ADVERTISEMENT

ആഫ്രിക്ക, പേരു കേൾക്കുമ്പോൾത്തന്നെ തീർത്തും വ്യത്യസ്തമായ ചിന്തകളാണ് ഓരോരുത്തർക്കുമുണ്ടാവുക. ആഫ്രിക്കയിൽ പോകുന്നവർ പറയുന്ന ഒരു കാര്യം ഏറ്റവും നന്നായി സഞ്ചാരികളെ ചേർത്ത് നിർത്തുന്ന നാടാണ് എന്നതാണ്. ആഫ്രിക്കയിലെ കെനിയ ഏറ്റവും കൂടുതൽ സഞ്ചാരികൾ പോകുന്ന ഒരു ടൂറിസ്റ്റ് സ്‌പോട്ടുമാണ്. 

africa-trip3
Image courtesy: Nithin

കെനിയയിലെ മസായ് മാര നാഷനൽ പാർക്കാണ് ഏറ്റവും നല്ല ഉദാഹരണം. മസായ് എന്ന ഗോത്ര വിഭാഗം പാർക്കുന്ന സ്ഥലമായതുകൊണ്ടാണ് ഇതിനു മസായ് മാര എന്ന് പേരു വന്നതെന്ന് പറയപ്പെടുന്നു. ആഫ്രിക്കയിലെ ഏറ്റവും കാനന ഭംഗിയുള്ള ഒരിടമെന്ന നിലയിൽ ഇവിടേയ്ക്ക് വന്നെത്താൻ സഞ്ചാരികൾക്കിഷ്ടമാണ്. കണ്ണൂർ സ്വദേശിയും പ്രവാസിയുമായ നിതിൻ അദ്ദേഹത്തിന്റെ മസായ് മാര അനുഭവങ്ങൾ പങ്കുവയ്ക്കുന്നു.

masai-mara1
Image courtesy: Nithin

മസായിമാര ദൂരത്താണ്

ദുബായിൽനിന്ന് അഞ്ചു ദിവസത്തെ ട്രിപ്പായിരുന്നു കെനിയയ്ക്ക് പ്ലാൻ ചെയ്തത്. മസായി മാരയാണ് അവിടുത്തെ പ്രധാന ആകർഷണം. ആഫ്രിക്ക എന്ന ഭൂഖണ്ഡം കാണുക, ഇന്ത്യൻ മഹാ സമുദ്രത്തിനു മുകളിലൂടെ പറക്കുക, ഇതൊക്കെ വലിയ സന്തോഷങ്ങളാണ്. മസായി മാര പ്രശസ്തമായ കെനിയൻ നാഷനൽ പാർക്കാണ്. ഏറ്റവും വലിയ പ്രശ്നം മസായി മാരയുടെ അടുത്ത് എയർപോർട്ടുകളൊന്നുമില്ല എന്നതാണ്. അതുകൊണ്ടുതന്നെ ഇവിടെ എത്തുക അത്ര എളുപ്പമല്ല. ഏറ്റവും അടുത്തുള്ള എയർപോർട്ട് നെയ്‌റോബിയാണ്. 

africa-trip4
Image courtesy: Nithin

കെനിയയുടെ തലസ്ഥാനമാണ് നെയ്‌റോബി. ഇവിടെനിന്ന് അഞ്ച് മണിക്കൂർ യാത്രയുണ്ട് മസായി മാരായിലേക്ക്. ഇവിടുത്തെ നാഷനൽ പാർക്ക് വൈകുന്നേരം ആറു മണി വരെയേ ഉള്ളൂ, അപ്പോൾ നെയ്‌റോബിയിൽ ഉച്ചയ്ക്കു മുൻപ് ചെന്നാൽ മാത്രമേ അടയ്ക്കുന്നതിന് മുൻപ് മസായിമാരായിൽ എത്താൻ സാധിക്കൂ. അല്ലെങ്കിൽ അന്നവിടെ നിന്നതിനു ശേഷം അടുത്ത ദിവസം രാവിലെ യാത്ര ചെയ്യേണ്ടി വരും. ആഫ്രിക്കയുടെ ഒരു പ്രധാന പ്രശ്നം തന്നെ ഇത്തരത്തിൽ ചില ഇടങ്ങളിലേക്കുള്ള യാത്രാസൗകര്യങ്ങളുടെ കുറവാണ്. 

africa-trip1
Image courtesy: Nithin

കാടിനുള്ളിലെ താമസം...

