ADVERTISEMENT

വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്‌ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ രാജകൊട്ടാരങ്ങളിലേതു പോലെ കൊത്തു പണിയും തച്ചുശാസ്ത്ര തന്ത്രവും തെളിഞ്ഞു നിൽക്കുന്ന പള്ളി വാസ്തുവിദ്യയിൽ കേരളത്തിലെ മറ്റെല്ലാ പുരാതന നിർമിതികളേയും താരതമ്യം ചെയ്യുന്നു. പഴയ കെട്ടിടങ്ങളുടെ ഭംഗിവിശേഷം ആസ്വദിക്കാൻ താൽപര്യമുള്ളവരെ കൗതുകലോകത്ത് എത്തിക്കുന്നു താഴത്തങ്ങാടി പള്ളിയിലെ കാഴ്ചകൾ.

പുത്തൻ കെട്ടിട നിർമാണ രീതിയിൽ അളന്നാൽ ഏകദേശം ആറായിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുണ്ട് താഴത്തങ്ങളാടി പള്ളിക്ക്. കൊട്ടാരങ്ങളുടെ പൂമുഖം ഡിസൈൻ ചെയ്യുന്ന രീതിയിൽ മട്ടുപ്പാവ്, മുഖപ്പ് എന്നിവയാണ് പള്ളിയുടെ മുൻഭാഗത്തെ അലങ്കാരങ്ങൾ. പ്രധാന വാതിലിന് കരിങ്കല്ലിൽ നിർമിച്ച കട്ടിളയാണ്. കേരളത്തിൽ എണ്ണൂറു വർഷം പഴക്കമുള്ള മന്ദിരങ്ങളിലാണ് കരിങ്കല്ലിൽ വാതിലിന്റെ കട്ടിള (ഫ്രെയിം) ഉള്ളത്. പ്രധാനവാതിലിന്റെ ഇടതുഭാഗത്തുള്ള വരാന്തയിലെ തൂണുകൾ ദ്രവിച്ചപ്പോൾ മരത്തിന്റെ അഴിയിട്ട് പുതുക്കി.

Thazhathangady-Juma-Masjid

കരിങ്കൽ കവാടം സ്ഥാപിച്ച മുറിയിൽ ഒറ്റക്കല്ലിൽ നിർമിച്ച വെള്ളത്തൊട്ടിയുണ്ട് (ഹൗള്). വലിയ കല്ലിന്റെ നടുഭാഗം ചതുരത്തിൽ തുരന്നെടുത്താണ് വെള്ളം നിറയ്ക്കാനുള്ള തൊട്ടി ഉണ്ടാക്കിയിട്ടുള്ളത്. ഒറ്റക്കല്ല് നീളത്തിൽ മുറിച്ചെടുത്തുണ്ടാക്കിയ പാത്തിയിലൂടെയാണ് ഹൗളിൽ വെള്ളം നിറച്ചിരുന്നത്. വെള്ളം കോരാൻ മുളങ്കമ്പിൽ കെട്ടിയ ചിരട്ട ഉപയോഗിച്ചു. കാലം മാറിയപ്പോൾ പാത്തിക്കു പകരം പൈപ്പ് സ്ഥാപിച്ചു, ചിരട്ട മാറ്റി സ്റ്റീൽ കപ്പ്. കാൽ കഴുകി വൃത്തിയാക്കിയ ശേഷം പള്ളിയിൽ പ്രവേശിക്കണമെന്നാണു ചിട്ട.

thazhathangady-juma-masjid1

ഹൗളിന്റെ അരികിൽ നിന്നു മുകളിലേക്കുള്ള ഗോവണി ഉസ്താദ് താമസിക്കുന്ന മുറിയിലേക്കാണ്. മരത്തിൽ നിർമിച്ച മേൽക്കൂരയും താഴെ നിലയിലെ ഹൗളിലെ വെള്ളവും ഉസ്താദിന്റെ കിടപ്പുമുറിയിയെ ശീതീകരിക്കുന്നു.

മുക്കൂറ്റി സാക്ഷ

പള്ളിയുടെ അകത്ത് പ്രാർഥനയ്ക്ക് ഇരിക്കാൻ രണ്ടു ഹാൾ – പുറംപള്ളി, അകംപള്ളി. ഹൗളിൽ നിന്നു വാതിൽ തുറക്കുന്നത് പുറം പള്ളിയിലേക്കാണ്. പള്ളി നിലനിൽക്കുന്ന എട്ടു തൂണുകളിൽ നാലെണ്ണം ഈ മുറിയിലുണ്ട്. തടിയിൽ അലങ്കരിച്ച മൂന്നു ചുമരുകളും പൂർണമായും തടിയിൽ നിർമിച്ച ഒരു ഭിത്തിയുമാണ് പുറംപള്ളിയുടെ ഭംഗി. പുറംപള്ളിയുടെയും അകംപള്ളിയുടെയും ഇടയിലുള്ള മരത്തിന്റെ ഭിത്തിയിൽ ആയത്ത്, ശെഅ്ഹർ, ഹദീസ് എന്നിവ ആലേഖനം ചെയ്തിരിക്കുന്നു. ‘‘നിങ്ങൾ നന്മയിലും ഭക്തിയിലും പരസ്പരം സ്നേഹിക്കുകയും സഹകരിക്കുകയും ചെയ്യുക’’ ചുമരിൽ എഴുതിയ ഖുറാൻ വാക്യം (ആയത്ത്) പറയുന്നു. ആരാധനാലയം പരിപാലിക്കുന്നവർക്കുള്ള നിർദേശമാണ് കവിതയും നബിവചനവും വിവരിക്കുന്നത്. വിദഗ്ധരായ തച്ചന്മാരുടെ കൈത്തഴക്കത്തിൽ വിടർന്ന കൊത്തുവേലയ്ക്കു നടുവിലാണ് അറബിക് അക്ഷരങ്ങളുടെ ആലേഖനം.

പുറംപള്ളിയിൽ നിന്ന് അകംപള്ളിയിലേക്കു കയറാൻ രണ്ടു വാതിൽ. ‘മുക്കൂറ്റി സാക്ഷ’യാണ് ഇതിൽ ഒരു വാതിലിന്റെ പ്രത്യേകത. ഒരുമിച്ച് അടയ്ക്കാനും ഒരോന്നായി വലിച്ചു തുറക്കാനും പറ്റുന്ന മൂന്നു സാക്ഷകൾ (മരപ്പൂട്ട്) തച്ചുശാസ്ത്രത്തിന്റെ തന്ത്രത്തിലാണ് നിർമിച്ചിട്ടുള്ളത്. ഇതിന്റെ അനുകരണമോ, ഇതുപോലെ വേറൊരെണ്ണമോ മറ്റൊരിടത്തും ഇല്ല. എടുത്തുകെട്ടിയും വാചനങ്ങളും ഘടിപ്പിച്ച് അലങ്കരിച്ച രണ്ടാമത്തെ വാതിലിന്റെ പൂട്ടിന് മണിച്ചിത്രത്താഴിന്റെ രൂപമാണ്. 

പൂര്‍ണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com