ADVERTISEMENT

ആപ്പിള്‍  സെപ്റ്റംബര്‍ 12ന് നടത്താനിരിക്കുന്ന ഇവന്റിന് പങ്കെടുക്കണമെന്നറിയിച്ചു ക്ഷണക്കത്തുകള്‍ കൈമാറി തുടങ്ങി. ആപ്പിൾ സീരിസ് 9, ആപ്പിൾ വാച്ച് ആൾട്രാ 2 എന്നിവയ്ക്കൊപ്പം ഐഫോണ്‍ 15 സീരിസും പുറത്തിറക്കുമെന്ന കാര്യം ടെക് ലോകം ഉറപ്പിച്ച മട്ടാണ്. നീലയും, സ്വര്‍ണ്ണ നിറവും ഉള്‍ക്കൊള്ളിച്ച ആപ്പിള്‍ ലോഗോ ഉള്ള ക്ഷണക്കത്തില്‍ 'വണ്ടര്‍ലസ്റ്റ്' എന്ന് ആലേഖനം ചെയ്തിട്ടുമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 10.30ന് ആയിരിക്കും ഇവന്റ് ആരംഭിക്കുക.

10 മടങ്ങ് സൂമുള്ള ക്യാമറയുമായി ഐഫോണ്‍ 15 അള്‍ട്രാ

സെപ്റ്റംബര്‍ 12ന് താരമാകാന്‍ പോകുന്നത് ഐഫോണ്‍ 15 അള്‍ട്രാ എന്നൊരു മോഡലായിരിക്കുമെന്നാണ് സംസാരം. ഐഫോണ്‍ 15 പ്രോ മാക്‌സ് എന്ന പേരില്‍ ഇറങ്ങിയേക്കാമായിരുന്ന ഫോണിനായിരിക്കും അൾട്രാ എന്ന നാമകരണം ലഭിക്കുക എന്നും പറയപ്പെടുന്നു. ചരിത്രത്തിലാദ്യമായി ഐഫോണിന് 10 മടങ്ങ് ടെലി റീച്ചുള്ള ലെന്‍സും കിട്ടിയേക്കുമെന്നും കരുതുന്നവരുണ്ട്. യുഎസ്ബി-സി പോര്‍ട്ട്, ആക്ഷന്‍ ബട്ടണ്‍ തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്നത്. ഐഫോണ്‍ 15 പ്രോ മാക്‌സ് അല്ലെങ്കില്‍ ഐഫോണ്‍ 15 അള്‍ട്രാ എന്ന മോഡലിന് 2 ലക്ഷം രൂപയിലേറെ വില വരുന്ന വേരിയന്റുകളും കണ്ടേക്കുമെന്നും കരുതപ്പെടുന്നു. 