കാടിനാൽ ചുറ്റപ്പെട്ട ഒരിടമാണ് മസായ് മാര. ചുറ്റും നോക്കിയാൽ, വന്നെത്തി നോക്കുന്ന മൃഗങ്ങളെ കാണാം. എന്നാൽ അവയോടു ഭയം തോന്നിയില്ല, എല്ലാവർക്കും കൗതുകമാണ് തോന്നിയത്. മസായിമാരയ്ക്കുള്ളിൽത്തന്നെ നിരവധി റിസോർട്ടുകളുണ്ട്, പുറത്തും നിരവധി താമസ സ്ഥലങ്ങൾ ലഭ്യമാണ്. ഞങ്ങൾ താമസിച്ചത് 1992ൽ നിർമിച്ച ഒരു റിസോർട്ടിലായിരുന്നു. ‍‍

africa-trip2
Image courtesy: Nithin

മതിൽ പോലുമില്ലാത്ത തരത്തിലാണ് അത്. ആ കാലത്താണ് ആദ്യമായി ഇത്തരം താമസ സൗകര്യങ്ങൾ സഞ്ചാരികൾക്കായി അവിടെ പണിയുന്നത്. രാത്രിയാവുമ്പോഴേക്കും സീബ്രാ ഉൾപ്പെടെയുള്ള പല മൃഗങ്ങളും നമ്മുടെ താമസ സ്ഥലത്തിന്റെ അരികിലായി വന്നു ഭക്ഷണം ആസ്വദിക്കാൻ തുടങ്ങും. അവർക്കും മനുഷ്യനെ വലിയ ഭയമുണ്ടെന്നു തോന്നിയില്ല. രാത്രി കണ്ണ് കാണാത്ത മൃഗങ്ങൾ പൊതുവെ കോട്ടേജിന്റെ വെളിച്ചം കണ്ടു വരുന്നവയാണ്. അതൊരു വല്ലാത്ത അനുഭവമാണ്. വലിയൊരു കാടിന്റെ നടുക്ക്, മൃഗങ്ങളാൽ ചുറ്റപ്പെട്ട ഒരിടത്താണ് അന്തിയുറങ്ങുന്നതെന്ന ചിന്തയിൽ ത്രില്ലടിക്കുന്ന ഒരനുഭവം. 

africa-trip20
Image courtesy: Nithin

ആഫ്രിക്കൻ ബിഗ് ഫൈവ് 

ആന, സിംഹം, പുള്ളിപ്പുലി, കാണ്ടാമൃഗം, കാട്ടുപോത്ത് എന്നിവരാണ് ബിഗ് ഫൈവ് എന്ന പേരിൽ അറിയപ്പെടുന്നത്. ആഫ്രിക്കൻ കാടിനുള്ളിൽ ഇവ അഞ്ചു പേരും സമൃദ്ധമായുണ്ട്. അതുകൊണ്ട് തന്നെ ആഫ്രിക്കയിലെ കാടുകളിൽ സന്ദര്‍ശനത്തിനെത്തുന്നവർക്ക് ബിഗ് ഫൈവ് കാഴ്ചകൾ കിട്ടുക എന്നത് ഒരു ഭാഗ്യവുമാണ്. എല്ലാ മൃഗങ്ങളെയും യാത്രയിൽ പലപ്പോഴും എല്ലാവർക്കും കാണാനായി എന്നും വരില്ല. ഞങ്ങൾക്ക് കാണ്ടാമൃഗത്തിനെയാണ് ആ യാത്രയിൽ കാണാൻ പറ്റാതെ പോയത്. കാടിനുള്ളിൽനിന്ന് അധികം പുറത്തേക്കു വരാത്ത മൃഗമാണ് കാണ്ടാമൃഗം. കാടിനുള്ളിൽ അവ ഒതുങ്ങി നിൽക്കും. ആഫ്രിക്കൻ കാണ്ടാമൃഗത്തിന് ഒറ്റക്കൊമ്പാണുള്ളത്. നമ്മുടെ നാട്ടിലെ മൃഗങ്ങൾക്ക് രണ്ടു കൊമ്പാണുള്ളത്,  എന്തായാലും ഞങ്ങൾക്ക് ആ കാഴ്ച നഷ്ടമായി. ആഫ്രിക്കൻ ആന, സിംഹം, പുള്ളിപ്പുലി, കാട്ടുപോത്ത് തുടങ്ങി നാല് കൂട്ടരെയും കണ്ടു. കൂടാതെ ആവശ്യത്തിലധികം മാനുകളും സീബ്രാ, ജിറാഫ് തുടങ്ങി മൃഗങ്ങളെയും കാണാനായി. 

