ജഡായുപ്പാറയിലെ കൂറ്റൻ പക്ഷിശിൽപം; വിശേഷങ്ങളിലേക്ക്
Mail This Article
ഒരു പാറയുടെ മുകളിൽ ഒരു ഇതിഹാസത്തിന്റെ മുദ്ര പതിപ്പിച്ചു കൊണ്ടു തീർത്ത മറ്റൊരു ഇതിഹാസം എന്നു വിശേഷിപ്പിക്കാം ജഡായുപ്പാറയിലെ കൂറ്റൻ പക്ഷിശിൽപത്തെ. ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണിത്. ദൂരെ നിന്നു നോക്കുമ്പോഴേ മാനം മുട്ടെ നിൽക്കുന്ന പ്രതിമ തിരുവനന്തപുരത്തേക്കുള്ള യാത്രയിലെ നയനസുന്ദരമായ കാഴ്ചയാണ്. പ്രശസ്ത സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചൽ രൂപകൽപന ചെയ്ത പ്രതിമ കൊല്ലം ജില്ലയിലെ ചടയമംഗലത്താണ് സ്ഥിതി ചെയ്യുന്നത്.
ജഡായു എർത്ത് സ്സെന്റർ
എംസി റോഡ് വഴിയുള്ള യാത്രയിൽ ചടയമംഗലം അടുക്കാറാകുമ്പോൾത്തന്നെ, അങ്ങു മലമുകളിൽ ചിറകറ്റു വീണ ജഡായുവിന്റെ കൂറ്റൻ ശിൽപം കാണാം. എംസി റോഡിൽ നിന്നു തന്നെയാണ് ജഡായുപ്പാറയിലേക്കുള്ള പ്രധാന കവാടം. ജഡായു എർത്ത് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക് എന്നറിയപ്പെടുന്ന പരിസ്ഥിതി ഉദ്യാനമാണിത്. വിശാലമായ പാർക്കിങ് സൗകര്യവും ജഡായുപ്പാറയുടെ മുകളിലേക്ക് പോകുവാൻ നടപ്പാതയും കേബിൾകാറുമുണ്ട്. കാൽനടയാത്ര ഇഷ്ടപ്പെടുന്നവർക്ക് മലമുകളിലേക്കു കാട്ടുവഴിയിലൂടെ നടന്നുകയറാം. രാവിലെ ഒൻപതര മുതൽ വൈകിട്ട് അഞ്ചര വരെയാണ് സന്ദർശകർക്കു പാസ് കൊടുക്കുന്നത്. കേബിൾ കാറിന് നാലു ക്യാബിനുകളാണുള്ളത്. ഒരു ക്യാബിനിൽ എട്ടു പേർക്ക് സുഖമായി ഇരുന്ന് മലയോര ഭംഗി ആസ്വദിച്ച് യാത്ര ചെയ്യാം.
ജഡായുപ്പാറയുടെ മുകളിലെത്തി താഴേക്കു നോക്കുമ്പോൾ കാണുന്ന താഴ്‌വരയുടെ കാഴ്ച അതിമനോഹരമാണ്. പുറത്തുനിന്നുള്ള ഭക്ഷണം, കുപ്പിവെള്ളം തുടങ്ങിയവയും വലിയ ബാഗുകളുമൊന്നും മലമുകളിലേക്കു കൊണ്ടുപോകാൻ അനുവാദമില്ല. ജഡായുപ്പാറയിൽ സ്നാക്സുകൾ കിട്ടുന്ന സ്റ്റാളും കഫേയുമുണ്ട്. ടോയ്‌ലറ്റ് സൗകര്യവുമുണ്ട്.
ജഡായുപ്പാറയിലെ ജഡായുപ്രതിമ
പതിനഞ്ചു വർഷത്തോളം നീണ്ട പ്രയത്നമാണ് മലമുകളിൽ ശിൽപസമുച്ചയം. ഒരു നിമിഷം മാറി നിന്നു ജഡായു പ്രതിമയുടെ ഭംഗി കണ്ടാസ്വദിച്ചതിനു ശേഷമേ പ്രതിമയുടെ അടുത്തേക്ക് പോകാൻ തോന്നൂ. പാറപ്പുറത്ത് രാമായണത്തിലെ ജഡായുവിന്റെ കഥ മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ചുവരിൽ ഒഎൻവിയുടെ കാവ്യഭംഗി തുളുമ്പുന്ന ജഡായുസ്മൃതി എന്ന കവിതയും ആലേഖനം ചെയ്തിട്ടുണ്ട്. സീതാദേവിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ രാവണന്റെ വെട്ടേറ്റു ചിറകറ്റു വീണ ജഡായുവിന് ശ്രീരാമൻ മോക്ഷം നൽകിയത് ഈ പാറയിൽ വച്ചാണെന്നാണ് ഐതീഹ്യം.