അടുത്ത തലമുറ ഐപാഡ് പ്രോയ്ക്ക് എം3 ചിപ്പിന്റെ കരുത്ത്

ഫോട്ടോ, വിഡിയോ എഡിറ്റിങ് അടക്കമുള്ള കാര്യങ്ങള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ കെല്‍പ്പുള്ളതായിരിക്കും ആപ്പിള്‍ അടുത്തതായി പുറത്തിറക്കാന്‍ പോകുന്ന ഐപാഡ് പ്രോ മോഡല്‍ എന്ന് സംസാരം. അടുത്ത തലമുറ മാകുകള്‍ക്ക് കരുത്തുപകരാന്‍ പോകുന്ന എം3 പ്രൊസസറുകള്‍ ആയിരിക്കും ഐപാഡ് പ്രോ മോഡലുകളിലും ഉണ്ടാകുക. ഈ വര്‍ഷം അവസാനമായിരിക്കും എം3 പ്രൊസസര്‍ പുറത്തിറക്കുക. ഇത് ടിഎസ്എംസിയുടെ 3എന്‍എം ടെക്‌നോളജി ഉപയോഗിച്ച് ഫാബ്രിക്കേറ്റ് ചെയ്തതായിരിക്കും. കൂടാതെ, ഓലെഡ് സ്‌ക്രീനും പ്രീമിയം ഐപാഡുകള്‍ക്ക് ലഭിച്ചേക്കുമെന്നാണ് ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇപ്പോഴത്തെ മുന്തിയ ഐപാഡുകള്‍ക്ക് മിനി എല്‍ഇഡി സ്‌ക്രീനുകളാണ് നല്‍കിയിരിക്കുന്നത്. ഇതിനെക്കാള്‍ കളര്‍ കൃത്യതയുള്ളവയായിരിക്കുംഇനി പ്രതീക്ഷിക്കുന്ന ഓലെഡ് സ്‌ക്രീനുകള്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത ശ്രേണിയിലെ തുടക്ക വേരിയന്റിന് 11-ഇഞ്ച് സ്‌ക്രീന്‍ ആയിരിക്കും ഉണ്ടായിരിക്കുക. അതേസമയം, 13-ഇഞ്ച് വലിപ്പമുളള സ്‌ക്രീനുമായി ആയിരിക്കും രണ്ടാമത്തെ വേരിയന്റ് ഇറങ്ങുക. 

 

ബിസിനസുകാര്‍ക്കായി ചാറ്റ്ജിപിറ്റി എന്റര്‍പ്രൈസ്

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

ലോകത്തെ അത്ഭുതപ്പെടുത്തിയ എഐ സേര്‍ച്ച് സാങ്കേതികവിദ്യയായ ചാറ്റ്ജിപിറ്റി ബിസിനസ് സംരംഭകര്‍ക്കായി പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചു. തൊഴിലിടങ്ങളിൽ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാനാകുന്ന ഈ സംവിധാനം ഓഗസ്റ്റ് 28നാണ് പരിചയപ്പെടുത്തിയത്. കോഡിങ്, ഡേറ്റാ വിശകലനം തുടങ്ങി പല കാര്യങ്ങളും കമ്പനികള്‍ക്ക് എത്തിച്ചുകൊടുക്കുക എന്ന ഉദ്ദേശമാണ് ഇതിന്. ഇത് കൂടുതല്‍ സുരക്ഷിതവും, സ്വകാര്യവും, കാര്യക്ഷമമായിരിക്കുമെന്നും, ജിപിറ്റി-4ന്റെ കരുത്തു പേറുമെന്നും കമ്പനി പറയുന്നു. ഇതില്‍ നടത്തുന്ന ഇടപെടലുകള്‍ പൂര്‍ണ്ണമായും എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്നും ചാറ്റ്ജിപിറ്റിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐ അവകാശപ്പെട്ടു. 

എക്‌സ് കീഴോട്ട്, ട്വിറ്റര്‍ ലൈറ്റിന്റെ ഡൗണ്‍ലോഡ് 350 മടങ്ങ് വര്‍ദ്ധിച്ചു

ഇലോണ്‍ മസ്‌ക്ട്വിറ്ററിന്റെ പേര് എക്‌സ് എന്നാക്കി മാറ്റിയിരുന്നല്ലോ പക്ഷേ ഈ പേരുമാറ്റല്‍ തീരുമാനം പല ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കും അത്ര ഇഷ്ടമായില്ലേ?, കാരണം ആപ് സ്റ്റോറുകളിലെ എക്‌സ് ആപ്പിന്റെ ഡൗണ്‍ലോഡ് കുറഞ്ഞു. സെന്‍സര്‍ ടവര്‍ പുറത്തുവിട്ട കണക്കു പ്രകാരം, എക്‌സ് ഉപയോക്താക്കളുടെ എണ്ണത്തില്‍ 4 ശതമാനം ഇടിവ് ഉണ്ടായി. ആപ് ഡൗണ്‍ലോഡിന്റെ കാര്യമാണെങ്കില്‍ റാങ്ക് കുറഞ്ഞു 36ല്‍ എത്തി. അതേസമയം, 'ട്വിറ്റര്‍ ലൈറ്റ്' ആപ് പേരുമാറ്റാതെ മസ്‌ക് ഇപ്പോഴും നിലനിര്‍ത്തിയിട്ടുണ്ട്. അതിന്റെ ഡൗണ്‍ലോഡ് മുന്‍ മാസത്തെ അപേക്ഷിച്ച് 350 മടങ്ങ് വര്‍ദ്ധിച്ചു എന്നും ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡോള്‍ബി അറ്റ്‌മോസ് ഫ്‌ളെക്‌സ്‌കണക്ട്