africa-trip7
Image courtesy: Nithin

സിംഹം ഒരു മൃഗത്തെ വേട്ടയാടി പിടിക്കുന്നതും, ചത്ത സീബ്രയെ കഴുകന്മാർ വട്ടമിട്ടു തിന്നുന്നതും ആ യാത്രയിൽ കാണാനായി. അവിടെ എല്ലാവരും പറയാറുണ്ട്, മൃഗങ്ങളെ കാണാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണെന്ന്. 

africa-trip15
Image courtesy: Nithin

ദേശാടന മൃഗങ്ങളുടെ സമയം കൂടിയായിരുന്നു അത്. ആ മൂന്ന് മാസത്തോളം നല്ല പച്ചപ്പുല്ലു ലഭ്യമായതുകൊണ്ട് "ദ് ഗ്രെറ്റ് മൈഗ്രേഷൻ" അവിടെ പ്രധാനമാണ്. ജൂലൈ മാസത്തിലാണ് പോയതെന്നതുകൊണ്ട് ആ കാഴ്ചയും ഞങ്ങൾക്ക് ലഭ്യമായി. ടാൻസാനിയയിൽനിന്ന് മസായി മാരായിലേയ്ക്ക് ലക്ഷക്കണക്കിന് മൃഗങ്ങളാണ് സഞ്ചരിച്ചെത്തുന്നത്. ജൂലൈ മുഴുവൻ ഈ സഞ്ചാരം തുടരും. ആ സമയത്ത് ടാൻസാനിയയിൽ പച്ചപ്പുല്ലുകൾ ഇല്ലാത്തതുകൊണ്ടാണ് മാര നദി കുറുകെ കടന്നു മൃഗങ്ങൾ എത്തുന്നത്. മൂന്നു മാസം കഴിഞ്ഞാൽ അവർ തിരികെ സ്വന്തം ഇടങ്ങളിലേക്ക് മടങ്ങും. അത് കാണാൻ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. 

africa-trip12
Image courtesy: Nithin

ആഫ്രിക്കൻ സഫാരി 

ആഫ്രിക്കൻ സഫാരി എന്നത് കാട്ടിലെ യാത്രകളിൽ ഏറ്റവും പ്രശസ്തമാണ്. മൃഗങ്ങളെ ഏറ്റവും അടുത്തുനിന്ന് കാണാൻ കഴിയും എന്നതാണ് ഈ സഫാരിയുടെ പ്രത്യേകത. ആയിരത്തിലധികം കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന പാർക്കാണ് മസായി മാരയിലേത്. ഏഴു സീറ്റുള്ള വാഹനത്തിലാണ് യാത്രികരെ അവർ കാടിനുള്ളിലൂടെ കൊണ്ടുപോവുക. അങ്ങനെ പല വാഹനങ്ങളിൽ ട്രിപ്പ് പോകുന്നവരുണ്ടാകും. ഇങ്ങനെ പോകുന്നവരിൽ ഒരു വിഭാഗം എവിടെയെങ്കിലും മൃഗങ്ങളെക്കണ്ടാൽ അതിലെ ഡ്രൈവർ വയർലെസ് വഴി മറ്റുള്ള വാഹനങ്ങൾക്ക് വിവരങ്ങൾ കൊടുക്കും.

