ഈ മഞ്ഞണിഞ്ഞ മുന്തിരിത്തോട്ടങ്ങൾ മലയാളികളുടെ പ്രിയയിടം
Mail This Article
വിദേശരാജ്യങ്ങളിലെ അതിസുന്ദരമായ മുന്തിരിത്തോട്ടങ്ങളുടെ ചിത്രങ്ങളും വിഡിയോകളും കണ്ട് കണ്ണുടക്കി നിന്നിട്ടുണ്ടോ എപ്പോഴെങ്കിലും? അവിടെയൊക്കെ ഒന്നു പോയി വരാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ മുന്തിരിത്തോട്ടങ്ങള്‍ കാണാന്‍ വേറെ രാജ്യങ്ങളിലേക്കൊന്നും യാത്ര ചെയ്യേണ്ടതില്ല. നമ്മുടെ സ്വന്തം നാട്ടില്‍ത്തന്നെ അവയോട് കിടപിടിക്കുന്ന മനോഹരമായ വൈനറികള്‍ ഉള്ളപ്പോള്‍ എന്തിനു പതിനായിരക്കണക്കിന് രൂപ മുടക്കി മറ്റു രാജ്യങ്ങളിലേക്ക് വിമാനം കയറണം!
മലയാളികള്‍ക്ക് പെട്ടെന്ന് പോയി കാണാന്‍ പറ്റുന്ന ഒരു കാഴ്ചയാണ് തമിഴ്നാട്ടിലെ മധുരൈ മേഖലയുടെ പടിഞ്ഞാറു ഭാഗത്തുള്ള തേനി ജില്ലയിലെ കമ്പം വാലിയിലെ മുന്തിരിത്തോട്ടങ്ങള്‍. കേരള- തമിഴ്നാട് അതിര്‍ത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ ഭൂപ്രദേശമാണിത്. ഇവിടുത്തെ കാലാവസ്ഥയും കൃഷിക്ക് ഏറെ അനുയോജ്യമാണ്. തേക്കടി ഹിൽസ്, വരുശനാട് ഹിൽസ്, കൊടൈക്കനാൽ ഹിൽസ് എന്നിവയ്ക്കിടയിലുള്ള സ്ഥലങ്ങളാണ് ഈ താഴ്‍വരയിൽ ഉൾപ്പെടുന്നത്.
തമിഴ്നാട്ടിൽ മുന്തിരി ഉത്പാദിപ്പിക്കുന്ന ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണിത്. ഓരോ വർഷവും ഏകദേശം 90,000 ടൺ മസ്കറ്റ് മുന്തിരിയും 10,000 ടൺ തോംസൺ സീഡ്ലെസ് മുന്തിരിയും കമ്പത്തെ താഴ്വരപ്രദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്നു. മുന്തിരി മാത്രമല്ല, നെൽക്കൃഷി, പച്ചക്കറികൾ, മുന്തിരിത്തോട്ടങ്ങൾ, മാങ്ങ, മാതളനാരങ്ങ എന്നിവയെല്ലാം കൃഷിചെയ്യുന്ന വലിയ തോട്ടങ്ങളും ഇവിടെ കാണാം. രണ്ട് വർഷത്തിനുള്ളിൽ അഞ്ച് തവണ വരെ വിളവെടുക്കാൻ കഴിയുന്നത്ര ഫലഭൂയിഷ്ഠതയാണ് ഈ മണ്ണിനുള്ളത്.
കമ്പത്തെത്തുന്ന സഞ്ചാരികള്‍ക്ക് ഈ മുന്തിരിത്തോട്ടങ്ങളിലൂടെ നടക്കാനുള്ള അവസരമുണ്ട്. പുലര്‍കാലത്തെ മഞ്ഞണിഞ്ഞ മധുരമുന്തിരികളും കൃഷിയുമെല്ലാം നേരിട്ട് കാണാം. തേക്കടിയില്‍ നിന്നും വെറും ഇരുപതു കിലോമീറ്റര്‍ ഡ്രൈവ് ചെയ്താല്‍ ഇവിടെയെത്താം. അതല്ലെങ്കില്‍ തേക്കടിയില്‍ നിന്നും ഇവിടേക്ക് സര്‍വീസ് നടത്തുന്ന ജീപ്പുകളുമുണ്ട്. പെരിയാർ കടുവാ സങ്കേതത്തിനുള്ളിലൂടെയാണ് ഈ യാത്ര. തമിഴ്നാട്ടിലെ പ്രദേശങ്ങളിലേക്ക് ജലസേചനത്തിനായി മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടുപോകുന്ന കൂറ്റൻ വാട്ടര്‍ലൈനുകളും യാത്രക്കിടെ കാണാം.
മുന്തിരിത്തോട്ടങ്ങള്‍ കാണുക മാത്രമല്ല, സഞ്ചാരികള്‍ക്ക് അവിടെത്തന്നെ ഉണ്ടാക്കുന്ന നല്ല ഫ്രഷ് വൈന്‍ വാങ്ങുകയും ചെയ്യാം. ഇതിനായി നിരവധി ഷോപ്പുകളുമുണ്ട്. കൂടാതെ, ചെല്ലാർകോവിൽ വെള്ളച്ചാട്ടത്തിന്‍റെ മനോഹരമായ കാഴ്ചയും ഈ തോട്ടങ്ങളില്‍ നിന്നും ആസ്വദിക്കാം.
English Summary: The Grape Vineyards of Cumbum Valley Tamilnadu