 മാർച്ചിൽ ഡപ്യൂട്ടി ചെയർപേഴ്സൺ എന്ന സ്ഥാനവും ലഭിച്ചു. സമീപ ഭാവിയിൽ കമ്പനിയുടെ മേധാവിയാകാനുള്ള സാധ്യതയുണ്ട്. എന്നാൽ അറസ്റ്റ് ചെയ്തതോടെ എല്ലാം പ്രതിസന്ധിയിലായി. ശരിക്കും പറഞ്ഞാൽ, അമേരിക്കയിലെ സ്മാർട് ഫോൺ വിപണി ഒന്നടങ്കം വാവെയ് പിടിച്ചടക്കുമെന്ന് വരെ അധികാരികൾ ഭയന്നിരുന്നു.
എന്താണ് മെങ് വാൻസൂ ചെയ്ത തെറ്റ്?
ഇറാനെതിരായ യുഎസ് ഉപരോധം ലംഘിച്ചുകൊണ്ട് അമേരിക്കൻ ടെലികോം ഉൽപന്ന ഘടകങ്ങൾ ഇറാനു മറിച്ചുവിറ്റുവെന്നതാണ് മെങ്ങിനെതിരായ കേസ്. അതിന്റെ വിചാരണയ്ക്കായി അവരെ തങ്ങൾക്കു കൈമാറണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. അതു സംബന്ധിച്ച തീരുമാനമുണ്ടാകാൻ പക്ഷേ കുറേ സമയമെടുക്കും. അമേരിക്കയിലെ കോടതി കുറ്റവാളിയായി വിധിച്ചാൽ പരമാവധി 30 വർഷമാണ്രേത ജയിൽശിക്ഷ. അങ്ങനെ വന്നാൽ മെങ് വാൻസൂവിന്റെ വാവെയ് മേധാവി സ്ഥാനം പ്രതിസന്ധിയിലാകും. ലോകോത്തര കമ്പനികളായ ആപ്പിൾ, സാംസങ് എന്നിവയ്ക്ക് തലവേദനയായ കമ്പനിയെ പിടിച്ചുകെട്ടാനുള്ള നീക്കമായിരുന്നു ഈ അറസ്റ്റും കമ്പനി വിലക്കുമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
എന്നാൽ, ഇറാൻ ഉപരോധം മാത്രമല്ല ഇതിന്റെ പിന്നിലെന്നാണ് അനുമാനിക്കപ്പെടുന്നത്. യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ രൂക്ഷതയും സങ്കീർണതയും ഇതിൽ പ്രതിഫലിക്കുന്നുണ്ട്. വാവെയ് കമ്പനിക്കു ചൈനീസ് ഭരണകൂടവുമായും സൈന്യവുമായും ബന്ധമുണ്ടെന്നും അവരുടെ ചാരപ്പണിക്കു കമ്പനി സൗകര്യം ചെയ്തു കൊടുക്കുകയാണെന്നുമുള്ള ആരോപണവും ഇതിനോടു ചേർത്തുവായിക്കപ്പെടേണ്ടതുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും വാവെയ് വിൽക്കുന്ന ടെലികോം നെറ്റ്‌വർക്കിങ് ഉപകരണങ്ങളിലും മൊബൈൽ ഫോണുകളിലും അതിനുള്ള സംവിധാനങ്ങൾ ഒളിപ്പിച്ചുവയ്ക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. കമ്പനിയുടെ സ്ഥാപകനായ റെൻ സെങ്ഫീ മുൻപ് ചൈനീസ് സൈന്യത്തിലെ എൻജിനീയറായിരുന്നു. വാവെയ്ക്കു ചൈനീസ് സർക്കാരുമായും സൈന്യവുമായും ബന്ധമുണ്ടെന്നതിനു തെളിവായി പലരും ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഒരു ബന്ധവുമില്ലെന്നു വാവെയും ചൈനീസ് സർക്കാരും സൈന്യവും ആണയിട്ടു പറയുന്നു.