അങ്ങനെയാണ് ഈ പാറയ്ക്ക് ജഡായുപ്പാറ എന്ന പേര് വന്നത്. ജഡായുശിൽപ സമുച്ചയത്തിന് അകത്തേക്ക് ഇപ്പോൾ പ്രവേശനമില്ല. അകത്ത് പണികൾ പുരോഗമിക്കുന്നതേയുള്ളൂ. പുറത്തുള്ള കാഴ്ചകൾ മാത്രമേ ഇപ്പോൾ കാണാനാവൂ. സ്ത്രീകളുടെ സുരക്ഷയ്ക്കും സത്യസന്ധതയികികുമ വേണ്ടി ജഡായുപ്രതിമ സമർപ്പിച്ചിരിക്കുന്നു എന്ന് പ്രധാന കവാടത്തിന്റെ വലതു വശത്ത് എഴുതിയിട്ടുണ്ട്. ഒരു പക്ഷി ആയിരുന്നിട്ടും സ്ത്രീസംരക്ഷണം ധർമമായി ഏറ്റെടുത്ത ത്യാഗിയും ധീരനുമായ ജഡായുവിന് ശ്രീരാമചന്ദ്രൻ മോക്ഷം നൽകിയെന്നും അതുകൊണ്ടാണ് സ്ത്രീകൾക്കായി സമർപ്പിക്കുന്നതെന്നും എഴുതിയിട്ടുണ്ട്.
പകൽ ഇവിടെ ചൂടിന്റെ കാഠിന്യം കൂടുതലാണെങ്കിലും കാറ്റ് ചൂടു കുറയ്ക്കുന്നു. വിശാലമായ ഗാലറിയും ഇവിടുത്തെ മറ്റൊരു ആകർഷണമാണ്. ശ്രീരാമക്ഷേത്രവും ശ്രീരാമപാദവും കൊക്കരണിയുമെല്ലാം ജഡായുപ്പാറയിലെ മറ്റു കാഴ്ചകളാണ്.
കൊക്കരണി
ജഡായു പ്രതിമയുടെ പുറകിലാണ് കൊക്കരണി. ഗ്രില്ലിട്ട് അടച്ചതിനാൽ അടുത്തു ചെല്ലാനാവില്ല. ഒരു ചെറിയ കുളം എന്നു തന്നെ പറയാം. എത്ര കഠിന വേനലിലും ഇതു വറ്റില്ല. ഇതിനു പിന്നിലുള്ള ഐതീഹ്യവും ജഡായുവുമായി ബന്ധപ്പെടുത്തിയാണ്. ചിറകറ്റു വീണ ജഡായു ദാഹം തീർക്കാൻ കൊക്കു കൊണ്ട് പാറപ്പുറത്ത് ഉരസിയപ്പോൾ ജലം ഉണ്ടായി എന്നാണ് പറയുന്നത്. കൊക്കുകൊണ്ട് ഉരസിയ രീതിയിലാണ് കൊക്കരണിയുടെ ആകൃതിയും എന്നു പറയുന്നു. അതുകൊണ്ടാണ് കൊക്കരണി എന്ന പേരുമുണ്ടായത്. എന്നാൽ പണ്ടു മുതലേ പറഞ്ഞു കേട്ട മറ്റൊരു കഥയുണ്ട്. കൊക്കരണിയിലെ വെള്ളത്തിന് ചുവപ്പു നിറമാണന്നും ജഡായുവിന്റെ രക്തം വീണു ചുവന്നതാണെന്നുമാണ് കഥ.