വീട്ടിലിരുന്ന് സിനിമ കാണുമ്പോള്‍ തിയേറ്ററിലെ  ശബ്ദാനുഭവമില്ലെന്ന പരിഭവം മാറ്റാനാണ് പുതിയ ഓഡിയോ സാങ്കേതികവിദ്യയായ ഡോള്‍ബി അറ്റ്‌മോസ് ഫ്‌ളെക്‌സ്‌കണക്ട് എത്താന്‍ പോകന്നതെന്ന് റിപ്പോര്‍ട്ട്. ടിവിയും അതുമായി പെയര്‍ ചെയ്തു പ്രവര്‍ത്തിപ്പിക്കുന്ന ഓഡിയോ സിസ്റ്റവും കേന്ദ്രീകരിച്ചാണ്, കൂടുതല്‍ മനോഹരമായ ശ്രവണാനുഭവം ഡോള്‍ബി കൊണ്ടുവരുന്നത്. 

ഇപ്പോഴുള്ള പല സ്പീക്കര്‍ സിസ്റ്റങ്ങളും മുറിയില്‍ ഓരോ പ്രത്യേക ഇടങ്ങളില്‍ വച്ചാല്‍ മാത്രമായിരിക്കും സ്വരാനുഭവത്തിന് വേണ്ട പ്രഭാവം സൃഷ്ടിക്കാനാകുകയെങ്കില്‍, അറ്റ്‌മോസ് ഫ്‌ളെക്‌സ്‌കണക്ട് അടങ്ങിയ സ്പീക്കര്‍ എവിടെ വച്ചാലും അത് ഫലവത്തായിരിക്കുമെന്ന് ഡോള്‍ബി അവകാശപ്പെടുന്നു.  പുതിയ സാങ്കേതികവിദ്യ വരുന്നതോടെ ഹോം തിയറ്റര്‍ സൗണ്ട്ബാര്‍, എവി റീസിവറുകള്‍ അവയുമായി കണക്ടു ചെയ്യാന്‍ വേണ്ട എച്ഡിഎംഐ കേബിളുകള്‍ തുടങ്ങിയവയും വേണ്ടാതായേക്കും എന്നും കരുതുന്നു.

ഡോള്‍ബിയുടെ ഇടപെടല്‍ ഇത് ആദ്യമല്ല

വീട്ടിലിരുന്ന് സിനിമയും മറ്റും കാണുമ്പോള്‍ കിട്ടേണ്ട ശ്രാവ്യാനുഭവം മെച്ചപ്പെടുത്താന്‍ ഡോള്‍ബി ആദ്യം ഇടപെടുന്നത് 1982ലാണ് എന്ന് പോക്കറ്റ്-ലിന്റ്. എന്നാല്‍ ഇപ്പോള്‍ ലഭ്യമായ സാങ്കേതികവിദ്യകളില്‍ നന്ന് പലമടങ്ങ് ഗുണകരമായേക്കാം ഫെള്ക്‌സികണക്ട്എന്നാണ് വിലയിരുത്തല്‍. ഡോള്‍ബി അറ്റ്‌മോസില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സ്‌പേഷ്യല്‍ ഓഡിയോ ഫോര്‍മാറ്റിനു മേലാണ് പുതിയ ഇനി മാറ്റം കൊണ്ടുവരിക. 