africa-trip
Image courtesy: Nithin

അതുകൊണ്ട് മറ്റുള്ളവർക്കും അവിടേക്ക് പെട്ടെന്ന് എത്തിച്ചേരാനാകും. വർഷങ്ങളായി അതിനുള്ളിൽ ജോലി ചെയ്യുന്നവരാണ് ഇവിടുത്തെ ഡ്രൈവർമാർ. അതുകൊണ്ട് ഏതൊക്കെ മൃഗങ്ങൾ ഏതൊക്കെ ഇടങ്ങളിൽ കണ്ടേക്കാം, അവയുടെ സ്വഭാവങ്ങൾ എല്ലാം അവർക്ക് നന്നായി അറിയാം. ആഫ്രിക്കൻ ആനകൾ അവിടെ ഒരുപാട് കാണാനാകും. ആറു മണിക്ക് മുൻപു തന്നെ, നമ്മളെ കൊണ്ടുപോകുന്ന വാഹനങ്ങൾ തിരികെയെത്തണം, അതുകഴിഞ്ഞാൽ വാഹനങ്ങളൊന്നും അകത്തേക്കു കയറ്റി വിടാറില്ല. 

africa-trip19
Image courtesy: Nithin

നമ്മുടെ മഴമാസക്കാലമായ ജൂൺ -ജൂലൈ ആണ് ആഫ്രിക്കയിൽ യാത്ര പോകാൻ നല്ലത്. പകൽ പരമാവധി 20 ഡിഗ്രി ആയിരിക്കും താപനില. രാത്രി വളരെ താഴും. അതുകൊണ്ട് തന്നെ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ ആവശ്യമുണ്ട്. പക്ഷെ നല്ല കാലാവസ്ഥയാണ്. 

africa-trip6
Image courtesy: Nithin

പുറത്തു നിന്ന് നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ആഫ്രിക്കയല്ല ഞങ്ങൾ കണ്ടത്. അഞ്ചു ദിവസമാണ് അവിടെയുണ്ടായത്. ദുബായിൽ നിന്നുള്ള ടൂറിസ്റ്റ് പാക്കേജ് ആണ്. മോശമായ ഒരു അനുഭവവും ഞങ്ങൾക്ക് നേരിടേണ്ടി വന്നില്ല. നല്ല മനുഷ്യരെയാണ് ഞങ്ങൾ കണ്ടതും. കൃഷിയാണ് അവിടുത്തെ പ്രധാന വരുമാന മാർഗം. കാപ്പി, ചായ തുടങ്ങി എല്ലാ തരം കൃഷികളും ഇവിടെയുണ്ട്. കിളിമഞ്ചരോ കഴിഞ്ഞാൽ ആഫ്രിക്കയിലെ ഏറ്റവും വലിയ ഇടമാണ് മൗണ്ട് കെനിയ. അത് ഒരു ടൂറിസ്റ്റ് സ്പോട്ടായി കെനിയ സൂക്ഷിക്കുന്നുണ്ട്. തോമസാൻ ഫാൾസും ഇവിടെയാണ്. ഒരുപാടു മുകളിൽനിന്നു നേരെ വന്നു വീഴുന്നത് പോലെയുള്ള ഒരു രീതിയിലാണ് ഈ വെള്ള ചാട്ടം. 