ജഡായു കോദണ്ഡരാമക്ഷേത്രം
മൂന്നുനാലു വർഷങ്ങൾക്കു മുമ്പാണ് ഇവിടെ രാമക്ഷേത്രം പണിതത്. ജഡായുവിനു മോക്ഷം കൊടുത്ത ശ്രീരാമചന്ദ്രനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. കൂടാതെ സീതാദേവി, ലക്ഷ്മണ സ്വാമി, ഗണപതി, ദക്ഷിണാമൂർത്തി, സൂര്യദേവൻ, ജഡായു, ഹനുമാൻ സ്വാമി തുടങ്ങിയ ഉപപ്രതിഷ്ഠകളുമുണ്ട്. സ്യാമി സത്യാനന്ദ സരസ്വതി പുനഃപ്രതിഷ്ഠ നടത്തിയ ഈ ജഡായു രാമക്ഷേത്രം ഇന്നു ജഡായുപ്പാറ കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റിന്റെ കീഴിലാണ്. നിത്യപൂജകൾ നടക്കുന്ന ക്ഷേത്രമാണിത്. വാനരയൂട്ട് ഇവിടുത്തെ പ്രധാന വഴിപാടാണ്. വൈകുന്നേരങ്ങളിൽ വാനരൻമാർക്കു ചോറ് കൊടുക്കുന്നതാണ് വാനരയൂട്ട് എന്നറിയപ്പെടുന്നത്. നിരവധി വാനരൻമാരേയും ഇവിടെ കാണാം. .
സീതാന്വേഷണത്തിനായി വന്ന ശ്രീരാമന്റെ പാദമുദ്ര ഇവിടെ പതിഞ്ഞെന്നാണ് ഐതിഹ്യം. കണ്ണാടിക്കൂടിനുള്ളിൽ ശ്രീരാമപാദം സംരക്ഷിച്ചിരിക്കുന്നത്. ഇവിടെ ഒരു കെടാവിളക്കുമുണ്ട്. തിരുവിതാംകൂർ രാജകുടും ബാംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയാണ് ഈ കെടാവിളക്ക് തെളിച്ചത്. ഇവിടെ ദർശനം നടത്തുന്ന ഭക്തർ അദ്ധ്യാത്മരാമായണത്തിലെ ജഡായുസ്തുതി ചൊല്ലുന്നത് പതിവാണ്. ശ്രീരാമക്ഷേത്രത്തിലേക്കു പോകാൻ കാട്ടുവഴിയുണ്ട്. ദർശനത്തിനായി വരുന്നവർ ഈ കാനന പാതയിലൂടെയാണ് ക്ഷേത്രത്തിലെത്തുന്നത്. ശ്രീരാമക്ഷേത്രത്തിലേക്കുള്ള പടവുകളുടെ പണികൾ ആരംഭിച്ചിട്ടുണ്ട്. ജഡായുപ്പാറ കാണാൻ വരുന്നവർ ശ്രീരാമക്ഷേത്രത്തിലും ദർശനം നടത്തുന്നു.
ജഡായുപ്രതിമയും ശ്രീരാമ ക്ഷേത്രവും ശ്രീരാമപാദവും കൊക്കരണിയുമെല്ലാം ജഡായുപ്പാറയിലെ മനോഹരമായ ദൃശ്യങ്ങളാണ്. ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും സമയം പോകുന്നത് അറിയില്ല. പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കിയ ഈ സുന്ദരസൃഷ്ടിക്ക് സാക്ഷികളാവാൻ നിരവധി പേർ ഇവിടെ എത്തുന്നു. പാറയുടെ മുകളിൽ നിന്നു നോക്കിയാൽ കാണുന്ന മനോഹരമായ ദൃശ്യങ്ങൾ നമ്മുടെ കണ്ണിന്റെ മാത്രമല്ല മനസ്സിന്റേയും ഉള്ളറകളാണ് തുറപ്പിക്കുന്നത്.
ജഡായുപ്പാറയിൽ നിന്നു താഴെവന്നാൽ കുട്ടികൾക്കായി വണ്ടർ വേൾഡ് റിയാലിറ്റി എന്നൊരു ഗെയിംപാർക്കുണ്ട്. മുതിർന്നവർക്കു അഞ്ചു മിനിറ്റ് മാത്രമുള്ള 12 D റൈഡറും ഉണ്ട്. വിനോദത്തിന്റെയും കാഴ്ചയുടേയും വിസ്മയിപ്പിക്കുന്ന ഒരു ദൃശ്യവിരുന്നാണ് ജഡായു എർത്ത് സെന്റർ.
English Summary: Visit Jatayu Earth's Center