360ഡിഗ്രി സൗണ്ട്‌ സ്കെയ്പ് ആയി പരിവര്‍ത്തനം ചെയ്യും. ടിവിയുമായി കണക്ടു ചെയ്തിരിക്കുന്ന സ്പീക്കറുകള്‍മുറിയില്‍ എവിടെ വച്ചാലും അവയ്ക്ക് 'ബുദ്ധിപൂര്‍വ്വം' സ്വരമുതിര്‍ക്കാനുള്ള കഴിവാണ് പുതിയ സാങ്കേതികവിദ്യയില്‍ എത്തുക. ഇതോടെ ഓരോ സ്പീക്കറും എവിടെയിരിക്കണം എന്ന് ആലോചിച്ചു സമയം കളയേണ്ടി വരില്ല. മുറിയുടെ വലിപ്പവും പ്രശ്‌നമായിരിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 

അപ്പോള്‍ ഇതെങ്ങനെ പ്രവര്‍ത്തിക്കും?

ഡോള്‍ബി അറ്റ്‌മോസ് ഫ്‌ളെക്‌സ്‌കണക്ട് ഇപ്പോഴുള്ള ടിവികളും സ്പീക്കറുകളും സപ്പോര്‍ട്ട് ചെയ്യുന്നില്ല. ഡോള്‍ബിയുടെ അകോസ്റ്റിക് മാപിങ് സാങ്കേതികവിദ്യ, അതുമായി പൊരുത്തമുള്ള ഇനി ഇറങ്ങാന്‍ പോകുന്ന ടിവികളിലെ മൈക്രോഫോണുകളെ കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. മുറിയിലെ ഫ്‌ളെക്‌സികണക്ട് ഉള്‍ക്കൊള്ളുന്ന സ്പീക്കറുകളില്‍ സ്വരം എത്തിക്കുമ്പോഴാണ് പുതിയ അനുഭവം ലഭിക്കുക. 

അറ്റ്‌മോസ് അനുഭവത്തെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുകയാണ് ഡോള്‍ബി. ഒരു 360-ഡിഗ്രി സൗണ്ട്‌സ്‌കെയ്പിലേക്ക് അറ്റ്‌മോസ് സാങ്കേതികവിദ്യയെ പറിച്ചുനടുകയാണ് ഡോള്‍ബി. ഇതിന്റെ ഗുണം വേണമെങ്കില്‍ പുതിയ ടെക്‌നോളജി ഉള്‍ക്കൊള്ളിച്ചു നിര്‍മ്മിച്ച ടിവികളും സ്പീക്കറുകളും വേണം എന്നതൊഴിച്ചാല്‍, സ്പീക്കര്‍ സെറ്റ്-അപ് ലളിതമാക്കിയിരിക്കുകയാണ് ഡോള്‍ബി. 

ഏതു ടിവിയിലാണ് ഇതു ലഭിക്കുക?

ടിസിഎല്‍ കമ്പനി 2024ല്‍ ഇറക്കാന്‍ പോകുന്ന അറ്റ്‌മോസ് ഉള്‍ക്കൊള്ളിച്ച മോഡലുകളിലാണ് പുതിയ സാങ്കേതികവിദ്യ ആദ്യം എത്തുക എന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന. മീഡിയടെക് പെന്റോണിക് പ്രൊസസറായിരിക്കും ഈ ടിവികള്‍ക്ക്. മറ്റു ടിവി നിര്‍മ്മാതാക്കളുംഡോള്‍ബി അറ്റ്‌മോസ് ഫ്‌ളെക്‌സ്‌കണക്ട് ഉള്‍ക്കൊള്ളിക്കാതിരിക്കാന്‍ സാധ്യതയില്ല. എന്തായാലും, ബെര്‍ലിനില്‍ നടക്കാന്‍ പോകുന്ന ട്രേഡ് ഷോ ആയ ഐഎഫ്എ 2023യില്‍ ഇതേപ്പറ്റിയൊക്കെ കൂടുതല്‍ വ്യക്തത വരും എന്നു കരുതുന്നു.

English Summary:Apple officially announces iPhone 15 event: ‘Wonderlust.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com