ആഫ്രിക്കയിലെ ട്രൈബൽസ്

africa-trip9
Image courtesy: Nithin

മസായ് എന്ന ഗോത്ര വിഭാഗമാണ് ഇവിടെയുള്ളത്. അവരുടെ ഗ്രാമത്തിൽ പോയി അതൊക്കെ അനുഭവിക്കാനും കഴിഞ്ഞു. അവിടെ പ്രധാനമായും മൂന്ന് ആൾക്കാരുണ്ട്, ഒരു തലവനുണ്ടാകും, പിന്നെ ഒരു വൈദ്യൻ, പിന്നീട് സ്ത്രീകൾക്ക് പ്രസവം നോക്കുന്ന ഒരു സ്ത്രീ. ഇവരാണ് ആ ഗ്രാമത്തിലെ പ്രധാനപ്പെട്ട വ്യക്തികൾ. എല്ലാ പത്ത് വർഷം കഴിയുമ്പോഴും അപ്പോൾ താമസിക്കുന്നിടത്ത് നിന്ന് അവർ താമസം മാറും. അവരുടെ സമ്പത്തായ പശുക്കളെയും കൂട്ടി മറ്റൊരു നദിയുടെ തീരത്തേക്ക് മാറും. ഏറ്റവും കൂടുതൽ പശുക്കൾ ആർക്കാണോ ഉള്ളത് അവരാണ് ധനികർ. സ്വന്തം ഗ്രാമത്തിൽ നിന്നല്ലാതെ മറ്റൊരു ഗ്രാമത്തിൽ നിന്നാണ് വിവാഹം കഴിക്കുക. മാത്രമല്ല ഇവിടെ സ്ത്രീകൾക്കാണ് പുരുഷന്മാർ ദാനമായി പശുക്കളെ നൽകുക. 

africa-trip16
Image courtesy: Nithin

വളരെ ആരോഗ്യമുള്ളവരാണ് ഇവിടുത്തെ മനുഷ്യർ. നൃത്തം വളരെ പ്രധാനമാണ്. പണ്ട് വേട്ടയാടലൊക്കെ കഴിഞ്ഞ് ആഘോഷിക്കാനായാണ് നൃത്തം ചെയ്തിരുന്നത്. പുരുഷന്മാർ ചാടിയാണ് കളിക്കുക. എത്ര ഉയരത്തിൽ ചാടുമോ അത്രയും സുന്ദരിയാവും വിവാഹം കഴിക്കുന്ന സ്ത്രീ എന്നാണ് ഇവരുടെ വിശ്വാസം. സ്ത്രീകൾ ഒരിടത്ത് നിന്നാണ് നൃത്തം ചെയ്യുക.

africa-trip10
Image courtesy: Nithin

മസായികളിൽ സ്ത്രീകളാണ് വീട് നിർമിക്കുക. അത് അവരുടെ ഉത്തരവാദിത്തമാണ്. എല്ലാ വീട്ടിലും അമ്മമാർ പെൺകുട്ടികളെ പഠിപ്പിക്കുന്നത് വീട് നിർമിക്കാനാണ്. പുരുഷന്മാർ പുറത്തു പോയി വേട്ടയാടി ഭക്ഷണം കൊണ്ടു വരും. മൃഗങ്ങളുടെ മാംസമാണ് അവരുടെ ഭക്ഷണം, പിന്നെ പശുവിന്റെ പാൽ. പശുവിന്റെ ചോര അവരുടെ ചില പ്രത്യേക ദിവസങ്ങളിലെ ഭക്ഷണമാണ്. 

africa-trip13
Image courtesy: Nithin

അത് ആ മൃഗത്തെ കൊലപ്പെടുത്തിയിട്ടല്ല എന്നതാണ് സത്യം. ഒരമ്പ് കൊണ്ട് ചോര കുത്തിയെടുത്ത ശേഷം അതിന്റെ മുറിവ് ഉണക്കിയെടുക്കും. മൃഗങ്ങളുടെ തോല് കൊണ്ടുള്ള വസ്ത്രംവും മാല, തുടങ്ങിയ ആഭരണങ്ങളഉം നിർമിച്ച് വിൽക്കുന്നതാണ് അവരുടെ പ്രധാന വരുമാന മാർഗ്ഗം. അവരുടെ ഇപ്പോഴത്തെ തലമുറയ്ക്ക് ഇംഗ്ലിഷ് അത്യാവശ്യമറിയാം. സഞ്ചാരികൾ വരാൻ തുടങ്ങിയതോടെ അതും അവരുടെ പ്രധാന വരുമാന മാർഗമായി തീർന്നിട്ടുണ്ട്. സർക്കാരും അവരെ അതിനു സഹായിക്കുന്നുണ്ട്.

English Summary: Masai Mara Travel experience by Nithin and family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com