2005 മുതൽ നീണ്ട 17 വർഷമായി (ചെറിയ ഇടവേളകളിലൊഴിച്ച്) ബീഹാറിലെ മുഖ്യമന്ത്രിയാണ് നിതീഷ് കുമാർ. (ജനനം: 1 മാർച്ച് 1951) 1990 മുതൽ പതിനഞ്ച് വർഷം നീണ്ട ആർ.ജെ.ഡിയുടെ കാട്ടുഭരണത്തിൽ നിന്ന് (ജംഗിൾ രാജ്) ബീഹാറിനെ മോചിപ്പിച്ച് 2005 മുതൽ വികസനത്തിൻ്റെ പാതയിലൂടെ ബീഹാറിനെ നയിക്കുന്ന കഴിവുറ്റ ഭരണാധികാരിയായാണ് നിതീഷ് കുമാർ ദേശീയ രാഷ്ട്രീയത്തിൽ അറിയപ്പെടുന്നത്. 2005 മുതൽ ബീഹാറിൽ മാറ്റത്തിൻ്റെ കൊടുങ്കാറ്റായിരുന്നു നിതീഷ് കുമാർ. അടിസ്ഥാന സൗകര്യ വികസനത്തിലൂന്നിയ പ്രവർത്തന ശൈലി നിതീഷിനെ ഏറെ ജനപ്രിയനാക്കി. ഗ്രാമങ്ങളിൽ വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ വികസനം എന്നിവയിലൂടെ ബീഹാറിനെ മുന്നോട്ട് നയിച്ചു. 2016-ൽ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കി. ക്രിമിനലുകളെ അമർച്ച ചെയ്ത് സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ ഇല്ലാതാക്കി. ഭരണതലത്തിൽ സ്ത്രീ ശാക്തീകരണം നടപ്പിലാക്കി.